
ലൗലി ബാബുവും അമ്മയും ഗാന്ധിഭവനിൽ. വീഡിയോയിൽനിന്നുള്ള ദൃശ്യങ്ങൾ | Screengrab/Instagram/amalgandhibhavan
തന്റെ അമ്മയെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവിന്റെ വാക്കുകളെ വകവെക്കാതെ വീടും കുടുംബവും ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം പത്തനാപുരത്തെ ഗാന്ധിഭവനില്‍ താമസിക്കുകയാണ് നടി ലൗലി ബാബു. നാടകങ്ങളിലും സിനിമാ-സീരിയലുകളിലും അഭിനയിച്ചിരുന്ന ലൗലി ബാബു, 92 വയസ്സുള്ള അമ്മയേയും കൂട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.
ലൗലിയുടെ ഭര്‍ത്താവിനും മക്കള്‍ക്കും അമ്മയെ പരിപാലിക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കല്‍ പ്രായമായ അമ്മയെ ഓച്ചിറയിലോ ഗുരുവായൂരോ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ മകളായ ലൗലിക്ക് അതേകുറിച്ച് ചിന്തിക്കാന്‍ പോലുമായില്ല. ഇതേതുടര്‍ന്ന് തന്റെ വീടുവിട്ട്, സിനിമാ ജീവിതംപോലും മാറ്റിവെച്ച് ലൗലി ഗാന്ധിഭവനിലെത്തുകയായിരുന്നു. ഗാന്ധിഭവന്റെ വൈസ് ചെയര്‍മാനായ അമല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിൽ ഇക്കാര്യങ്ങളെല്ലാം നടി വിശദമാക്കുന്നുണ്ട്.
അമ്മയെ ഓച്ചിറയില്‍ കൊണ്ടുപോയി കളയണം, അല്ലെങ്കില്‍ ഗുരുവായൂര്‍ ഇരുത്ത് എന്ന് ഭര്‍ത്താവ് പറഞ്ഞു. അതെനിക്ക് വലിയ സങ്കടമുള്ള സംഭവമായിരുന്നു. അന്നുതൊട്ട് അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ഞാന്‍ ആലോചിച്ചിരുന്നു. അപ്പോള്‍ അമ്മ ഒറ്റപ്പെട്ട് പോകും, അത് അമ്മക്ക് മാനസിക പ്രയാസമാകും. ഞാന്‍ ഒറ്റമോളാണ്. അമ്മയ്ക്ക് പ്രതീക്ഷയുണ്ടാകില്ലേ? പിന്നീട് ഞാന്‍ ആലോചിച്ചു. ഞാനുംകൂടെ പോയാല്‍ അമ്മയ്ക്ക് സന്തോഷമാകും. അങ്ങനെ നമുക്ക് എവിടെങ്കിലും പോകാമെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. നീ എന്റെ കൂടെയുണ്ടെങ്കില്‍ ഞാന്‍ എവിടെ വേണമെങ്കിലും വന്നോളാം എന്ന് അമ്മ പറഞ്ഞു, ലൗലി പറഞ്ഞു.
മക്കളേയും കൊച്ചുമക്കളേയും പൊന്നുപോലെ വളര്‍ത്തി. കാലം മാറിയപ്പോള്‍ മക്കള്‍ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാവാനേ കഴിഞ്ഞുള്ളു. രണ്ട് മക്കളേയും വിളിച്ചപ്പോള്‍ അവര്‍ വന്നു. എന്നാല്‍ അമ്മയെ ഒന്നു കാണാതെ പോയി. അതിന്റെ സങ്കടം എനിക്ക് സഹിക്കാന്‍ പറ്റിയില്ല. അവര്‍ എന്തേ എന്ന് അമ്മ ചോദിച്ചപ്പോള്‍ ഇപ്പൊ വരും എന്നു ഞാന്‍ പറഞ്ഞു. അവര്‍ വരുമെന്ന് പറഞ്ഞ് വൈകുന്നേരംവരെ അമ്മ നോക്കിനിന്നു, വന്നില്ല. അമ്മയെ നോക്കാന്‍ ഞാനുണ്ട്. എന്നെ നോക്കാന്‍ ആരുണ്ടാകും എന്ന ചോദ്യത്തിന് ഗാന്ധിഭവനുണ്ടാകും എന്ന വിശ്വാസത്തിലാണ് ഞാനിപ്പോള്‍, ലൗലി കൂട്ടിച്ചേര്‍ത്തു.
ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ആദ്യം ചെയ്ത സിനിമയെന്ന് ലൗലി വീഡിയോയില്‍ പറഞ്ഞു. നാലു പെണ്ണുങ്ങള്‍, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പുതിയ മുഖം, പ്രണയം, വെനീസിലെ വ്യാപാരി തുടങ്ങി ഒരുപിടി സിനിമകളിലും ലൗലി ബാബു അഭിനയിച്ചിട്ടുണ്ട്.
Content Highlights: Actress Lovely Babu abandons her location to attraction for her 92-year-old mother
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·