ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആവേശപ്പടനിലങ്ങളില്‍ വീണ്ടും പന്തുരുളുമ്പോള്‍ സീസണിലെ സാധ്യത ആര്‍ക്ക്‌

5 months ago 5

വിലയും വീര്യവുമേറും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്. വാശിയുടെ കാര്യത്തില്‍ യൂറോപ്പിലെ മറ്റേതൊരു ലീഗിനെക്കാളും ഒരുപടിയെങ്കിലും മുകളില്‍. കുലമഹിമയും വമ്പന്‍ താരനിരയും ഒന്നും വിലപ്പോവാത്ത, അപ്രതീക്ഷിതങ്ങളുടെ കളിയിടങ്ങള്‍. പ്രവചനങ്ങളും കണക്കുകൂട്ടലുകളുമെല്ലാം അപ്രസക്തമാവുന്ന, പ്രതാപശാലികള്‍ക്കു കാലിടറുന്ന, ഓരോ കളിയും യുദ്ധമായി മാറുന്ന, ഫുട്ബോള്‍ മാമാങ്കം.

ഓഗസ്റ്റ് 15ന് നിലവിലുള്ള ചാംപ്യന്‍മാരായ ലിവര്‍പൂള്‍ അവരുടെ സ്വന്തം സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ ബോണ്‍മത്തിനെ നേരിടുമ്പോള്‍ പുതിയ പ്രീമിയര്‍ ലീഗ് സീസണ് തുടക്കമാവുകയാണ്. പ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ നേടിയ ഇംഗ്ലണ്ടിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇനി ഉല്‍സവ കാലമാണ്. 2026 മേയ് 24ന് സീസണ്‍ അവസാനിച്ച് ഉല്‍സവം കൊടിയിറങ്ങുന്നതു വരെ അവരും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളും ആവേശത്തോടെ കളികള്‍ പിന്തുടരും. ആവേശം തിരയടിക്കുന്ന സ്റ്റേഡിയങ്ങളില്‍ ആരാധകരുടെ ആരവങ്ങള്‍ മുഴങ്ങും.

ലിവര്‍പൂള്‍ പരിശീലകന്‍ ആര്‍നെ സ്ലോട്ട്

കഴിഞ്ഞ വര്‍ഷം സീസണ്‍ തുടങ്ങുമ്പോള്‍ തന്ത്രങ്ങളുടെ രാജാവായ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍മാരാകും എന്നാണ് എല്ലാവരും കരുതിയത്. സീസണ്‍ അവസാനിക്കാറായപ്പോഴേക്കും അവസാന നാലില്‍ ഇടം പിടിക്കുന്നതിനായി ജീവന്മരണ പോരാട്ടത്തിലായിരുന്നു സിറ്റി. സീസണിലെ അവസാന ദിവസത്തെ മല്‍സരവും കഴിഞ്ഞപ്പോഴാണ് മൂന്നാം സ്ഥാനത്തേക്ക് കയറി സിറ്റി ചാംപ്യന്‍സ് ലീഗ് പ്രവേശനം ഉറപ്പാക്കിയത്.

തുടര്‍ച്ചയായി നാലു തവണ ചാംപ്യന്‍മാരായി പ്രീമിയര്‍ ലീഗില്‍ ഏതാണ്ട് സമ്പൂര്‍ണാധിപത്യം സ്ഥാപിച്ചു എന്നുറപ്പിച്ചിടത്തു നിന്നാണ് സിറ്റിയുടെ തകര്‍ച്ച സംഭവിച്ചത്. ഒരു ഘട്ടത്തില്‍ കാലുറപ്പിച്ചു നില്‍ക്കാനാവാതെ ആടിയുലയുകയായിരുന്നു ഗ്വാര്‍ഡിയോളയും സംഘവും. കഴിഞ്ഞ സീസണില്‍ പരുക്കു മൂലം കൂടുതല്‍ സമയവും പുറത്തിരുന്ന മുന്‍ ലോക ഫുട്ബോളര്‍ റോഡ്രി പരുക്കുകളില്‍ നിന്ന് മുക്തനായി പൂര്‍വ്വാധികം ശക്തനായി കളത്തിലിറങ്ങുന്നു എന്നത് ഈ സീസണില്‍ സിറ്റിക്ക് ആത്മവിശ്വാസമേകുന്ന ഘടകമാണ്. ഏര്‍ലിങ് ഹാളണ്ട്, ഫില്‍ ഫോഡന്‍, റോഡ്രി, കഴിഞ്ഞ സീസണില്‍ മുന്നേറ്റ നിരയിലേക്കെത്തിച്ച ഒമാര്‍ മര്‍മൂഷ്… സിറ്റി ഇത്തവണയും കിരീടനേട്ടത്തിന് തയാറാണ്.

