Published: June 04 , 2025 10:39 AM IST
1 minute Read
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്ട് പ്ലെയർ നിയമത്തോടുള്ള എതിർപ്പ് പരസ്യമാക്കി സൂപ്പർതാരം വിരാട് കോലി. ഐപിഎലിൽ ഇംപാക്ട് പ്ലെയറായി കളിക്കാൻ തന്നെ കിട്ടില്ലെന്ന് കോലി വ്യക്തമാക്കി. 20 ഓവറും ഫീൽഡ് ചെയ്ത് കളത്തിൽ ഇംപാക്ട് സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്നും കോലി പറഞ്ഞു. 18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആർസിബി ഐപിഎൽ കിരീടം ചൂടിയതിനു പിന്നാലെ സംസാരിക്കുമ്പോഴാണ്, ഇംപാക്ട് പ്ലെയറായി കളിക്കാൻ തന്നെ കിട്ടില്ലെന്ന് കോലി പ്രഖ്യാപിച്ചത്.
അതേസമയം, ഈ സീസണിൽ കൂടുതൽ മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമയെയാണ് കോലി ഉന്നമിടുന്നതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. ഈ ടൂർണമെന്റിൽ വളരെ കുറച്ചു സമയം മാത്രമാണ് രോഹിത് ഫീൽഡറായി കളത്തിലുണ്ടായിരുന്നത്. ആദ്യം ബാറ്റു ചെയ്ത മിക്ക മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് ഇംപാക്ട് പ്ലെയറായി പരീക്ഷിച്ചത് രോഹിത്തിനെയാണ്. രണ്ടാമതു ബാറ്റു ചെയ്തപ്പോഴെല്ലാം ഇംപാക്ട് പ്ലെയറിനായി വഴിമാറിയതും രോഹിത് തന്നെ.
‘‘ക്രിക്കറ്റ് കളത്തിൽ ഇനിയും അധിക വർഷങ്ങൾ എനിക്കു മുന്നിൽ അവശേഷിക്കുന്നില്ല. നമ്മുടെയെല്ലാം കരിയറിന് സ്വാഭാവികമായ ഒരു അവസാനമുണ്ട്. വിരമിച്ച് വീട്ടിലിരിക്കുന്ന കാലത്ത്, എന്റെ കഴിവിന്റെ പരമാവധി ഈ കളിക്കായി എന്ന് ആത്മവിശ്വാസത്തോടെ പറയാൻ എനിക്കാകണം എന്ന് നിർബന്ധമുണ്ട്. അതുകൊണ്ട് ഓരോ നിമിഷവും സ്വയം മെച്ചപ്പെടാനുള്ള വഴികളാണ് ഞാൻ തിരയുന്നത്’ – കോലി പറഞ്ഞു.
‘‘ഇംപാക്ട് പ്ലെയറായി കളിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. 20 ഓവറും ഫീൽഡ് ചെയ്ത് കളത്തിൽ ഇംപാക്ട് സൃഷ്ടിക്കാനാണ് എനിക്ക് ഇഷ്ടം. ആ രീതിയിൽ ചിന്തിക്കുകയും കളിക്കുകയും ചെയ്യുന്നയാളാണ് ഞാൻ. അതിനുള്ള ഭാഗ്യവും കഴിവും ദൈവം തന്നിട്ടുണ്ട്. ഈ മികവുകൾ വച്ച് വ്യത്യസ്ത രീതികളിൽ ടീമിനെ സഹായിക്കാനാണ് ഞാൻ ശ്രമിക്കുന്നത്’ – കോലി പറഞ്ഞു.
English Summary:








English (US) ·