തൃശൂർ ∙ തൃശൂർ വെസ്റ്റ് ഉപജില്ലാ കായികമേളയിൽ ഡിസ്കസ് ത്രോ മത്സരത്തിനു നിയോഗിക്കപ്പെട്ട ‘ഒഫിഷ്യലു’കളിലൊരാൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനി! ചെസ്റ്റ് നമ്പർ ധരിച്ച്, ടേപ്പ് പിടിച്ചു വിദ്യാർഥിനി ഡിസ്കസ് ത്രോയുടെ ദൂരം അളക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഡിസ്കസ് ത്രോയിൽ ഒരു കാറ്റഗറിയുടെ മത്സരം പൂർത്തിയാകുന്നതു വരെ കുട്ടിയെ തന്നെ നിയോഗിച്ചു. മത്സര നടത്തിപ്പിന് അത്‌ലീറ്റുകളെ ഉപയോഗിക്കുന്നതു കായികമേള ചട്ടങ്ങൾക്കു വിരുദ്ധമാണ്.
കായികാധ്യാപകർ നിസ്സഹകരണം പ്രഖ്യാപിച്ചു മത്സര നടത്തിപ്പിൽ നിന്നു വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണു ഭാഷാ അധ്യാപകരെയും അനധ്യാപകരെയും വരെ നിർബന്ധിച്ചു കായികമേള നടത്തിപ്പിനു നിയോഗിച്ചിട്ടുള്ളത്. കായിക നിയമങ്ങളെക്കുറിച്ചു കൃത്യമായ ധാരണയോ മത്സര നടത്തിപ്പിൽ പരിചയമോ ഇല്ലാത്തതിനാൽ പല ഉപജില്ലകളിലും സംഘാടനമാകെ താറുമാറാണ്.
ജാവലിൻ ത്രോയുടെ റൺവേ തീരുന്നിടത്ത് ഓടയാണെന്നതിനാൽ മത്സരാർഥികൾക്കു വീണു പരുക്കേൽക്കുമെന്നു ചൂണ്ടിക്കാട്ടി പരിശീലകരും കുട്ടികളും ബഹളം കൂട്ടിയതോടെ മത്സരം മാറ്റിവയ്ക്കേണ്ടിവന്നു. ഷോട്പുട്, ഡിസ്കസ് ത്രോ മത്സരങ്ങൾ ഒരേ സ്ഥലത്തായതും എതിർപ്പുകൾക്കിടയാക്കി. ചുറ്റും കുട്ടികൾ കൂടി നിൽക്കുന്നിടത്ത് ഒരുതരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവിടെ ഷോട്പുട്, ഡിസ്കസ് ത്രോ മത്സരങ്ങൾ നടത്തിയത്. കറങ്ങിയെറിയുന്ന മത്സരമായതിനാൽ ഡിസ്ക് എവിടേക്കു വേണമെങ്കിലും പതിക്കാവുന്ന അവസ്ഥയായിട്ടും വിദ്യാർഥികൾക്കു നടുവിൽ തന്നെ മത്സരം നടത്തി.
ചാലക്കുടിയിൽ മേളയില്ല;സിലക്‌ഷൻ ട്രയൽസ്!ഇന്നാരംഭിക്കുന്ന ചാലക്കുടി ഉപജില്ലാ കായികമേള സിലക്‌ഷൻ ട്രയൽസ് ആയി നടത്തുമെന്ന അറിയിപ്പിനെച്ചൊല്ലി അടിമുടി ആശയക്കുഴപ്പം. മത്സര രീതിയിലല്ലാതെ സിലക്‌ഷൻ ട്രയൽസായി എങ്ങനെ കായികമേള നടത്താനാകുമെന്നതിലാണ് സംശയങ്ങൾ. 15 കായികാധ്യാപകരെയും 39 മറ്റ് അധ്യാപകരെയും കായികമേള ഡ്യൂട്ടിക്കു നിയോഗിച്ച് എഇഒ ഉത്തരവിറക്കി.
എന്നാൽ, കായികാധ്യാപകർ സഹകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഹർഡിൽസ് മത്സരം ഇന്നു നടത്തുമെന്ന് അറിയിപ്പ് ഉണ്ടെങ്കിലും ട്രാക്കിൽ നിരത്താനുള്ള ഹർഡിലുകൾ ഇതുവരെ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നു രാവിലെ ഹർഡിലുകൾ ലഭിച്ചില്ലെങ്കിൽ മത്സരം നീട്ടിവയ്ക്കേണ്ടി വരും.
English Summary:








English (US) ·