Published: July 22 , 2025 09:45 PM IST
1 minute Read
ലണ്ടന്‍∙ ഇംഗ്ലണ്ടിന്റെ ബാറ്റിങ് കരുത്തിനെ ഇന്ത്യ ഭയപ്പെട്ടു തുടങ്ങിയതായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിനു മുൻപാണു ഇംഗ്ലണ്ട് ബാറ്ററുടെ അവകാശവാദം. ലോഡ്സ് ടെസ്റ്റ് വിജയിച്ച് പരമ്പരയിൽ 2–1ന് മുന്നിലെത്താൻ ഇംഗ്ലണ്ടിനു സാധിച്ചിരുന്നു. പരമ്പരയിലേക്ക് തിരിച്ചെത്താൻ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വിജയിക്കണം. ‘‘ആദ്യ ടെസ്റ്റിൽ 372 റൺസ് വിജയലക്ഷ്യം അടിച്ചെടുത്തപ്പോൾ ഇന്ത്യ ശരിക്കും ഭയന്നുപോയിട്ടുണ്ട്. അതുകൊണ്ടാണു രണ്ടാം ടെസ്റ്റിൽ 608 റൺസിന്റെ വമ്പൻ വിജയലക്ഷ്യം ഇന്ത്യ ഉയർത്തിയത്. ഇംഗ്ലണ്ടിനു മുന്നിൽ എത്ര വലിയ വിജയ ലക്ഷ്യം ഉയർത്തണമെന്നതിൽ ഇന്ത്യയ്ക്കു ഭയമുണ്ട്.’’– ഹാരി ബ്രൂക്ക് പ്രതികരിച്ചു.
‘‘ഇന്ത്യയുടെ ഭയം ഞങ്ങൾക്കു മനസ്സിലായി. അത് ഇംഗ്ലണ്ടിനു വലിയ ആത്മവിശ്വാസം നൽകി. ലോഡ്സിൽ 22 റൺസിനു വിജയിക്കാനുള്ള കരുത്തായതും ആ ഒരു വിശ്വാസമായിരുന്നു. മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വാലറ്റത്തെ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാതെ ഇംഗ്ലണ്ട് ബുദ്ധിമുട്ടിയ ഘട്ടമുണ്ടായിരുന്നു. അപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കാണിച്ച നിശ്ചയ ദാർഢ്യം ടീമിനെ തുണച്ചു. എല്ലാവർക്കും ത്രില്ലിങ് ആയ അനുഭവം നൽകിയ ശേഷമാണ് ഇംഗ്ലണ്ട് വിജയിച്ചത്.’’
‘‘ഇംഗ്ലണ്ട് ഇപ്പോഴും ആത്മവിശ്വാസത്തിലാണ്. അതു വരും മത്സരങ്ങളിലും ടീമിനു ഗുണമാകും. ഇന്ത്യൻ താരങ്ങളോട് ഒരുപാടു സൗഹൃദത്തോടെ പെരുമാറുന്നുവെന്ന് പരിശീലകൻ ബ്രണ്ടൻ മക്കല്ലം ഞങ്ങളോടു പരാതിയായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ സമ്മർദത്തിലാക്കി കൂട്ടത്തകർച്ചയിലേക്കു വീഴ്ത്താൻ ഇംഗ്ലണ്ടിനു കഴിഞ്ഞു. ഈ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും അവസാനിച്ചത് അവസാന ദിവസത്തെ അവസാന സെഷനിലാണ്. ഇന്ത്യയും ഇംഗ്ലണ്ടും വാശിയേറിയ കളിയാണു പുറത്തെടുത്തത്.’’– ഹാരി ബ്രൂക്ക് വ്യക്തമാക്കി.
English Summary:








English (US) ·