Published: April 08 , 2025 09:59 AM IST
1 minute Read
ലണ്ടൻ ∙ ‘‘ജയിച്ചു നേരത്തേ കിരീടം ഉറപ്പിച്ചു കൂടേ?’’– ഈ ചോദ്യം വന്നാൽ ലിവർപൂളിന് ഒരുത്തരമുണ്ട്– ‘അതിലൊരു ത്രിൽ ഇല്ല!’ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, രണ്ടാം സ്ഥാനക്കാരായ ആർസനൽ ശനിയാഴ്ച എവർട്ടനോട് 1–1ന് സമനില വഴങ്ങിയതോടെ ഒന്നാംസ്ഥാനത്ത് 14 പോയിന്റ് ലീഡ് നേടാൻ അർനെ സ്‌ലോട്ടിന്റെ ടീമിന് അവസരം ഒരുങ്ങിയതാണ്. എന്നാൽ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ലിവർപൂൾ ഫുൾഹാമിനോടു 3–2നു തോറ്റു! ഒന്നാം സ്ഥാനത്ത് ലിവർപൂളിന് ഇപ്പോഴും 11 പോയിന്റ് ലീഡുണ്ടെങ്കിലും 7 മത്സരങ്ങൾ ശേഷിക്കെ ആർസനലിന് അദ്ഭുതങ്ങൾക്കു വേണ്ടി കാത്തിരിക്കാമെന്നർഥം.
ഫുൾഹാമിന്റെ മൈതാനമായ ക്രേവൻ കോട്ടജിൽ ആദ്യ പകുതിയിൽത്തന്നെ 3 ഗോളുകൾ വഴങ്ങിയാണ് ലിവർപൂൾ മത്സരം അടിയറവു വച്ചത്. 14–ാം മിനിറ്റിൽ അലക്സിസ് മക്കലിസ്റ്ററുടെ ഗോളിൽ ലിവർപൂൾ ലീഡ് നേടിയെങ്കിലും റയാൻ സെസഗ്‌നൻ(23) , അലക്സ് ഇവോബി (32), റോഡ്രിഗോ മുനിസ് (37) എന്നിവരുടെ ഗോളുകളിൽ ഫുൾഹാം 3–1നു മുന്നിലെത്തി. 72–ാം മിനിറ്റിൽ ലൂയിസ് ഡയസ് ലിവർപൂളിനായി ലക്ഷ്യം കണ്ടെങ്കിലും ഒരു ഗോൾ കൂടി നേടി തോൽവി ഒഴിവാക്കാനായില്ല. സീസണിൽ ലിവർപൂളിന്റെ രണ്ടാം തോൽവി മാത്രമാണിത്.
ടോട്ടനം ഹോട്സ്പറിനോട് 3–1ന് പരാജയപ്പെട്ട സതാംപ്ടൻ സീസണിൽ തരംതാഴ്ത്തപ്പെടുന്ന ആദ്യ ക്ലബ്ബായി. 31 കളികളിൽ 10 പോയിന്റ് മാത്രമാണ് സതാംപ്ടനുള്ളത്. മറ്റു മത്സരങ്ങളിൽ, നാലാം സ്ഥാനക്കാരായ ചെൽസി ബ്രെന്റ്ഫഡിനോട് ഗോൾരഹിത സമനില വഴങ്ങിയത് മുതലെടുക്കാൻ അഞ്ചാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്കായില്ല. 13–ാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനോടു സിറ്റി ഗോൾരഹിത സമനില വഴങ്ങി
English Summary:








English (US) ·