തറവാടിത്തഘോഷണങ്ങള്‍ കൊണ്ട് ഒരു കാര്യവുമില്ലെന്ന് പ്രീമിയര്‍ ലീഗ് അടിവരയിട്ടു തെളിയിച്ചുകൊണ്ടിരിക്കും. ജയിക്കുമെന്ന് ഉറപ്പിച്ചിറങ്ങുന്ന വമ്പന്‍ ടീമിനെ വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ കളിക്കാനിറങ്ങുന്ന കുഞ്ഞന്‍ ടീമുകള്‍ മലര്‍ത്തിയടിക്കും. ആര്‍ക്കും ആരെയും തോല്‍പിക്കാം എന്ന സമത്വ സുന്ദരലോകം. എങ്കിലും തുടര്‍ച്ചയായി നാലു സീസണുകളില്‍ എല്ലാ വെല്ലുവിളികളെയും ചെറുത്തു തോല്‍പ്പിക്കുവാന്‍ ഗ്വാര്‍ഡിയോളയ്ക്കും സിറ്റിയുടെ പോരാളികള്‍ക്കും കഴിഞ്ഞു.

ലിവര്‍പൂളിന്‍റെ കേളീശൈലിയെ മാറ്റിമറിച്ച ജര്‍മന്‍കാരനായ കോച്ച് യേര്‍ഗന്‍ ക്ലോപ്പ് പടിയിറങ്ങിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പുതിയ പരിശീലകനെ കണ്ടെത്തേണ്ടി വന്നു ടീം മാനേജ്മെന്‍റിന്. ആര്‍നെ സ്ലോട്ട് എന്ന ഡച്ച് പരിശീലകന്‍റെ കീഴില്‍ കളിക്കാനിറങ്ങിയ ടീമിന് ആരും വലിയ സാധ്യതകള്‍ കല്‍പ്പിച്ചിരുന്നില്ല. പക്ഷേ, നഷ്ടമായ ചാംപ്യന്‍ഷിപ്പ് കിരീടം തിരിച്ചു പിടിച്ച് ലിവര്‍പൂള്‍ സീസണ്‍ തീരുന്നതിനു മുന്‍പ് തന്നെ കിരീടം ഉറപ്പിച്ച് പ്രവചന വിദഗ്ധരെ അമ്പരപ്പിച്ചു.

ഡച്ച് താരം വിര്‍ജില്‍ വാന്‍ ഡൈക്കിന്‍റെ നേതൃത്വത്തില്‍ ഇത്തവണയും കളത്തിലിറങ്ങുന്ന ലിവര്‍പൂള്‍ പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതില്‍ ഒട്ടും പിശുക്ക് വിചാരിച്ചിട്ടില്ല. മുന്നേറ്റ നിരയുടെ കരുത്ത് കൂട്ടുന്നതിനായി ബയേര്‍ ലെവര്‍ക്യൂസന്‍റെ സൂപ്പര്‍ താരം ഫ്ലോറിയാന്‍ വീര്‍റ്റ്സിനെ ടീമിലെത്തിച്ചത് 133 മില്യന്‍ ഡോളര്‍ (ഏതാണ്ട് 1164 കോടി രൂപ) പൊടിച്ചിട്ടാണ്. ഇത്തവണത്തെ ഏറ്റവും വിലയേറിയ ട്രാന്‍സ്ഫറും ഇതു തന്നെയാണ്. ന്യൂ കാസിലില്‍ നിന്ന് സ്വീഡിഷ് താരം അലക്സാണ്ടര്‍ ഈസാക്കിനെ ടീമിലെത്തിക്കാനും ലിവര്‍പൂള്‍ ശ്രമിക്കുന്നുണ്ട്.

