ഇടതുകൈ കൊണ്ട് ടോസിട്ടു, ഇന്ത്യയെ ഭാഗ്യം തുണച്ചു, ജയ്സ്വാളിന് മോഹിച്ച സെഞ്ചറി, കളി തിരിച്ചത് പ്രസിദ്ധ്

1 month ago 2

മനോരമ ലേഖകൻ

Published: December 07, 2025 01:29 PM IST

2 minute Read

jaiswal
സെഞ്ചറി നേടിയ ജയ്സ്വാളിന്റെ ആഹ്ലാദം

വിശാഖപട്ടണം ∙ മറക്കാനാഗ്രഹിക്കുന്ന തോൽവികളും മനസ്സു തകർത്ത വിമർശനങ്ങളും തൽക്കാലത്തേക്കു മറക്കാം. നിരാശയിൽനിന്ന് വിജയപ്രതാപത്തിലേക്ക് പറന്നുയരാൻ ഊർജമായി ഇന്ത്യയ്ക്ക് ഇതാ ഒരു പരമ്പര വിജയം. മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി (2–1). ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവിയുമായി തലതാഴ്ത്തിയ ടീമിനുള്ള ആശ്വാസ നേട്ടം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയെ 270 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യ 61 പന്തുകൾ ബാക്കിനിൽക്കെ അനായാസം ജയമുറപ്പിച്ചു.

തന്റെ നാലാം ഏകദിന മത്സരത്തിൽ കന്നി സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിനു (116 നോട്ടൗട്ട്) കൂട്ടായി സീനിയർ താരങ്ങളായ രോഹിത് ശർമയും (73 പന്തിൽ 75) വിരാട് കോലിയും (45 പന്തിൽ 65 നോട്ടൗട്ട്) നിലയുറപ്പിച്ചതോടെ ജയത്തിനായി ഇന്ത്യയ്ക്കു കാര്യമായി വിയർപ്പൊഴുക്കേണ്ടിവന്നില്ല. സ്കോർ: ദക്ഷിണാഫ്രിക്ക– 47.5 ഓവറിൽ 270 ഓൾഔട്ട്. ഇന്ത്യ– 39.5 ഓവറിൽ ഒന്നിന് 271. ജയ്സ്വാളാണ് പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പരയിൽ 2 സെഞ്ചറിയും ഒരു അർധ സെഞ്ചറിയുമായി തിളങ്ങിയ സൂപ്പർതാരം വിരാട് കോലിയാണ് പ്ലെയർ ഓഫ് ദ് സീരിസ്.

മോഹിച്ച സെഞ്ചറിശുഭ്മൻ ഗില്ലിന് പരുക്കേറ്റതോടെ ഏകദിന ടീമിൽ അപ്രതീക്ഷിത അവസരം ലഭിച്ച യശസ്വി ജയ്സ്വാളിനു പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിരുന്നില്ല. ഏകദിന ഫോർമാറ്റിൽ പ്രതിഭ തെളിയിക്കണമെന്ന വാശിയോടെ കളത്തിലിറങ്ങിയ ഇരുപത്തിമൂന്നുകാരൻ ഇന്നലെ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ പതിവ് ശൈലിയിൽ ബാറ്റുവീശിയ രോഹിത് ശർമ റൺറേറ്റ് താഴാതെ നോക്കി. രോഹിത് 54 പന്തിൽ അർധ സെഞ്ചറി നേടിയപ്പോൾ 75 പന്തുകളിലായിരുന്നു ജയ്സ്വാളിന്റെ നേട്ടം. 155 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനുശേഷം 26–ാം ഓവറിൽ രോഹിത് പുറത്താകുമ്പോൾ ഇന്ത്യ ഏറക്കുറെ വിജയമുറപ്പിച്ചിരുന്നു.

