ഇംഗ്ലണ്ട് സമനില ആവശ്യപ്പെട്ടിട്ടും കൃത്യസമയത്തിനായി കാത്തിരുന്നു, ‘ഇടംകൈ’ കൊണ്ട് മതിൽ കെട്ടി, ഇന്ത്യയുടെ ക്ഷമനില

5 months ago 5

മനോരമ ലേഖകൻ

Published: July 28 , 2025 09:59 AM IST

2 minute Read

  • അഞ്ചാം വിക്കറ്റിൽ 203 റൺസ് നേടി ഇന്ത്യ; നാലാം ക്രിക്കറ്റ് ടെസ്റ്റിനു സമനില

  • രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടൻ സുന്ദറിനും ശുഭ്മൻ ഗില്ലിനും സെഞ്ചറി

ശുഭ്മൻ ഗിൽ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജ‍‍ഡേജ
ശുഭ്മൻ ഗിൽ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജ‍‍ഡേജ

ഒരു റൺ എടുക്കും മുൻപേ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷം 400 റൺസും കടന്ന ടീം സ്കോർ. ഇന്ത്യൻ ടെസ്റ്റ് ടീം ചരിത്രത്തിൽ അടുത്ത കാലത്തൊന്നും സംഭവിക്കാത്ത കാര്യം ഇന്നലെ നടന്നു. ഇന്ത്യ കളിച്ചും ഇംഗ്ലണ്ട് കൈ കൊടുക്കാൻ’ ശ്രമിച്ചും ഇംഗ്ലണ്ട് നാടകീയമാക്കി തീർത്ത മത്സരത്തിൽ വിജയത്തോളം പോന്ന സമനിലയാണ് ടീം ഇന്ത്യ ഓള്‍ഡ് ട്രാഫഡിൽ പിടിച്ചെടുത്തത്. പൂജ്യത്തിനു രണ്ടു വിക്കറ്റുകൾ പോയ ശേഷം ഇന്ത്യ 400 പിന്നിടുന്നത് ഏറെക്കാലത്തിനു ശേഷമാണ്. 1983 ൽ ചെന്നൈയിൽ വിൻഡീസിനെതിരെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 451 റൺസെടുത്ത് ഇന്ത്യ ഇന്നിങ്സ് ‍ഡിക്ലയർ ചെയ്തിരുന്നു. അതിനു മുൻപ് 1958ൽ കാൻപുരിൽ വിൻഡീസിനെതിരെ ഏഴിന് 443 എന്ന നിലയിലും ഇന്ത്യ ഡിക്ലയർ ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിനും വിജയത്തിനുമിടയിൽ രവീന്ദ്ര ജഡേജയുടെയും (107 നോട്ടൗട്ട്) വാഷിങ്ടൻ സുന്ദറിന്റെയും (101 നോട്ടൗട്ട്) ‘ഇടംകൈ’ കൊണ്ട് ക്ഷമയോടെ, കരുതലോടെ, അതിലേറെ സൂക്ഷ്മതയോടെ ഇന്ത്യ സമനില മതിൽകെട്ടിപ്പൊക്കുകയായിരുന്നു. ഉള്ളിൽ സമ്മർദ്ദക്കടൽ ഇരമ്പിയപ്പോഴും ഉലയാതെ ക്രീസിൽ പിടിച്ചുനിന്ന ഓൾറൗണ്ടർമാരുടെ പോരാട്ടവീര്യം പരാജയത്തിന്റെ മുനമ്പിൽനിന്ന് ഇന്ത്യയെ കരകയറ്റി. 3 ഇന്ത്യൻ സെഞ്ചറികൾ പിറന്ന 5–ാം ദിനത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 425 റൺസെടുത്തു നിൽക്കെ ഇരു ടീമുകളും ‘സമനില’ അംഗീകരിച്ച് കളി നിർത്തി. 