Guardiola

മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള

കഴിഞ്ഞ മൂന്നു തവണയും സീസണ്‍ അവസാനിക്കുമ്പോള്‍ രണ്ടാമതായിപ്പോയ ആഴ്സനല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. ഗ്വാര്‍ഡിയോളയുടെ കീഴില്‍ പരിശീലനത്തിന്‍റെ തന്ത്രങ്ങള്‍ പയറ്റിത്തെളിഞ്ഞ ആഴ്സനലിന്‍റെ മുന്‍താരം കൂടിയായ മൈക്കല്‍ ആര്‍ട്ടേറ്റ 22 വര്‍ഷങ്ങള്‍ക്കു ശേഷം പ്രീമിയര്‍ ലീഗ് കിരീടം എമിറേറ്റ്സില്‍ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് കളിക്കാരെ കളത്തിലിറക്കുന്നത്. പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രതിഭാശാലിയായ മുന്നേറ്റ നിര കളിക്കാരിലൊരാളായ, ആഴ്സനലിന്റെ ആക്രമണങ്ങളുടെ കുന്തമുനയായ ബുക്കായോ സാക്കയ്ക്കു ശക്തമായ പിന്തുണയേകാനായി മറ്റൊരു സ്ട്രൈക്കറെ കൂടി ആര്‍ട്ടേറ്റ ഇത്തവണ ആഴ്സനലിന്‍റെ പീരങ്കിപ്പടയിലേക്ക് ചേര്‍ത്തിട്ടുണ്ട് - സ്പോര്‍ട്ടിങ് ലിസ്ബണിന്‍റെ കളിക്കാരനായ സ്വീഡിഷ് താരം വിക്ടര്‍ യോക്കേരേസ്. ഗോളടിയില്‍ മിടുക്കനായ യോക്കേരേസ് ആഴ്സനലിന്‍റെ ആക്രമണനിരയില്‍ എത്തുന്നതോടെ കഴിഞ്ഞ വര്‍ഷത്തെ പരാധീനതകളില്‍ ഒന്നു പരിഹരിക്കാനാവും എന്ന ആത്മവിശ്വാസത്തിലാണ് ടീം മാനേജ്മെന്‍റ്.

മികച്ച പ്രതിരോധ നിരയും മധ്യനിരയുമുള്ള ആഴ്സനല്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ പ്രതിരോധാത്മകമായ കളി കാഴ്ച വച്ചതുകൊണ്ടാണ് ചാംപ്യന്‍മാരാവാന്‍ കഴിയാതിരുന്നത് എന്ന് വിലയിരുത്തുന്നവരുണ്ട്. ചാംപ്യന്‍മാരായ ലിവര്‍പൂളിനെക്കാള്‍ മികച്ച പ്രതിരോധമായിരുന്നു ആഴ്സനലിന്‍റേതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലിവര്‍പൂള്‍ സീസണില്‍ 41 ഗോള്‍ വഴങ്ങിയപ്പോള്‍ ആഴ്സനല്‍ വഴങ്ങിയത് 34 ഗോളുകള്‍ ആണ്. പക്ഷേ, സ്കോറിങ്ങില്‍ ലിവര്‍പൂള്‍ ആഴ്സനലിനെ ബഹുദൂരം പിന്നിലാക്കി. ആഴ്സനല്‍ 38 കളികളില്‍ നിന്ന് 69 ഗോളുകള്‍ നേടിയപ്പോള്‍ ലിവര്‍പൂള്‍ അത്രയും മല്‍സരങ്ങളില്‍ നിന്ന് നേടിയത് 86 ഗോളുകളാണ്. ഈ പരിമിതി മറികടക്കുന്നതിനു വേണ്ടിയാണ് സ്പോര്‍ട്ടിങ് ലിസ്ബണിന്‍റെ കുന്തമുനയായ യോക്കേരേസിനെ ആര്‍ട്ടേറ്റ പീരങ്കിപ്പടയുടെ പാളയത്തിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ പരുക്കു മൂലം പല കളികളും നഷ്ടമായ ബുക്കായോ സാക്ക, കായ് ഹാവേര്‍ട്സ് എന്നിവര്‍ കൂടി ചേരുന്നതോടെ ആഴ്സനല്‍ ഇത്തവണ ഒരു പ്രബല ശക്തിയായി മാറും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഡെക്ളാന്‍ റൈസ്, ഓഡെഗാര്‍ഡ്, മാര്‍ട്ടിനെല്ലി, വില്യം സാലിബ, മഗലിയാസ്, ന്വാനേരി എന്നിവരടങ്ങിയ ടീം കടലാസിലെങ്കിലും മറ്റേതൊരു ടീമിനെക്കാളും സന്തുലിതമാണ്.

ലോക ക്ലബ് ചാംപ്യന്‍ഷിപ്പില്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ പാരിസ് സെന്‍റ് ജെര്‍മനെ കീഴടക്കി അപ്രതീക്ഷിത ജേതാക്കളായ ചെല്‍സിയാണ് കിരീട പോരാട്ടത്തില്‍ മുന്‍പിലുള്ള മറ്റൊരു ടീം. കോച്ച് എന്‍സോ മരേസ്ക ടീമിന് തയാറെടുക്കാന്‍ ആവശ്യത്തിന് സമയം കിട്ടിയിട്ടില്ലെന്ന് പരാതി പറയുന്നുണ്ടെങ്കിലും കോള്‍ പാമറെപ്പോലെ പ്രതിഭാശാലികളായ കളിക്കാര്‍ നിറഞ്ഞ ചെല്‍സി തങ്ങളുടേതായ ദിവസത്തില്‍ ഏതൊരു വമ്പനെയും കീഴ്പ്പെടുത്താന്‍ ശക്തിയുള്ളവരാണ്.

