ഇംഗ്ലണ്ട്: 414/5, ദക്ഷിണാഫ്രിക്ക 72 റൺസ് ഓൾ ഔട്ട്; കാര്യവട്ടത്ത് ഇന്ത്യ നേടിയ റെക്കോർഡ് ഇനി പഴങ്കഥ!

4 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 08, 2025 07:48 PM IST

1 minute Read

 Reuters/Andrew Couldridge
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് ബോളർ, ജോഫ്ര ആർച്ചറുടെ അപ്പീൽ. ചിത്രം: Reuters/Andrew Couldridge

സതാംപ്ടൺ∙ ഏകദിന ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവുമായി ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്നാമത്തെ അവസാനത്തെയും ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 342 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. പരമ്പര 2–1ന് നേടിയെങ്കിലും അവസാന മത്സരത്തിലെ തോൽവിയോടെ നാണക്കേടിന്റെ റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ പേരിലായി.

ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റ ഇംഗ്ലണ്ട്, രണ്ടും കൽപിച്ചാണ് മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനു വിട്ടു. ഓപ്പണർമാരായ ജാമി സ്മിത്തും ബെൻ ഡക്കറ്റും ചേർന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു നൽകിയത്. 9-ാം ഓവറിൽ 31 റൺസെടുത്ത് ഡക്കറ്റ് വീണപ്പോൾ, ഇംഗ്ലണ്ട് സ്കോർ 50 പിന്നിട്ടിരുന്നു. 48 പന്തിൽ 62 റൺസ് നേടിയ സ്മിത്ത് പുറത്താകുമ്പോൾ, 16.3 ഓവറിൽ 117/2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

മികച്ച തുടക്കം മുതലെടുത്ത പരിചയസമ്പന്നനായ ജോ റൂട്ടും യുവതാരം ജേക്കബ് ബെഥേലും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബോളർമാരെ കണക്കിനു പ്രഹരിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 182 റൺസ് കൂട്ടിച്ചേർത്തു. ഏകദിനത്തെ കന്നി സെഞ്ചറി കുറിച്ച ബെഥേൽ, 82 പന്തിൽ നിന്ന് 110 റൺസ് നേടി. 96 പന്തിലാണ് റൂട്ട്, തന്റെ 19-ാം ഏകദിന സെഞ്ചറി നേടിയത്. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 3 റൺസെടുത്ത് റണ്ണൗട്ടായെങ്കിലും മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലർ 27 പന്തിൽ അർധസെഞ്ചറി തികച്ച് ഇംഗ്ലണ്ടിനെ 50 ഓവറിൽ 414 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തിച്ചു.

ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഏഴാമത്തെ 400+ ടോട്ടലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കുറിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ, ദക്ഷിണാഫ്രിക്ക 20.5 ഓവറിൽ 72 റൺസിന് ഓൾ ഔട്ടായി. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ അവരുടെ നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നാലെ 18/5 എന്ന നിലയിലേക്കും 24/6 എന്ന നിലയിലേക്കും അവർ വീണു. നാല് വിക്കറ്റുകൾ വീഴ്ത്തിയ ജോഫ്ര ആർച്ചറാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്. ആദിൽ റഷീദ് മൂന്നു വിക്കറ്റും ബ്രൈഡൺ കാർസെ രണ്ടു വിക്കറ്റും വീഴത്തി.

റൺസ് അടിസ്ഥാനത്തിൽ ഏകദിനത്തിലെ ഏറ്റവും വലിയ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 2023ൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 317 റൺസിനു തോൽപ്പിച്ച ഇന്ത്യയുടെ റെക്കോർഡാണ് ഇംഗ്ലണ്ട് പഴങ്കഥയാക്കിയത്. 2023ൽ ഡൽഹിയിൽ നടന്ന ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ ഓസ്‌ട്രേലിയ നേടിയ 309 റൺസിന്റെ വിജയമാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

English Summary:

England secured the biggest ODI triumph by runs against South Africa. The triumph highlights England's dominance successful ODI cricket and South Africa's batting collapse.

Read Entire Article