15 September 2025, 09:30 PM IST

അൽഫോൺസ് ഫെലിക്‌സ് സിംബുവിന്റെയും അമനാൽ പെട്രോസിന്റെയും മൈക്രോസെക്കൻഡ് വ്യത്യാസത്തിലുള്ള ഫിനിഷിങ് | AP
ടോക്യോ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ മാരത്തണില്‍ കണ്ടത് എക്കാലത്തെയും മികച്ച ഫിനിഷുകളിലൊന്ന്. ഫോട്ടോഫിനിഷില്‍ ടാന്‍സാനിയയുടെ അല്‍ഫോണ്‍സ് ഫെലിക്‌സ് സിംബു സ്വര്‍ണം നേടി. ഫിനിഷിങ് ലൈനിലെ ആവേശകരമായ പോരാട്ടത്തില്‍ ജര്‍മനിയുടെ അമനാല്‍ പെട്രോസിനെയാണ് മൈക്രോസെക്കന്‍ഡ് വ്യത്യാസത്തില്‍ പിന്തള്ളിയത്. ജയത്തോടെ സിംബു ടാന്‍സാനിയയ്ക്കായി ലോകകിരീടം നേടുന്ന ആദ്യതാരമായി.
ഒരു സെക്കന്‍ഡിന്റെ നൂറില്‍ മൂന്ന് അംശത്തിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുണ്ടായത്. ഫിനിഷിങ് ലൈനില്‍ ഡൈവ് ചെയ്ത പെട്രോസിനെ സിംബു മറികടക്കുകയായിരുന്നു. ഞായറാഴ്ച നടന്ന പുരുഷന്മാരുടെ നൂറു മീറ്റര്‍ ഫൈനലിലെ സ്വര്‍ണ-വെള്ളി മെഡല്‍ ജേതാക്കള്‍ തമ്മിലുള്ള വ്യത്യാസംപോലും 0.05 സെക്കന്‍ഡായിരുന്നു. അതിലും കുറഞ്ഞതായി 42.195 കിലോമീറ്റര്‍ ഓട്ടമുള്ള മാരത്തണില്‍ സംഭവിച്ചത്. ഇരുവര്‍ക്കും രണ്ട് മണിക്കൂര്‍, ഒമ്പത് മിനിറ്റ്, 48 സെക്കന്‍ഡ് എന്ന ഒരേ ഫിനിഷിങ് സമയം നല്‍കി.
ടോക്യോവിലെ നാഷണല്‍ സ്റ്റേഡിയത്തിലേക്ക് ഓട്ടക്കാര്‍ പ്രവേശിക്കുമ്പോള്‍ മുന്നിലായിരുന്നിട്ടും ജര്‍മ്മന്‍ താരത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇറ്റലിയുടെ ഇലിയാസ് അവാനി 2:09.53-ല്‍ വെങ്കലം നേടി. 'സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചപ്പോള്‍, ഞാന്‍ വിജയിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു,' 33-കാരനായ സിംബു പറഞ്ഞു. 'ഞാന്‍ ജയിച്ചോ എന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍, വീഡിയോ സ്‌ക്രീനുകളില്‍ ഫലങ്ങളുടെ മുകളില്‍ എന്റെ പേര് കണ്ടപ്പോള്‍ ആശ്വാസമായി. ഞാനിന്ന് ചരിത്രം സൃഷ്ടിച്ചു. ലോക ചാമ്പ്യന്‍ഷിപ്പിലെ ടാന്‍സാനിയയുടെ ആദ്യ സ്വര്‍ണമെഡല്‍', സിംബു പറഞ്ഞു.
സിംബുവിന്റെ മുകളിലേക്ക് ഉയര്‍ന്ന വലതുകൈ ഫിനിഷിങ് ടേപ്പില്‍ സ്പര്‍ശിച്ചതാണ് മത്സരഫലത്തില്‍ നിര്‍ണായകമായത്. പെട്രോസിന്റെ ശരീരമാണ് ആദ്യം ഫിനിഷിങ് ലൈന്‍ കടന്നത്. ഓട്ടത്തിന്റെ അവസാന അഞ്ച് മീറ്ററില്‍ സിംബു മറികടക്കുന്നുവെന്ന് കണ്ട് കിണഞ്ഞു ശ്രമിച്ചിട്ടും ജര്‍മ്മന്‍ താരം നേരിയ വ്യത്യാസത്തില്‍ പിന്നിലായി.
Content Highlights: imbu's Thrilling Finish Secures Tanzania's First World Championship Gold successful Marathon








English (US) ·