ഇങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വരാൻ ബുദ്ധിമുട്ടുണ്ട്; നിങ്ങളേക്കാൾ കൂടുതൽ വിഷമം എനിക്ക്- വേടൻ

8 months ago 7

vedan kilimanoor concert

വേടൻ, സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച പരിപാടിയുടെ പോസ്റ്റർ | Photo: Instagram/ vedanwithword, Star Pro Audios & Light

സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്‌പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെ ടെക്‌നീഷ്യന്‍ മരിച്ചതിന് പിന്നാലെ പരിപാടി റദ്ദാക്കി റാപ്പര്‍ വേടന്‍. മരണംനടന്ന സാഹചര്യത്തില്‍ ആ വേദിയില്‍വന്ന് പാട്ടുപാടാന്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് വേടന്‍ പറഞ്ഞു. ആള്‍ക്കൂട്ടവും സുരക്ഷാക്കുറവും മൂലം, പരിപാടി റദ്ദാക്കാനുള്ള കാരണം നേരിട്ട് വന്ന് പറയാന്‍പോലും പറ്റാത്ത സാഹചര്യമുണ്ടെന്നും വേടന്‍ പറഞ്ഞു. ടെക്‌നീഷ്യന്റെ മരണത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് വേടന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെ ചിറയിന്‍കീഴ് കൂന്തള്ളൂര്‍ നന്ദാവനത്തില്‍ താമസിക്കുന്ന കോരാളി ഇടയ്‌ക്കോട് ഉളയന്റവിളവീട്ടില്‍ ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റതിനെത്തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നു സംശയിക്കുന്നു.

വ്യാഴാഴ്ച വൈകീട്ട് 4.30-ഓടെ കിളിമാനൂരിനുസമീപം വെള്ളല്ലൂര്‍ ഊന്നന്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഊന്നന്‍കല്ല് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഊന്നന്‍കല്ല് പാടശേഖരത്താണ് പരിപാടിക്കായി വേദി ഒരുക്കിയത്. വേദിയില്‍ ഒപ്പം രണ്ട് ടെക്‌നീഷ്യന്മാരുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് വൈദ്യുതാഘാതം അനുഭവപ്പെട്ടിരുന്നില്ല. കുഴഞ്ഞുവീണ ഉടന്‍ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വേടന്റെ വാക്കുകള്‍:
കിളിമാനൂരില്‍വെച്ച് നടത്താനിരുന്ന എന്റെ പരിപാടിയില്‍ ലിജു എന്നു പറയുന്ന ഒരു സഹോദരന്‍, ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരണപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍വന്ന് നിങ്ങളുടെ മുന്നില്‍വന്ന് പാട്ടുപാടാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത് ഞാന്‍ സംഘാടകരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ചിട്ടുണ്ട്.

എന്നെ കാണാനും കേള്‍ക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നില്‍വന്ന് ഇതെനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നില്‍വന്ന് ഇത് പറയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെ പ്രിയ്യപ്പെട്ടവരായ നിങ്ങള്‍ ഇത് മനസിലാക്കുമെന്നും സംയമനം പാലിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ഇതിലും വലിയൊരു വേദിയില്‍ ഇതിലും സുരക്ഷാസംവിധാനങ്ങളോടുകൂടി ഞാന്‍ നിങ്ങളുടെ മുന്നില്‍ ഇനിയും വരും. നിങ്ങളേക്കാള്‍ കൂടുതല്‍ വിഷമം എനിക്കുണ്ട്. എനിക്ക് പെര്‍ഫോംചെയ്യാന്‍ പറ്റാത്തതിലും അതിലുപരി എന്റെ ഷോയ്ക്കുവേണ്ടി പണിയെടുക്കാന്‍ വന്നൊരു ചേട്ടന്‍ മരണപ്പെട്ടിരിക്കുകയാണ്. നിങ്ങളിത് മനസിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Content Highlights: Rapper Vedan canceled performance pursuing the decease of a technician during LED surface setup

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article