Published: April 12 , 2025 05:05 PM IST
1 minute Read
ഇസ്‌ലാമാബാദ്∙ ഇംഗ്ലിഷ് വശമില്ലാത്തതിന്റെ പേരിൽ നാണക്കേടൊന്നും തോന്നുന്നില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് റിസ‌്‌വാൻ. പാക്കിസ്ഥാൻ സൂപ്പർ ലീഗിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ്, ഇംഗ്ലിഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ നാണക്കേടൊന്നും തോന്നുന്നില്ലെന്ന റിസ്‌വാന്റെ പ്രഖ്യാപനം. ഏറ്റവും വൃത്തിയായി ക്രിക്കറ്റ് കളിക്കുക എന്നതാണ് പാക്കിസ്ഥാൻ തന്നിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും, അല്ലാതെ ഇംഗ്ലിഷ് സംസാരിക്കുകയല്ലെന്നും റിസ്‌വാൻ ചൂണ്ടിക്കാട്ടി.
ഇംഗ്ലിഷ് ഭാഷ വശമില്ലാത്തതിന്റെ പേരിൽ ട്രോളുകളും വിമർശനങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് റിസ്‌വാൻ നിലപാട് വ്യക്തമാക്കിയത്.
‘‘അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. സംസാരിക്കുന്ന കാര്യങ്ങൾ ഹൃദയത്തിൽനിന്നാണ് സംസാരിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഇംഗ്ലിഷ് വശമില്ല എന്നത് സത്യമാണ്. വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ പോയതിൽ എനിക്ക് വിഷമമുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇംഗ്ലിഷ് സംസാരിക്കാൻ വശമില്ലാത്തത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിട്ടും എനിക്ക് ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ല എന്നതിന്റെ പേരിൽ നാണക്കേടൊന്നും തോന്നുന്നില്ല’ – മുഹമ്മദ് റിസ്‌വാൻ പറഞ്ഞു
‘‘എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം ഏറ്റവും മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുക എന്നതു തന്നെയാണ്. അല്ലാതെ വൃത്തിയായി ഇംഗ്ലിഷ് സംസാരിക്കുകയല്ല. പഠിത്തം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ എനിക്ക് വിഷമമുണ്ട്. എന്തുവിലകൊടുത്തും പഠിത്തം പൂർത്തിയാക്കണമെന്ന് ഞാൻ എന്റെ ജൂനിയേഴ്സിനോട് പറയാറുണ്ട്. അങ്ങനെ ചെയ്താൽ അവരുടെ ഇംഗ്ലിഷ് ഒന്നുകൂടി നന്നാകും.’ – റിസ്‌വാൻ പറഞ്ഞു.
Mohammad Rizwan said "I don't attraction astir trollers. I americium not educated; I don't cognize however to talk English. I americium present to play cricket; I americium not present to thatch English. My federation demands cricket from maine Alhamdullilah. I don't person clip to larn English" 🇵🇰😭😭pic.twitter.com/Pdy1cs6053
— Farid Khan (@_FaridKhan) April 11, 2025‘‘പാക്കിസ്ഥാനെ സംബന്ധിച്ച് ഇംഗ്ലിഷാണ് വേണ്ടതെങ്കിൽ ഞാൻ ഇംഗ്ലിഷ് പഠിച്ച് ഒരു പ്രഫസറായി തിരിച്ചുവരാം. പക്ഷേ, പാക്കിസ്ഥാൻ എന്നോട് ക്രിക്കറ്റ് കളിക്കാനാണ് ആവശ്യപ്പെടുന്നത്. അല്ലാതെ ഇംഗ്ലിഷ് സംസാരിക്കാനല്ല’ – മുഹമ്മദ് റിസ്‌വാൻ പറഞ്ഞു.
പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന്റെ ക്യാപ്റ്റനാണ് മുഹമ്മദ് റിസ‌്‌വാൻ. ചാംപ്യൻസ് ട്രോഫിയിലും ന്യൂസീലൻഡ് പര്യടനത്തിലും പാക്കിസ്ഥാൻ ടീമിന്റെ പ്രകടനം മോശമായതോടെ സമ്മർദ്ദത്തിലായ റിസ്‌വാൻ, പിഎസ്എലിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.
English Summary:








English (US) ·