Published: July 09 , 2025 05:21 PM IST
1 minute Read
ലണ്ടൻ∙ ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പേസ് ബോളർ ജോഷ് ടോങ് മൂന്നാം ടെസ്റ്റ് കളിക്കില്ല. പകരക്കാരനായി ജോഫ്ര ആർച്ചർ ടീമിലെത്തി. തകർപ്പൻ ബാറ്റിങ് നടത്തി രണ്ടാം ടെസ്റ്റിൽ വമ്പൻ വിജയം നേടിയ ഇന്ത്യയെ പരീക്ഷിക്കുക ലക്ഷ്യമിട്ടാണ് ജോഫ്ര ആർച്ചറെ ലോർഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കളിപ്പിക്കുന്നത്. പരുക്കുകൾ തുടര്‍ക്കഥയായതോടെ 2021ന് ശേഷം ആർച്ചർ ഏകദിന, ട്വന്റി20 പരമ്പരകളിൽ മാത്രമാണു കളിച്ചിരുന്നത്.
ബർമിങ്ങാമിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആർച്ചർ ഇറങ്ങുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, താരം ടീമിനൊപ്പം ചേരാൻ വൈകിയതോടെ കളിപ്പിച്ചിരുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച താരമാണ് ആർച്ചർ. ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിൽ സസെക്സ് കൗണ്ടിയുടെ താരമാണ്. 2021 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരെയാണ് ആർച്ചർ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്.
13 ടെസ്റ്റുകൾ കളിച്ചിട്ടുള്ള താരം 42 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2019ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. രണ്ടാം ടെസ്റ്റിൽ 336 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 1–1 എന്ന നിലയിലായി.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– സാക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സ്, ജോഫ്ര ആര്‍ച്ചര്‍, ശുഐബ് ബഷീർ.
English Summary:








English (US) ·