ബോളിവുഡില്‍ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ആമിര്‍ ഖാന്‍. ഒന്നിലധികം വാനിറ്റി വാനുകള്‍ മുതല്‍ സെറ്റില്‍ ലൈവ് കിച്ചണുകള്‍ വരെ ആവശ്യപ്പെടുന്നവരാണ് ഇപ്പോഴത്തെ അഭിനേതാക്കളെന്നും നിര്‍മാതാക്കളുടെ ചെലവ് കുതിച്ചുയരുകയാണെന്നും ആമിര്‍ വ്യക്തമാക്കുന്നു. ഇത് ലജ്ജാകരമാണെന്നും നിര്‍മാതാക്കളോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറയുന്നു,
'ഗെയിം ചെയ്‌ഞ്ചേഴ്‌സ്' എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആമിര്‍. 'താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കണം. പക്ഷേ അത് നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കുന്ന ഘട്ടത്തിലേക്ക് എത്തരുക്. താരത്തിന്റെ ഡ്രൈവര്‍ക്കും സെറ്റിലെ സഹായിക്കും നിര്‍മാതാവ് പണം നല്‍കേണ്ടി വരുന്നു. ഈ രീതി എനിക്ക് വളരെ വിചിത്രമായി തോന്നി. ഡ്രൈവറും സഹായിയും ആ താരത്തിന് വേണ്ടി ജോലി ചെയ്യുമ്പോള്‍ എന്തിനാണ് നിര്‍മാതാവ് അതിന്റെ പണം നല്‍കുന്നതെന്ന് എന്നാണ് ഞാന്‍ ചിന്തിച്ചത്. എന്റെ ആവശ്യങ്ങള്‍ക്കുള്ള സ്റ്റാഫിന് നിര്‍മാതാവ് പണം നല്‍കുന്നുണ്ടെങ്കില്‍ എന്റെ കുട്ടികളുടെ സ്‌കൂള്‍ ഫീസും അദ്ദേഹം അടയ്ക്കാന്‍ തുടങ്ങുമെന്നാണ് അതിന് അര്‍ത്ഥം? ഇത് എവിടെച്ചെന്ന് അവസാനിക്കും?'-ആമിര്‍ ചൂണ്ടിക്കാണിക്കുന്നു.
സിനിമയുമായി നേരിട്ട് ബന്ധമുള്ള ചെലവുകള്‍ മാത്രമേ നിര്‍മാതാക്കാള്‍ വഹിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഹെയര്‍, മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവയാണ് നിര്‍മാതാവിന്റെ ചെലവില്‍ ഉള്‍പ്പെടുന്നത്. ഡ്രൈവര്‍ക്കും സഹായിക്കും പണം നല്‍കേണ്ടത് നടന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും ഞാന്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ നന്നായി സമ്പാദിക്കുമ്പോള്‍'- ആമിര്‍ പറയുന്നു.
'ഇന്നത്തെ താരങ്ങള്‍ അവരുടെ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ശ്രമിക്കുന്നില്ലെന്നാണ് ഞാന്‍ കേള്‍ക്കുന്നത്. അവര്‍ നിര്‍മാതാക്കളോട് പണം നല്‍കാന്‍ ആവശ്യപ്പെടുന്നു. അതുമാത്രമല്ല, നടന്റെ സ്‌പോട്ട് ബോയ്ക്കും നിര്‍മാതാവ് തന്നെയാണ് പണം നല്‍കുന്നത്. അതു മാത്രമല്ല, അവരുടെ പരിശീലകര്‍ക്കും പാചകക്കാര്‍ക്കും നിര്‍മാതാവിനെക്കൊണ്ട് പണം കൊടുപ്പിക്കുന്നു. ഇപ്പോള്‍ അവര്‍ സെറ്റില്‍ ലൈവ് കിച്ചണ്‍ വെക്കുകയും അതിന്റെ ചെലവ് നിര്‍മാതാവ് വഹിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അടുക്കളകള്‍ക്കും ജിമ്മുകള്‍ക്കുമായി അവര്‍ ഒന്നിലധികം വാനിറ്റി വാനുകള്‍ പോലും ആവശ്യപ്പെടുന്നു.'-ആമിര്‍ പറയുന്നു.
താരങ്ങള്‍ ഈ ആഡംബരങ്ങള്‍ ആഗ്രഹിക്കുന്നതിന് താന്‍ എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആ ചെലവുകള്‍ നിര്‍മാതാക്കളുടെ തലയില്‍ കെട്ടിവെക്കുന്നത് സിനിമാ വ്യവസായത്തിന് ദോഷം ചെയ്യുമെന്നും പറഞ്ഞു. 'ഈ താരങ്ങള്‍ കോടികള്‍ സമ്പാദിക്കുന്നു, എന്നിട്ടും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിവില്ലേ? എനിക്കിത് അങ്ങേയറ്റം വിചിത്രമായി തോന്നുന്നു. ഇത് സിനിമാ വ്യവസായത്തെ തകര്‍ക്കും. ഇന്നും തങ്ങളുടെ നിര്‍മാതാക്കളോടും സിനിമകളോടും വളരെ അന്യായമായി പെരുമാറുന്ന നടന്മാരുണ്ട് എന്നത് ലജ്ജാകരമാണ്.
സിനിമകള്‍ക്കുവേണ്ടിയുള്ള പരിശീലനത്തിന്റെ പണം നിര്‍മാതാക്കള്‍ നല്‍കുന്നത് ന്യായമാണ്. ദംഗലില്‍ ഗുസ്തി പരിശീലനത്തിനുള്ള ചെലവ് വഹിച്ചത് നിര്‍മാതാക്കളാണ്. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കപ്പുറം വ്യക്തിപരമായ ചെലവുകള്‍ ഒരിക്കലും ഒരു സിനിമയ്ക്ക് ഭാരമാകരുതെന്നും ആമിര്‍ പറഞ്ഞു. ഇങ്ങനെ മുന്നോട്ടുപോകുകയാണെങ്കില്‍ നടന്‍മാര്‍ അവരുടെ പുതിയ ഫ്‌ളാറ്റിന്റെ പണം നല്‍കാന്‍ വരെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടേക്കുമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
'ഇന്നും, ഞാന്‍ എന്റെ കുടുംബത്തെ ഒരു ഔട്ട്ഡോര്‍ ഷൂട്ടിനായി കൊണ്ടുപോകുമ്പോള്‍, എന്റെ സ്വന്തം പോക്കറ്റില്‍ നിന്നാണ് ഞാന്‍ പണം നല്‍കുന്നത്. ആ അധികച്ചെലവ് എന്റെ നിര്‍മാതാക്കളിലാരെങ്കിലും വഹിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഇന്നത്തെ താരങ്ങള്‍ അവരുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണ്. അവരുടെ ആവശ്യങ്ങള്‍ അവരെ തെറ്റായ രീതിയില്‍ മാത്രമാണ് ചിത്രീകരിക്കുന്നത്.'-ആമിര്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: aamir khan calls bollywood actors shameful
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·