Published: June 03 , 2025 10:53 AM IST
1 minute Read
മുംബൈ∙ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർതാരം വിരാട് കോലിയുടെ 18–ാം നമ്പർ ജഴ്സി, ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ അംഗമായ മുകേഷ് കുമാറിന് നൽകിയതിൽ വിവാദം. സൂപ്പർതാരത്തിന്റെ ജഴ്സി നമ്പർ യുവതാരത്തിനു നൽകിയതിൽ പ്രതിഷേധവുമായി കോലിയുടെ ആരാധകർ രംഗത്തെത്തി. ആരാധകരുടെ പ്രതിഷേധം മുകേഷ് കുമാറിനെതിരായ വിദ്വേഷ പ്രചാരണമായി മാറിയതോടെ പ്രതികരണവുമായി ബിസിസിഐയും രംഗത്തെത്തി.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്രസിങ് ധോണി തുടങ്ങിയവർ വിരമിച്ചതിനു പിന്നാലെ അവരുടെ ജഴ്സികൾ പിൻവലിച്ചതുപോലെ കോലിയുടെ കാര്യത്തിലും വേണമെന്നാണ് ആരാധകരുടെ ആവശ്യം. ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടക്കുന്ന അനൗദ്യോഗിക ടെസ്റ്റിലാണ് മുകേഷ് കുമാർ 18–ാം നമ്പർ ജഴ്സി ധരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വിരാട് കോലി വിരമിക്കൽ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ 18–ാം നമ്പർ ജഴ്സി മറ്റൊരു താരത്തിനു നൽകിയത്, കോലിയോടുള്ള അനാദരവാണെന്ന് ആരാധകർ വാദിക്കുന്നു. അതേസമയം, ഇന്ത്യ എ ടീമിന്റെ മത്സരങ്ങളിൽ താരങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള ജഴ്സി നമ്പർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഔദ്യോഗിക മത്സരങ്ങളിൽ ഈ അവരുടെ ജഴ്സി നമ്പർ ഇതാകില്ലെന്നും ബിസിസിഐ വൃത്തങ്ങൾ വിശദീകരിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിലവിൽ അംഗമല്ലാത്ത മുകേഷ് കുമാറിനെ ഏതെങ്കിലും സാഹചര്യത്തിൽ ടീമിൽ ഉൾപ്പെടുത്തിയാലും, താരത്തിന്റെ ജഴ്സി നമ്പർ 18 ആയിരിക്കില്ലെന്നാണ് ബിസിസിഐ നൽകുന്ന വിശദീകരണം. മുൻ ടെസ്റ്റ് മത്സരങ്ങളിൽ മുകേഷ് കുമാറിന് അനുവദിച്ചിരുന്ന 49–ാം നമ്പർ ജഴ്സി തന്നെയാകും തുടർന്നും നൽകുകയെന്നും ബിസിസിഐ വ്യക്തമാക്കി.
അതേസമയം, ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും വിരാട് കോലി തുടർന്നും രാജ്യാന്തര ഏകദിനങ്ങളിൽ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജഴ്സി പിൻവലിക്കുന്ന പ്രശ്നം തൽക്കാലം ഉദിക്കുന്നില്ല. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെ സച്ചിന്റെ 10–ാം നമ്പർ ജഴ്സിയും ധോണിയുടെ 7–ാം നമ്പർ ജഴ്സിയും ബിസിസിഐ പിൻവലിച്ചിരുന്നു. സൂപ്പർതാരങ്ങളുടെ ജഴ്സി നമ്പർ സ്വീകരിച്ച് അനാവശ്യ സമ്മർദ്ദത്തിലേക്കു വീഴാൻ യുവതാരങ്ങൾക്കും പൊതുവെ വൈമനസ്യമുണ്ട്.
English Summary:








English (US) ·