16 June 2025, 06:34 PM IST

ഹർഷിത് റാണ | PTI
ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഇന്ത്യ എയുടെ താരമായിരുന്ന ഹര്‍ഷിത് റാണ മറ്റുതാരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയില്ലെന്നും ഇംഗ്ലണ്ടില്‍ തുടരുകയാണെന്നും റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.
ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഒരു മത്സരം മാത്രമാണ് റാണ കളിച്ചത്. ഒരു വിക്കറ്റും നേടി. പേസര്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കില്ല. ആ സാഹചര്യത്തില്‍ റാണയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് സിറാജ്. പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് തുടങ്ങിയ പേസര്‍മാര്‍ നിലവില്‍ ഇന്ത്യയുടെ സ്‌ക്വാഡിലുണ്ട്.
ജൂണ്‍ 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. തലമുറമാറ്റത്തിനൊരുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരീക്ഷണമാണ് ഇംഗ്ലണ്ട് പര്യടനം. രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുതിര്‍ന്നതാരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍ റോളിലും നാലാം നമ്പറിലും സെലക്ടർമാർക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ഇംഗ്ലണ്ട് ടീമിനെ ബെൻ സ്റ്റോക്സാണ് നയിക്കുന്നത്.
Content Highlights: india a prima to beryllium included successful amerind squad england series








English (US) ·