അവസാന ദിനമായ ഇന്നലെ സെഞ്ചറിക്ക് മുൻപ് ഓപ്പണർ കെ.എൽ.രാഹുലിനെയും (90) സെഞ്ചറിക്ക് തൊട്ടു പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും (103) നഷ്ടമായ ഇന്ത്യ തോൽവി ഭയന്നപ്പോഴാണ് അഞ്ചാം വിക്കറ്റിൽ 203 റൺസിന്റെ ചെറുത്തുനിൽപ് ഇന്ത്യയെ രക്ഷിച്ചത്. ആദ്യം ജഡേജയും 2 ഓവറുകൾക്കുശേഷം വാഷിങ്ടനും സെഞ്ചറി തികച്ചതോടെ മത്സരവും അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 311 റൺസിന്റെ ലീഡ് വഴങ്ങുകയും മറുപടി ബാറ്റിങ്ങിൽ ആദ്യ 5 പന്തുകൾക്കിടെ 2 വിക്കറ്റ് നഷ്ടമാകുകയും ചെയ്തശേഷമുള്ള ഈ തിരിച്ചുവരവ് ഇന്ത്യയ്ക്ക് വിജയത്തോളം ആവേശം പകരുന്നതായി. 5 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോഴും 2–1ന് മുന്നിലാണ്. അവസാന മത്സരം വ്യാഴാഴ്ച ലണ്ടനിൽ ആരംഭിക്കും. 2 വർഷത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ട് സമനില വഴങ്ങുന്നത്. 

സെഞ്ചറി പൂർത്തിയാക്കിയ രവീന്ദ്ര ജഡേജയുടെ ആഹ്ലാദം. വാഷിങ്ടൻ സുന്ദർ സമീപം. സുന്ദറും പിന്നീട് സെഞ്ചറി നേടി (Photo by Darren Staples / AFP)

സെഞ്ചറി പൂർത്തിയാക്കിയ രവീന്ദ്ര ജഡേജയുടെ ആഹ്ലാദം. വാഷിങ്ടൻ സുന്ദർ സമീപം. സുന്ദറും പിന്നീട് സെഞ്ചറി നേടി (Photo by Darren Staples / AFP)

ഓൾ‌ഡ് ട്രാഫഡിൽ ടോസ് നേടി ഫീൽഡിങ്ങിനിറങ്ങിയ ഒരു ടീമും വിജയിച്ചിട്ടില്ലെന്ന ചരിത്രവും അതേപടി തുടരുകയാണ്. ഇന്നലത്തെ സമനിലയും ചേർത്ത് ടോസ് നേടി ബോളിങ്ങിനിറങ്ങിയ ടീമുകൾക്ക് മൂന്നു തോൽവികളും ഒൻപതു സമനിലകളും ഓൾഡ് ട്രാഫഡിൽ സംഭവിച്ചിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിലെ നാലു ബാറ്റർമാര്‍ 400ന് മുകളിൽ സ്കോർ സ്വന്തമാക്കുന്നതും ചരിത്രത്തിൽ ആദ്യമാണ്. ഒരു മത്സരം ബാക്കി നിൽക്കെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ വ്യക്തിഗത സ്കോർ 400 കടന്നു. ടെസ്റ്റ് പരമ്പരയിൽ കൂടുതൽ ഇന്നിങ്സുകളിൽ 350 ൽ അധികം റൺസ് നേടിയ ടീമെന്ന റെക്കോർഡും ഇന്ത്യയുടെ പേരിലായി. ഏഴു തവണയാണ് ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ സ്കോറുകൾ 350 പിന്നിട്ടത്.

