Published: May 16 , 2025 10:17 PM IST
1 minute Read
മുംബൈ∙ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി ക്രിക്കറ്റ് താരം കരുൺ നായരും. അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമിൽ യുവതാരം ഇഷാൻ കിഷനുമുണ്ട്. രണ്ടാം മത്സരത്തിനു മുൻപ് യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, സായ് സുദർശൻ എന്നിവരും ഇന്ത്യ എ ടീമിനൊപ്പം ചേരും. രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
മേയ് 30നാണ് പരമ്പരയിലെ ആദ്യ മത്സരം. ജൂണ്‍ ആറിന് രണ്ടാം മത്സരവും നടക്കും. കാന്റർബറിയിലും നോർത്താംപ്ടനിലുമാണ് ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരങ്ങൾ. അതിനു ശേഷം ഇന്ത്യ എ ടീം ഇന്ത്യയുടെ തന്നെ സീനിയർ ടീമിനെതിരെയും കളിക്കും. 2016ൽ നടന്ന ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചറി നേടിയ താരമാണ് കരുൺ. രഞ്ജി സീസണിൽ വിദർഭയ്ക്കായി 863 റൺസടിച്ച് ടോപ് സ്കോറർ പട്ടികയിൽ നാലാം സ്ഥാനത്തെത്തി.
ഡിവിഷൻ വണ്‍ കൗണ്ടി ചാംപ്യൻഷിപ്പിൽ നോർത്താംപ്ടൻ ടീമിനു വേണ്ടിയും കരുൺ കളിച്ചിട്ടുണ്ട്. രോഹിത് ശർമയും വിരാട് കോലിയും ഒഴിയുമ്പോൾ ടെസ്റ്റ് ടീമിൽ വരുന്ന വിടവ് നികത്താൻ കരുൺ നായരെയും അഭിമന്യു ഈശ്വരനെയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സീനിയർ ടീമിനെയും ബിസിസിഐ വൈകാതെ പ്രഖ്യാപിക്കും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീം– അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കരുൺ നായർ, ധ്രുവ് ജുറേൽ (വൈസ് ക്യാപ്റ്റൻ), നിതീഷ് റെഡ്ഡി, ഷാർദൂൽ ഠാക്കൂർ, ഇഷാൻ കിഷൻ, മാനവ് സുതർ, തനുഷ് കോട്യൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്, ഋതുരാജ് ഗെയ്ക്‌വാദ്, ഋതുരാജ് ഗെയ്ക്‌വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ.
English Summary:








English (US) ·