ബ്യൂണസ് ഐറിസ് ∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്കു വേണ്ടി രണ്ടു ഗോളുകളുമായി തിളങ്ങി ക്യാപ്റ്റൻ ലയണൽ മെസ്സി. വെനസ്വേലയ്‌ക്കെതിരെ 3-0 നാണ് അർജന്റീനയുടെ വിജയം. അടുത്ത വർഷം നടക്കുന്ന ലോകകപ്പിലേക്ക് അർജന്റീന നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. വെനസ്വേലയ്‌ക്കെതിരായ മത്സരം സ്വന്തം നാട്ടിൽ നടക്കുന്ന തന്റെ അവസാന മത്സരമായിരിക്കുമെന്ന് മെസ്സി പറഞ്ഞു.
വിരമിക്കുന്നതിനെ സംബന്ധിച്ച് മെസ്സി ഇതുവരെ സൂചന നൽകിയിട്ടില്ല. അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് മെസ്സി പറഞ്ഞെങ്കിലും അവസാനനിമിഷം വരെ സസ്പെൻസ് തുടരും. തുടർച്ചയായ പരുക്കുകളും വെല്ലുവിളിയാണ്. 2030 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ 2027ലാണ് ആരംഭിക്കുക. അപ്പോൾ താരത്തിന് 40 വയസ്സ് തികയും. അതിനാൽ തന്നെ അർജന്റീനയുടെ മണ്ണിൽ ഇനി മെസ്സി കളിക്കാനുള്ള സാധ്യത വിരളമാണ്.
10ന് ഇക്വഡോറിനെതിരെ നടക്കുന്ന മത്സരത്തിൽ താൻ കളിക്കില്ലെന്ന് മെസ്സി വ്യക്തമാക്കി. ‘‘ഞാൻ സ്കലോനിയുമായി സംസാരിച്ചു. ഞങ്ങൾ തീരുമാനിച്ചു, അല്ലെങ്കിൽ അദ്ദേഹം തീരുമാനിച്ചു, ഞാൻ വിശ്രമിക്കണമെന്ന്. ഞാൻ ഒരു പരുക്കിൽ നിന്ന് തിരിച്ചുവരുകയാണ്. പരുക്ക് ഭേദമായെങ്കിലും യാത്ര ചെയ്യുന്നതും മറ്റൊരു മത്സരം കളിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. അതിനാൽ അടുത്ത മത്സരത്തിൽ വിശ്രമിക്കും’’– മെസ്സി പറഞ്ഞു.
‘‘ലോകകപ്പിനെക്കുറിച്ച് ഞാൻ മുൻപ് പറഞ്ഞതുപോലെ, ഇനി കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ പ്രായം കാരണം, ഏറ്റവും യുക്തിസഹമായ കാര്യം ഞാൻ അതിൽ കളിക്കില്ല എന്നതാണ്. പക്ഷേ, നമ്മൾ അടുത്തെത്തി കഴിഞ്ഞു. അതിനാൽ ഞാൻ ആവേശത്തിലാണ്. ഞാൻ എപ്പോഴും പറയുന്നതുപോലെ, ഓരോ ദിവസവും എങ്ങനെയാകുമെന്ന് കരുതിയാണ് മുന്നോട്ടു പോകുന്നത്.
‘‘ഞാൻ നന്നായിരിക്കാൻ ശ്രമിക്കുന്നു. എല്ലാറ്റിനുമുപരി, എന്നോട് തന്നെ സത്യസന്ധത പുലർത്തുന്നു. എനിക്ക് സുഖം തോന്നുമ്പോൾ, ഞാൻ അത് ആസ്വദിക്കുന്നു, പക്ഷേ എനിക്ക് അങ്ങനെ തോന്നാത്തപ്പോൾ സത്യസന്ധമായി, എനിക്ക് നല്ല സമയമല്ല, അതിനാൽ ഞാൻ അവിടെ ഉണ്ടാകാതിരിക്കാൻ ശ്രമിക്കും. അപ്പോൾ നമുക്ക് നോക്കാം. ലോകകപ്പിനെക്കുറിച്ച് ഞാൻ ഒരു തീരുമാനമെടുത്തിട്ടില്ല.
സീസൺ ഞാൻ പൂർത്തിയാക്കും, പിന്നെ എനിക്ക് പ്രീസീസൺ ഉണ്ടാകും, ആറ് മാസം ബാക്കിയുണ്ടാകും. അപ്പോൾ എനിക്ക് എങ്ങനെ തോന്നുന്നെന്ന് നമുക്ക് നോക്കാം. 2026ൽ എനിക്ക് നല്ലൊരു പ്രീസീസൺ ഉണ്ടാകുമെന്നും ഈ സീസൺ നന്നായി പൂർത്തിയാക്കുമെന്നും പ്രതീക്ഷിക്കാം, തുടർന്ന് ഞാൻ തീരുമാനിക്കും.’’– മെസ്സി പറഞ്ഞു.
എസ്റ്റാഡിയോ മൊനുമെന്റൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരെ ആവേശഭരിതരാക്കിയായിരുന്നു വെനസ്വേലയ്‌ക്കെതിരെ മെസ്സിയുടെ രണ്ടു തകർപ്പൻ ഗോളുകൾ. ‘‘ഇവിടെ ഇങ്ങനെ അവസാനിപ്പിക്കുന്നത് ഞാൻ എപ്പോഴും സ്വപ്നം കണ്ടിട്ടുള്ള കാര്യമാണ്. ഞാൻ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുള്ള സ്റ്റേഡിയമാണ് ഇത്. നല്ലതും അല്ലാത്തതും, പക്ഷേ അർജന്റീനയിൽ, ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് എപ്പോഴും സന്തോഷകരമാണ്.’’– മത്സരശേഷം മെസ്സി പറഞ്ഞു.
മെസ്സിയുടെ കുടുംബവും മത്സരം കാണാൻ എത്തിയിരുന്നു. വെനിസ്വേലയ്‌ക്കെതിരെ, 39-ാം മിനിറ്റിലും 80-ാം മിനിറ്റിലുമായിരുന്നു മെസ്സിയുടെ ഗോൾ നേട്ടം. ലൗട്ടാരോ മാർട്ടിനെസ് 76-ാം മിനിറ്റിൽ ഒരു ഗോൾ നേടി.ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ 36 ഗോളുകൾ നേടിയ മെസ്സി, എക്കാലത്തെയും ഗോൾ വേട്ടക്കാരിൽ ഒന്നാമതാണ്.
English Summary:








English (US) ·