'പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരംകൂടി നല്‍കൂ', ഏറെ നിരാശയോടെ 2022 ഡിസംബര്‍ 10-ാം തീയതി കരുണ്‍ നായര്‍ എന്ന പാതിമലയാളി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. ആ വര്‍ഷം കര്‍ണാടക രഞ്ജി ടീമില്‍ ഇടംലഭിക്കാതിരുന്നതോടെ നീറുന്ന മനസുമായാണ് കരുണ്‍ ആ വാക്കുകള്‍ കുറിച്ചത്. ഇന്ത്യന്‍ ടീമിനായി ആറു ടെസ്റ്റുകള്‍ കളിച്ച, വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരത്തിന് പക്ഷേ, പിന്നീട് ക്രിക്കറ്റ് നല്‍കിയതെല്ലാം വേദനകളായിരുന്നു. 2013-14 സീസണ്‍ മുതല്‍ കര്‍ണാടക രഞ്ജി ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു കരുണ്‍. എന്നാല്‍, അപ്രതീക്ഷിതമായി ടീമില്‍നിന്ന് പുറത്താക്കപ്പെട്ടത് കരുണിനെ തളര്‍ത്തിക്കളഞ്ഞു.
എന്നാല്‍, അയാള്‍ പിന്നീടൊരു തിരിച്ചുവരവ് നടത്തി. കര്‍ണാടക ടീം വിട്ട് വിദര്‍ഭയിലേക്ക് കൂടുമാറി. മിന്നുംഫോമില്‍ കളിച്ചിട്ടും തുടര്‍ച്ചയായി നേരിടേണ്ടിവന്ന അവഗണനകള്‍, പുറത്താക്കലുകള്‍, ഒടുവില്‍ എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കരുണിന് വിളിയെത്തി. ഇപ്പോഴിതാ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഇന്ത്യ എ ടീമിനായി ഇരട്ട സെഞ്ചുറിയുമായി വരവറിയിച്ചിരിക്കുകയാണ് കരുണ്‍. ഇംഗ്ലീഷ് മണ്ണിലെ പോരാട്ടത്തിന് താന്‍ തയ്യാറാണെന്ന് കൈയിലെ വില്ലോത്തടികൊണ്ട് അയാള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തിന്റെ ഒന്നാം ദിനം തന്നെ കരുണ്‍ സെഞ്ചുറി തികച്ചിരുന്നു. തലേന്ന് 186* റണ്‍സോടെ പുറത്താകാതെനിന്ന കരുണ്‍ രണ്ടാം ദിനമായ ശനിയാഴ്ച ആദ്യ സെഷനില്‍ത്തന്നെ ഡബിളടിച്ചു. 281 പന്തുകള്‍ നേരിട്ട് 204 റണ്‍സെടുത്ത കരുണിനെ ഒടുവില്‍ സമാന്‍ അക്തറാണ് പുറത്താക്കിയത്. ഒരു സിക്‌സും 26 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നിലവില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 533 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ എ ടീം.
ഒന്നാംദിനം സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെന്‍ എന്നിവരെ കൂട്ടുപിടിച്ച് കരുണ്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്തേകിയത്. മൂന്നാം വിക്കറ്റില്‍ സര്‍ഫറാസിനെ കൂട്ടുപിടിച്ച് 181 റണ്‍സ് കൂട്ടിച്ചേര്‍ത്ത കരുണ്‍, നാലാം വിക്കറ്റില്‍ ജുറെലിനൊപ്പം 195 റണ്‍സും ചേര്‍ത്തു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള സീനിയര്‍ ടീമില്‍ ഇടംലഭിക്കാതിരുന്ന സര്‍ഫറാസ് 119 പന്തില്‍നിന്ന് 13 ബൗണ്ടറിയടക്കം 92 റണ്‍സെടുത്താണ് പുറത്തായത്. ജുറെല്‍ 120 പന്തില്‍നിന്ന് 94 റണ്‍സെടുത്ത് മടങ്ങി. അര്‍ഹിച്ച സെഞ്ചുറിയാണ് ഇരുവര്‍ക്കും നഷ്ടമായത്.
.jpg?$p=f6dbd65&w=852&q=0.8)
2016-ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 303 റണ്‍സ് നേടി റെക്കോഡിട്ട ശേഷം 2017-ല്‍ ഓസ്ട്രേലിയക്കെതിരേ ധരംശാലയില്‍ കളിച്ച ടെസ്‌റ്റോടെ കരുണിനെ ഇന്ത്യന്‍ സീനിയര്‍ ടീം പൂര്‍ണമായും തഴയുകയായിരുന്നു.
