
ഗോൾ അടിച്ചതിന് ശേഷം ലൂയിസ് ഡയസിന്റെ ആഘോഷപ്രകടനം| Photo: AP Photo/Jon Super
ലിവര്‍പൂള്‍ (ഇംഗ്ലണ്ട്) : ആൻഫീൽഡിൽ ആരാധകരുടെ പ്രതീക്ഷകൾ സഫലം. ഉജ്ജ്വല ജയവുമായി ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർലീഗ് കിരീടം വീണ്ടെടുത്തു. ചാമ്പ്യൻമാരാവാൻ ഒരു സമനില മാത്രം ആവശ്യമായിരുന്ന കളിയിൽ ടോട്ടനത്തെ 5-1 സ്കോറിൽ തകർത്താണ് ചെമ്പടയുടെ തേരോട്ടം.
ഡൊമനിക് സൊളാങ്കയുടെ 12-ാം മിനിറ്റ് ഗോളിൽ ടോട്ടനം ലീഡ് നേടിയെങ്കിലും ലൂയിസ് ഡയസ്(16), അലക്സിസ് മക്കാലിസ്റ്റർ (24), കോഡി ഗാപ്കൊ (34), മുഹമ്മദ് സല (63) എന്നിവരുടെ ഗോളുകളിൽ ലിവർപൂൾ തിരിച്ചടിച്ചു. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെൽഫ് ഗോളും വഴങ്ങി.
നാലു കളികൾ അവശേഷിക്കെയാണ് ചുവപ്പൻ പടയുടെ കിരീടധാരണം. ലിവർപൂളിന് 34 കളികളിൽ 25 ജയവും ഏഴു സമനിലയും രണ്ടു തോൽവിയുമായി 82 പോയിന്റായി. രണ്ടാമതുള്ള ആഴ്സനലിന് 34 കളികളിൽ 67 പോയിന്റാണുള്ളത്.
ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ ഏറ്റവുമധികം കിരീടമെന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ (20) റെക്കോഡിനൊപ്പമെത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞു. 2020-ലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായത്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ആരാധകരില്ലാത്ത ആന്‍ഫീല്‍ഡിലായിരുന്നു അന്ന് ലിവര്‍പൂളിന്റെ കിരീടധാരണം. ഇത്തവണ സ്വന്തം ടീം കിരീടമുയര്‍ത്തുന്നതു കാണാന്‍ മൈതാനത്തിന് അകത്തും പുറത്തുമായി ആയിരങ്ങള്‍ അണിനിരന്നിരുന്നു.
28 ഗോളും 18 അസിസ്റ്റുമായി ലീഗിലെ ടോപ് സ്കോററായ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂള്‍ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്. ഇത്തവണയും പെപ് ഗാര്‍ഡിയോളയുടെ മാഞ്ചെസ്റ്റര്‍ സിറ്റിക്കായിരുന്നു സാധ്യത കല്പിക്കപ്പെട്ടിരുന്നത്. തുടരെ അഞ്ചാം തവണയും സിറ്റി ചാമ്പ്യൻമാരാവുന്നത് തടയാൻ മറ്റു ടീമുകൾക്ക് കരുത്തില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ആദ്യത്തെ 13 കളികളില്‍ 11-ലും ജയിച്ച് ലിവർപൂൾ കൊടുങ്കാറ്റായപ്പോൾ സിറ്റിയും ആഴ്സനലും ചെല്‍സിയും കാഴ്ചക്കാരായി. ആഴ്‌സനലാണ് ചുവപ്പന്‍മാര്‍ക്ക് അല്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്.
യര്‍ഗന്‍ ക്ലോപ്പിന് പകരക്കാരനായി എത്തിയ ആര്‍നെ സ്ലോട്ടിന്‍റെ ശൈലികളോട് താരങ്ങൾ എങ്ങനെ ഇണങ്ങിച്ചേരുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ആദ്യ സീസണിൽത്തന്നെ കിരീടമുയർത്തി സ്ലോട്ട് വിമർശകർക്ക് മറുപടി നൽകി.
Content Highlights: Liverpool thrash Tottenham 5-1 to triumph their 2nd Premier League title








English (US) ·