ജയ്സ്വാളിനൊപ്പം വിരാട് കോലി എത്തിയതോടെ ഇന്ത്യയുടെ സ്കോറിങ് അതിവേഗത്തിലായി. അർധ സെഞ്ചറിയിൽനിന്ന് സെഞ്ചറിയിലെത്താൻ 36 പന്തുകളേ ജയ്സ്വാളിനു വേണ്ടി വന്നുള്ളൂ. 40 പന്തിൽ കോലിയും അർധ സെഞ്ചറി തികച്ചു. 84 പന്തിൽ 116 റൺസ് നേടിയ ഇവരുടെ അപരാജിത കൂട്ടുകെട്ടിന്റെ ബലത്തിൽ 10.1 ഓവർ ബാക്കിനിൽക്കെ ഇന്ത്യ ജയവും പരമ്പരയും ഉറപ്പിച്ചു.

കളി തിരിച്ച് പ്രസിദ്ധ്നേരത്തേ 23–ാം ഏകദിന സെഞ്ചറിയിലൂടെ ഓപ്പണർ ക്വിന്റൻ ഡികോക് (106) ദക്ഷിണാഫ്രിക്കയ്ക്കു മികച്ച തുടക്കമാണ് നൽകിയത്. 28 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 168 റൺസുമായി സന്ദർശകർ കൂറ്റൻ സ്കോറിലേക്കു കുതിക്കുമ്പോൾ പ്രസിദ്ധ് കൃഷ്ണ കളി തിരിച്ചു. തന്റെ 2 ഓവറുകൾക്കിടെ ഡികോക്കിന്റേത് അടക്കം 3 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ പ്രസിദ്ധ് ദക്ഷിണാഫ്രിക്കയെ 5ന് 199 എന്ന നിലയിൽ പിടിച്ചുകെട്ടി. വാലറ്റത്തെ പ്രതിരോധങ്ങൾ കുൽദീപ് യാദവും തകർത്തതോടെ വിശാഖപട്ടണത്തെ ബാറ്റിങ് പിച്ചിൽ പ്രതീക്ഷിച്ച സ്കോറുയർത്താൻ ദക്ഷിണാഫ്രിക്കയ്ക്കായില്ല. 36 റൺസിനിടെ അവസാന 5 വിക്കറ്റുകൾ അവർക്കു നഷ്ടമായി. ഇന്ത്യയ്ക്കായി കുൽദീപും പ്രസിദ്ധും 4 വിക്കറ്റ് വീതം നേടി.

ഇടതുകൈ കൊണ്ട് ടോസ്; ഇന്ത്യയെ ഭാഗ്യം തുണച്ചു! ടോസിലെ നിർഭാഗ്യം അവസാനിപ്പിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ.രാഹുൽ ഇന്നലെ ഒരു പരീക്ഷണം നടത്തി; ഇടതുകൈ കൊണ്ട് കോയിൻ ടോസ് ചെയ്യുക. വലതു കൈയ്ക്കു പകരം ഇടതുകൈ ഉപയോഗിച്ചത് ഫലിക്കുകയും ചെയ്തു. തുടർച്ചയായ 20 ഏകദിന മത്സരങ്ങളിലെ ടോസ് നഷ്ടത്തിനു ശേഷം ഇന്ത്യയ്ക്കു ടോസിന്റെ ഭാഗ്യം ലഭിച്ചു. 2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിലാണ് ഇന്ത്യ ഇതിനു മുൻപ് ടോസ് നേടിയത്.  രാത്രിയിൽ മഞ്ഞുവീഴ്ചയുള്ള വിശാഖപട്ടണം ഗ്രൗണ്ടിൽ രണ്ടാമത് ബാറ്റു ചെയ്യാനായത് ഇന്നലെ ഇന്ത്യൻ വിജയത്തിൽ നിർണായകമാകുകയും ചെയ്തു.

English Summary:

India vs South Africa ODI bid concludes with India's ascendant victory. Yashasvi Jaiswal's maiden period and Virat Kohli's accordant show led India to a bid win.

Read Entire Article