കരിയറില്‍ തിരിച്ചടികള്‍ നേരിട്ടപ്പോഴും തിരിച്ചുവരാനും റണ്‍സടിച്ചുകൂട്ടാനുമുള്ള അടങ്ങാത്ത ദാഹമാണ് കരുണിന്റെ കരുത്ത്. 2022-ല്‍ കര്‍ണാടക ടീം തഴഞ്ഞതോടെ കരുണ്‍ തന്റെ മുന്‍ കര്‍ണാടക അണ്ടര്‍-19, അണ്ടര്‍-25 പരിശീലകനായ വിജയകുമാര്‍ മദ്യാല്‍ക്കറിനടുത്തെത്തി. ജസ്റ്റ് ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലകന്‍ സായ് പ്രസന്നയ്‌ക്കൊപ്പം കരിയര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 'കംബാക്ക് സീസണ്‍' എന്നുപേരിട്ട ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പായിരുന്നു എല്ലാം. ഒന്നിടവിട്ട ദിവസങ്ങളില്‍ 600 പന്തുകളോളം നേരിട്ട് ആറുമാസത്തെ കഠിനമായ പരിശീലനം. മാനസികമായി തകര്‍ന്നിരുന്ന കരുണില്‍ പ്രതീക്ഷയുടെ പുതിയ വെട്ടമെത്തി. മറ്റെല്ലാം മാറ്റിവെച്ച് ബാറ്റിങ് പോരായ്മകള്‍ പരിഹരിക്കുന്നതിനാല്‍ കഠിനമായി പരിശീലിച്ചു.
2022-23 സീസണില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെ കരുണ്‍ ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ ചേര്‍ന്ന് കൗണ്ടി ക്രിക്കറ്റിലിറങ്ങി. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ 11 ഇന്നിങ്‌സുകളില്‍നിന്ന് സറേയ്‌ക്കെതിരായ ഒരു സെഞ്ചുറിയടക്കം 487 റണ്‍സ് നേടി ആത്മവിശ്വാസം വീണ്ടെടുത്തു. ഇംഗ്ലീഷ് സാഹചര്യത്തില്‍ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചതോടെ പ്രതീക്ഷയായി.

2023-24 സീസണില്‍ കര്‍ണാടക വിട്ട് കരുണ്‍ വിദര്‍ഭ രഞ്ജി ടീമിലേക്ക് മാറി. വിദര്‍ഭയ്‌ക്കൊപ്പം ആദ്യ സീസണില്‍ത്തന്നെ 10 കളികളില്‍നിന്ന് 690 റണ്‍സടിച്ചു. ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ ഒമ്പത് മത്സരങ്ങളിലെ 16 ഇന്നിങ്‌സുകളില്‍നിന്നായി 53.94 ശരാശരിയില്‍ 863 റണ്‍സടിച്ചു. നാല് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും അടക്കമായിരുന്നു ഈ നേട്ടം. ഫൈനലില്‍ കേരളത്തെ കീഴടക്കി വിദര്‍ഭ രഞ്ജി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ നിര്‍ണായകമായത് കരുണിന്റെ ഈ ബാറ്റിങ് മികവായിരുന്നു. ഫൈനലില്‍ ഒന്നാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും (86) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും (135) നേടി കരുണ്‍ തന്റെ മികവ് ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. ഇതോടെ കരുണിനെ വീണ്ടും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെടാന്‍ തുടങ്ങി.
പിന്നാലെ, വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ചു സെഞ്ചുറികളടക്കം ഒമ്പത് മത്സരങ്ങളില്‍നിന്നായി 779 റണ്‍സടിച്ചു. അഞ്ചു സെഞ്ചുറികളാണ് കരുണ്‍ ടൂര്‍ണമെന്റില്‍ നേടിയത്. ഇതില്‍ നാലെണ്ണം തുടര്‍ച്ചയായ മത്സരങ്ങളിലായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി വൈകി ലഭിച്ച അവസരവും മികച്ച പ്രകടനത്തോടെ കരുണ്‍ മുതലാക്കി.
എല്ലാറ്റിനും ഒടുവില്‍ രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതോടെയാണ് കരുണിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്തുകളിച്ച കരുണിന് ഇതിനും മുമ്പുതന്നെ അവസരം നല്‍കേണ്ടിയിരുന്നു എന്ന് വാദിക്കുന്നവരാണ് ഭൂരിപക്ഷവും. ആഭ്യന്തര ക്രിക്കറ്റില്‍ പുലര്‍ത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങാണ് സെലക്ടര്‍മാരുടെ കണ്ണുതുറപ്പിച്ചത്. ഒപ്പം, കൗണ്ടിയില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കളിച്ചുള്ള പരിചയവും. ഒടുവില്‍ ഇന്ത്യന്‍ എ ടീമില്‍ ലഭിച്ച അവസരംതന്നെ ഇരട്ട സെഞ്ചുറിയിലെത്തിച്ച് കരുണ്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് ബൗളര്‍മാരെ അവരുടെ മടയില്‍ നേരിടാന്‍ ഇന്ത്യന്‍ ടീമില്‍ ഇനി കരുണെന്ന പോരാളിയുണ്ട്.
Content Highlights: Karun Nair smashes a treble period successful England, making a beardown comeback aft years of setbacks








English (US) ·