ഗിൽ’ പവർ

നാലാംദിനം 174 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കിയ കെ.എൽ.രാഹുലിന്റെയും ശുഭ്മൻ ഗില്ലിന്റെയും ബാറ്റിൽ സമനില സ്വപ്നങ്ങൾ ചേർത്തുവച്ചാണ് ഇന്ത്യ അവസാനദിനം മത്സരം തുടങ്ങിയത്. എന്നാൽ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്  തുടക്കം മുതൽ ഇന്ത്യൻ ബാറ്റർമാർക്കു വെല്ലുവിളിയുയർത്തി. നിർണായക ഇന്ത്യൻ കൂട്ടുകെട്ട് പൊളിക്കാനുള്ള ആവേശത്തിൽ ഡിആർഎസ് അവസരങ്ങളെല്ലാം തുടക്കത്തിൽതന്നെ ഇംഗ്ലണ്ട് പാഴാക്കുകയും ചെയ്തു. ഒടുവിൽ എട്ടാം ഓവറിൽ കെ.എൽ.രാഹുലിനെ (90) വിക്കറ്റിനു മുന്നിൽ കുരുക്കിയ സ്റ്റോക്സ് ഇംഗ്ലണ്ടിന് ആദ്യ പ്രതീക്ഷ നൽകി. എന്നാൽ ഋഷഭ് പന്തിനു പകരം അഞ്ചാമനായി എത്തിയ വാഷിങ്‌ടൻ സുന്ദറിന്റെ ചെറുത്തുനിൽപ് ആതിഥേയരുടെ കണക്കുകൂട്ടലുകൾ പിന്നെയും തെറ്റിച്ചു. നാലാം വിക്കറ്റിൽ ഗില്ലും വാഷിങ്ടനും ചേർന്ന് 34 റൺസ് മാത്രമാണ് നേടിയതെങ്കിലും 104 പന്തുകൾ പിടിച്ചുനിന്ന കൂട്ടുകെട്ട് ഇംഗ്ലിഷ് ബോളർമാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തി. ക്രിസ് വോക്സ് എറിഞ്ഞ 83–ാം ഓവറിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ടെസ്റ്റിൽ തന്റെ ഒൻപതാം സെഞ്ചറി തികച്ചത്. പരമ്പരയിലെ നാലാമത്തെ സെഞ്ചറിയുമാണിത്. ടെസ്റ്റിൽ ഗില്ലിന്റെ വേഗം കുറഞ്ഞ സെഞ്ചറി കൂടിയായിരുന്നു ഇത്. 

washington-sundar-fifty-jadeja

സെഞ്ചറി നേടിയ വാഷിങ്ടൻ സുന്ദറിന്റെ ആഹ്ലാദം

ഓൾറൗണ്ട് മികവ്

ഏതു നിമിഷവും ചീട്ടുകൊട്ടാരംപോലെ തകർന്നുവീണേക്കുമെന്ന ആരാധകരുടെ ആശങ്കകൾ അവസാനിപ്പിച്ച് 2 ഇടംകൈ ബാറ്റർമാർ ക്രീസിൽ നെഞ്ചു വിരിച്ചുനിൽക്കുന്നതാണ് പിന്നീട് കണ്ടത്. വിജയദാഹത്തോടെ പന്തെറിഞ്ഞ ഇംഗ്ലിഷ് ബോളർമാർക്കു മുൻപിൽ ശ്രദ്ധ പതറാതെയും ലക്ഷ്യം കൈവിടാതെയും അവർ പിടിച്ചുനിന്നു. ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകൾ വിട്ടുകളഞ്ഞും ഉയർന്നെത്തിയ പന്തുകളെ പ്രതിരോധിച്ചും വിക്കറ്റ് സംരക്ഷിച്ചു. ന്യൂബോൾ പഴകുകയും പിച്ച് ബാറ്റിങ്ങിന് അനുകൂലമാവുകയും ചെയ്തതോടെ ഇന്ത്യയുടെ വെല്ലുവിളികൾ ഏറക്കുറെ അവസാനിച്ചു. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 11 റൺസ് ലീഡ് നേടിയതോടെ പരാജയ ഭീതിയൊഴ‍ിഞ്ഞു. അർധ സെഞ്ചറി പിന്നിട്ടുനിന്ന ജഡേജയും വാഷ്ങ്ടനും സെഞ്ചറി തികയ്ക്കുന്നതിനുള്ള കാത്തിരിപ്പ് മാത്രമായിരുന്നു ഇന്ത്യയ്ക്കു മൂന്നാം സെഷൻ. ഇരുവരും സെഞ്ചറി തികയ്ക്കും മുൻപേ മത്സരം അവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ടിന്റെ ‘ഓഫർ’ ഇന്ത്യ അംഗീകരിച്ചതുമില്ല. വാഷിങ്ടന്റെ കന്നി ടെസ്റ്റ് സെഞ്ചറിയും ജഡേജയുടെ ഏഴാം സെഞ്ചറിയുമാണിത്.

English Summary:

England vs India, 4th Test, India circuit of England, 2025 – Match Analysis

Read Entire Article