.jpg?%24p=cdf0b10&f=16x10&w=852&q=0.8)
മുഹമ്മദ് സിറാജ് ഗസ് ആറ്റ്കിൻസനെ ബൗൾഡാക്കുന്നു | Instagram.com/kumardharmasenaofficial
കെന്നിങ്ടണ്‍: ഓവലിൽ ആറു റൺസിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാന ദിവസം നാലു വിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഇപ്പോഴിതാ ഇന്ത്യയുടെ വിജയം കുറിച്ച മുഹമ്മദ് സിറാജിന്റെ പന്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അമ്പയര്‍ കുമാര്‍ ധര്‍മസേന.
ആ പന്ത് അടുത്തുനിന്ന് കാണാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് ധര്‍മസേന കുറിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് ധര്‍മസേനയുടെ പ്രതികരണം. ഗസ് ആറ്റ്കിന്‍സണെ ബൗള്‍ഡാക്കിയാണ് സിറാജ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്. അവസാനദിവസം കളത്തിലിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും ജയിക്കാൻ ഒരുപോലെ അവസരമുണ്ടായിരുന്നു. എന്നാൽ, അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലുവിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇംഗ്ലണ്ട് വാലറ്റത്തെ വീഴ്ത്തിയാണ് ജയം പിടിച്ചെടുത്തത്.
ആറിന് 339 റൺസെന്നനിലയിലാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. നാലുവിക്കറ്റ് കൈയിലിരിക്കെ വേണ്ടത് 35 റൺസ്. അഞ്ചാം ദിനത്തിലെ ആദ്യ ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ രണ്ടു ഫോറടിച്ച് ജാമി ഓവർട്ടൺ ഇംഗ്ലണ്ടിന് നല്ല തുടക്കംനൽകി. എന്നാൽ, തൊട്ടടുത്ത ഓവറിന്റെ മൂന്നാം പന്തിൽ സിറാജ്, ജാമി സ്മിത്തിനെ (2) ധ്രുവ് ജുറെലിന്റെ കൈയിലെത്തിച്ച് ഇന്ത്യക്ക് ആശിച്ച വിക്കറ്റുനൽകി. ഇതോടെ ഇംഗ്ലണ്ട് ഏഴിന് 347 എന്നനിലയിലായി.
പ്രസിദ്ധ് കൃഷ്ണയുടെ അടുത്ത ഓവറിൽ നാലുറൺസ് വന്നതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ, 80-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജാമി ഓവർട്ടണിനെ (ഒൻപത്) വിക്കറ്റിനുമുന്നിൽ കുരുക്കി സിറാജ് ഇംഗ്ലണ്ടിന് വീണ്ടും പ്രഹരമേൽപ്പിച്ചു. 83-ാം ഓവറിന്റെ അവസാനപന്തിൽ ജോഷ് ടങ്ങിനെ (പൂജ്യം) ബൗൾഡാക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ വിജയത്തിലേക്കുള്ള ദൂരം കുറച്ചു. ടങ് പുറത്തായതോടെ വോക്‌സ് പരിക്കേറ്റ ഇടംകൈ ജാക്കറ്റിനുള്ളിലാക്കി ക്രിസിലേക്കെത്തി.
അടുത്ത ഓവറിൽ സിറാജിനെ സിക്‌സിനുപറത്തി അറ്റ്കിൻസൻ ഇംഗ്ലണ്ടിന് പ്രതീക്ഷനൽകി. തുടർന്ന് രണ്ടോവർ വോക്‌സിന് സ്‌ട്രൈക്ക് നൽകാതെ അറ്റ്കിൻസൻ കളിതുടർന്നു. ഒടുവിൽ 86-ാം ഓവറിന്റെ ആദ്യപന്തിൽ മുഹമ്മദ് സിറാജ് തൊടുത്തുവിട്ട യോർക്കറിൽ അറ്റ്കിൻസന്റെ (17) പ്രതിരോധം തകർന്നു. പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷമാക്കി സിറാജും ഇന്ത്യൻ ടീമും വിജയാഘോഷം ആരംഭിച്ചു.
Content Highlights: umpire Kumar Dharmasenas Stunning Post On Sirajs Match Winning Ball








English (US) ·