Published: December 18, 2025 09:25 AM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യ അനുഷ്ക ശർമയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. വിമാനത്താവളത്തിൽവച്ച് ചിത്രമെടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ചതിനാണ് താരങ്ങൾക്കെതിരെ സൈബറാക്രമണം. മുംബൈ വിമാനത്താവളത്തിലെത്തിയ കോലിയും അനുഷ്കയും പുറത്തേയ്ക്കു നടന്നു വരുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
കോലി പുറത്തേയ്ക്കു നടക്കുന്നതിനിടെ ഭിന്നശേഷിക്കാരനായ ഒരു ആൺകുട്ടി സെൽഫിയെടുക്കാൻ താരത്തിന്റെ മുന്നിലേക്കു വരുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ട് തള്ളിമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ കോലി ഇതൊന്നും ശ്രദ്ധിക്കാതെ കാറിൽ കയറി. പിന്നാലെ അനുഷ്ക ശർമയും എത്തി.
ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സൈബറാക്രമണവും ആരംഭിച്ചത്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ കുറച്ചുകൂടി സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമായിരുന്നെന്നു പലരും കമന്റിട്ടു. സുരക്ഷാ ഉദ്യോഗസ്ഥൻ, ഭിന്നശേഷിക്കാരനായ കുട്ടിയെ തള്ളിമാറ്റുകയും കുട്ടിയുടെ കൈ താരത്തിന്റെ ശരീരത്തിൽ തട്ടുകയും ചെയ്തിട്ടു പോലും താരം ഒന്നു നോക്കാൻ പോലും തയാറാകാത്തതിനെയാണ് പലരും വിമർശിക്കുന്നത്.
‘‘സെൽഫി എടുത്തും ഓട്ടോഗ്രഫ് ഒപ്പിട്ടും അവർ മടുത്തെന്ന് എനിക്ക് മനസ്സിലാകും. എന്നാൽ ഭിന്നശേഷിക്കാരനായ ഒരു കുട്ടിയോട് ഇത്ര അവഗണന കാണിക്കുന്നത് തെറ്റാണെന്ന് തോന്നുന്നു. കുട്ടിയുടെ അഭ്യർഥന മാന്യമായി നിരസിക്കാമായിരുന്നു. എന്നാൽ ഒരു കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ തട്ടിമാറ്റുന്നതു തടയാനും ഇടപെടാനും പോലും മെനക്കെടാതിരിക്കുകയും ചെയ്യുന്നത് കാണുന്നത് വെറും ക്രൂരതയാണ്.’’– ഒരാളുടെ കമന്റ് ഇങ്ങനെ.
‘‘പ്രശസ്തരുടെ തനിസ്വഭാവമാണ് ഇത്. നിങ്ങൾ അവരുടെ വിജയത്തിനായി പ്രാർഥിക്കുന്നു, സമൂഹമാധ്യമങ്ങളിൽ 24×7 അവർക്കു വേണ്ടി വാദിക്കുന്നു. പക്ഷേ അവർ ആരെയും ശ്രദ്ധിക്കുന്നില്ല.’’– മറ്റൊരു കമന്റ് പറയുന്നു. രാജസ്ഥാനിലെ വരാ ഘട്ടിലുള്ള വൃന്ദാവൻ ആശ്രമത്തിൽ ആത്മീയഗുരുവായ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു കോലിയും അനുഷ്കയും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ലണ്ടനിലേക്കു മടങ്ങിയ വിരാട് കോലി, കഴിഞ്ഞയാഴ്ചയാണ് അനുഷ്കയുമൊത്ത് വീണ്ടും ഇന്ത്യയിലെത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിനു വേണ്ടിയാണ് താരമെത്തിയതെന്നാണ് വിവരം.
English Summary:








English (US) ·