Published: December 31, 2025 12:27 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ദേശീയ ടീമിലേക്ക് പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനു വഴിയൊരുങ്ങുന്നു. 2027ലെ ഏകദിന ലോകകപ്പ് കൂടി മുന്നിൽ കണ്ട് ബിസിസിഐ ഷമിയുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്. എന്തായാലും ഷമിയുടെ തിരിച്ചുവരവ് അധികം വൈകാതെ സംഭവിക്കുമെന്നാണു ബിസിസിഐ ഉദ്യോഗസ്ഥരിൽനിന്നു ലഭിക്കുന്ന സൂചന.
‘‘മുഹമ്മദ് ഷമിയുടെ കാര്യം സ്ഥിരമായി പരിഗണനയിൽ വരുന്നുണ്ട്. ഫിറ്റ്നസ് മാത്രമാണ് ആശങ്കയായി ഉള്ളത്. നന്നായി വിക്കറ്റുകൾ വീഴ്ത്തുന്ന ബോളറാണ് അദ്ദേഹം. ടീം സിലക്ഷൻ റഡാറില്‍ അദ്ദേഹം ഇല്ലെന്നു പറയാൻ സാധിക്കില്ല. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ടീമിലെടുത്താൽ നന്നായിരിക്കും. പെട്ടെന്നു തന്നെ അദ്ദേഹം ടീമിലേക്കെത്തിയാലും അദ്ഭുതപ്പെടാനില്ല. 2027 ലോകകപ്പിലും ഷമിക്കു സാധ്യതകളുണ്ട്.’’– ബിസിസിഐയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തോടു പറഞ്ഞു.
2025 മാർച്ചിലെ ചാംപ്യൻസ് ട്രോഫിയിലാണ് മുഹമ്മദ് ഷമി ഇന്ത്യൻ ടീമിനു വേണ്ടി ഒടുവിൽ കളിച്ചത്. ടൂര്‍ണമെന്റിൽ ഒൻപതു വിക്കറ്റുകൾ ഷമി വീഴ്ത്തി. ടെസ്റ്റിൽ 2023ലായിരുന്നു ഷമിയുടെ അവസാനത്തെ കളി. 2023 ജൂണിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലാണ് താരം ഒടുവിൽ കളിക്കാനിറങ്ങിയത്.
പരുക്കുമാറിയെന്നു ഷമി തന്നെ പല തവണ പറഞ്ഞിട്ടും താരത്തെ പരിഗണിക്കാൻ ബിസിസിഐ തയാറായിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി വിജയ് ഹസാരെയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ച താരം ആറു മത്സരങ്ങളിൽനിന്ന് 17 വിക്കറ്റുകളാണു വീഴ്ത്തിയത്. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ നാലു മത്സരങ്ങളിൽനിന്ന് 20 വിക്കറ്റുകളും സ്വന്തമാക്കി.
English Summary:








English (US) ·