Arteta

ആഴ്സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റ

ഒരുകാലത്ത്, പ്രീമിയര്‍ ലീഗിലെ വന്‍ശക്തിയായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ വര്‍ഷം തരം താഴ്ത്തല്‍ ഭീഷണി വരെ നേരിട്ടതാണ്. കോച്ച് റൂബന്‍ അമോറിമിന്‍റെ നേതൃത്വത്തില്‍ ചീത്തപ്പേര് മാറ്റാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണ് യുണൈറ്റഡ്.

ആഴ്സനലിന്‍റെ മുന്‍ കോച്ച് ഉനായ് എമേറിയുടെ കീഴില്‍ ആസ്റ്റണ്‍വില്ല കിടിലന്‍ കളിയാണ് കഴിഞ്ഞ സീസണില്‍ കാഴ്ച വച്ചത്. ചെറിയ വ്യത്യാസത്തിനാണ് അവര്‍ക്ക് ആദ്യ നാലില്‍ ഇടം നഷ്ടപ്പെട്ടത്. ഇത്തവണയും മുന്‍ ചാംപ്യന്‍മാര്‍ക്ക് കടുത്ത ഭീഷണിയുമായി ആസ്റ്റണ്‍വില്ല കളത്തിലുണ്ട്.

നോട്ടിങ്ങാം ഫോറസ്റ്റ്, ക്രിസ്റ്റല്‍ പാലസ്, ന്യൂ കാസില്‍ യുണൈറ്റഡ്… ഇവരാരും സീസണ്‍ തുടങ്ങുമ്പോള്‍ കിരീടസാധ്യത കണക്കാക്കുന്ന ടീമുകളില്‍ ഉള്‍പ്പെടുന്നില്ല. പക്ഷേ, ഇത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണ്. 2016ല്‍ വാതുവയ്പ്പുകാര്‍ 5000-1 സാധ്യത മാത്രം നല്‍കിയിരുന്ന ലെസ്റ്റര്‍ സിറ്റിയെന്ന കുഞ്ഞന്‍ പ്രാവ് ഭീമന്‍ പരുന്തുകളെ ഒന്നൊന്നായി കൊത്തിയരിഞ്ഞു വീഴ്ത്തി ചാംപ്യന്‍മാരായപ്പോള്‍, അത് പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും ആവേശോജ്വലമായ ഒരു വീരഗാഥയായിരുന്നു.

ക്ളോഡിയോ റാനിയേരി എന്ന 63കാരന്‍ കോച്ചിനെ ലെസ്റ്റര്‍ മാനേജ്മെന്‍റ് കോച്ചായി നിയമിക്കുമ്പോള്‍ കളിയെഴുത്തുകാരും വിദഗ്ധരും നെറ്റി ചുളിച്ചു.

പക്ഷേ, ചെറിയ ടീമിനെ വലിയ യുദ്ധത്തിനു സജ്ജരാക്കുമ്പോള്‍ റാനിയേരിക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. “നമ്മള്‍ ചെറിയ ടീമാണ്. വലിയ ടീമുകള്‍ക്കെതിരെയാണ് നമ്മള്‍ കളിക്കാന്‍ പോകുന്നത്. പക്ഷേ, വലുതാണ് എന്ന് നമുക്കെതിരെ അവര്‍ കളിച്ചു തെളിയിക്കണം.”

റാനിയേരിയുടെ പോരാളികള്‍ക്ക് ഇത്രയും മതിയായിരുന്നു. അവര്‍ എതിരാളികളുടെ പാരമ്പര്യവും തറവാടിത്തവുമെല്ലാം അവഗണിച്ചു. നീലപ്പട കുതിച്ചു പാഞ്ഞപ്പോള്‍ കായികലോകം അന്തം വിട്ടു. പ്രീമിയര്‍ ലീഗിലെ അനിശ്ചിതത്വങ്ങളുടെയുടെ അപ്രതീക്ഷിതങ്ങളുടെയും ഉത്തമ ദൃഷ്ടാന്തമായി കളിയേടുകളില്‍ ഇടം നേടിയ മിന്നല്‍ പ്രകടനം.

ചാംപ്യന്‍മാരായ ലിവര്‍പൂള്‍ താരതമ്യേന ദുര്‍ബലരായ ബോണ്‍മത്തിനെതിരെ പന്ത് തട്ടിക്കൊണ്ട് തുടങ്ങുമ്പോള്‍ കാല്‍പ്പന്തുകളിയുടെ ആരാധകര്‍ ഉറ്റുനോക്കുന്നുണ്ടാവും. ആവേശപ്പോരാട്ടങ്ങളുടെ തുടര്‍ച്ചയ്ക്കായി.

Content Highlights: The Premier League is back! Can Man City reclaim the rubric oregon volition Liverpool clasp the trophy?

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article