ഇതിലേതാണ് ‘ശരിക്കും ടീം ഇന്ത്യ?’; എ ടീമിനായി സർഫറാസിനു (76 പന്തിൽ 101) പിന്നാലെ ഷാർദൂലിനും (68 പന്തിൽ 122) സെഞ്ചറി, പരിശീലന മത്സരം പാതിവഴിയിൽ നിർത്തി

7 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: June 15 , 2025 02:18 PM IST Updated: June 15, 2025 11:29 PM IST

2 minute Read

shardul-thakur-century
സെഞ്ചറി പ്രകടനത്തിനു ശേഷം പവലിയനിലേക്കു മടങ്ങുന്ന ഷാർദുൽ ഠാക്കൂർ ഉൾപ്പെടെയുള്ളവർ (ബിസിസിഐ പങ്കുവച്ച ചിത്രം)

ബെക്കൻഹാം∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ചതുർദിന പരിശീലന മത്സരത്തിൽ യുവതാരം സർഫറാസ് ഖാനു പിന്നാലെ തകർപ്പൻ സെഞ്ചറിയുമായി ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറും. മത്സരത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ചയാണ് ഷാർദുൽ ഠാക്കൂർ തകർപ്പൻ സെഞ്ചറിയുമായി കരുത്തുകാട്ടിയത്. പുറത്താകാതെ 122 റൺസെടുത്ത ഠാക്കൂറിന്റെ മികവിൽ ഇന്ത്യ എ ടീം മികച്ച സ്കോർ ഉറപ്പാക്കിയതിനു പിന്നാലെ, മാനേജ്മെന്റ് പരിശീലന മത്സരം പാതിവഴിയിൽ നിർത്തി. ചതുർദിന മത്സരമായി പദ്ധതിയിട്ടിരുന്ന കളി തിങ്കളാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്. മൂന്നാം ദിനമായ ഞായറാഴ്ച പാതിവഴിയിൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

68 പന്തിലാണ് ഷാർദൂൽ ഠാക്കൂർ പുറത്താകാതെ 122 റൺസെടുത്തത്. ചീഫ് സിലക്ടർ അജിത് അഗാർക്കർ, വി.വി.എസ്.ലക്ഷ്മൺ തുടങ്ങിയവർക്കു മുന്നിലാണ് ഷാർദുൽ ഠാക്കൂർ സെഞ്ചറി പ്രകടനവുമായി കത്തിക്കയറിയത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയതിനാൽ സ്ഥലത്തുണ്ടായിരുന്നില്ല. ആദ്യം പന്തുകൊണ്ടും പിന്നാലെ ബാറ്റുകൊണ്ടും മികവു തെളിയിച്ചതോടെ, ഷാർദുൽ ഠാക്കൂറിനെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സിലക്ടർമാർക്കു മേൽ സമ്മർദ്ദമേറി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ് തുടങ്ങിയ പ്രധാന ബോളർമാരെ നേരിട്ടാണ് ഷാർദൂൽ ഠാക്കൂർ അപരാജിത സെഞ്ചറി കുറിച്ചത്.

ഒന്നാം ഇന്നിങ്സിൽ 459 റൺസെടുത്ത ഇന്ത്യൻ സീനിയർ ടീമിനെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ 51 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ എ. ഷാർദൂൽ ഠാക്കൂർ 10 പന്തിൽ നാലു ഫോറുകൾ സഹിതം 19 റൺസുമായി ക്രീസിലുണ്ടായിരുന്നു. ഞായറാഴ്ച മത്സരം പുനരാരംഭിച്ചപ്പോഴും തകർത്തടിച്ച് മുന്നേറിയ ഠാക്കൂർ, അതിവേഗ സെഞ്ചറിയും നേടിയാണ് തിരികെ കയറിയത്.

മത്സരത്തിന്റെ രണ്ടാം ദിനം യുവതാരം സർഫറാസ് ഖാനും ഇന്ത്യ എയ്‌ക്കായി സെഞ്ചറി നേടിയിരുന്നു. ഇംഗ്ലിഷ് മണ്ണിൽ നടക്കുന്ന മത്സരത്തിൽ, ഇംഗ്ലിഷ് ടീം പ്രശസ്തമാക്കിയ ബാസ്ബോൾ ശൈലിയിൽ ബാറ്റുവീശിയാണ് സർഫറാസ് ഖാനും സെഞ്ചറി കുറിച്ചത്. മത്സരത്തിലാകെ 76 പന്തുകൾ നേരിട്ട സർഫറാസ്, 15 ഫോറും രണ്ടു സിക്സും സഹിതം 101 റൺസെടുത്ത് റിട്ടയേർഡ് ഔട്ടായി. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ് എന്നിവർ ഉൾപ്പെടെയുള്ളവരെ കൈകാര്യം ചെയ്താണ് സർഫറാസിന്റെ സെഞ്ചറി. ഇന്ത്യ എയ്ക്കായി മധ്യനിരയിൽ ബാറ്റിങ്ങിന് എത്തിയ ഇഷാൻ കിഷൻ 55 പന്തിൽ 45 റൺസെടുത്തു. ഏഴു ഫോറുകൾ സഹിതമാണ് ഇഷാൻ കിഷന്റെ ഇന്നിങ്സ്.

അതേസമയം, ഇന്ത്യ എയ്‌ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത ഋതുരാജ് ഗെയ്‌ക്‌വാദിന് തിളങ്ങാനായില്ല. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ചാണ് ഗെയ്ക്‌വാദ് പുറത്തായത്. രണ്ടു പന്തുകൾ നേരിട്ട് സം‘പൂജ്യ’നായിട്ടായിരുന്നു ഗെയ്ക്‌വാദിന്റെ മടക്കം. മികച്ച തുടക്കം കുറിച്ച ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ, സായ് സുദർശൻ എന്നിവർക്ക് അത് മികച്ച സ്കോറാക്കി മാറ്റാനായില്ല. അഭിമന്യു ഈശ്വരൻ 61 പന്തിൽ 39 റൺസെടുത്ത് നിതീഷ് കുമാറിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായി. സായ് സുദർശൻ 60 പന്തിൽ 38 റൺസെടുത്ത് പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഋഷഭ് പന്തിന് ക്യാച്ച് നൽകി പുറത്തായി.

വാഷിങ്ടൻ സുന്ദറിനെ പ്രസിദ്ധ് കൃഷ്ണ ആദ്യ പന്തിൽത്തന്നെ പുറത്താക്കി. പരിശീലന മത്സരമെന്ന നിലയിൽ സുന്ദറിന് വീണ്ടും ബാറ്റിങ്ങിന് അവസരം നൽകിയതോടെ താരം 49 പന്തിൽ 35 റൺസെടുത്താണ് പുറത്തായത്. മൂന്നു ഫോറും മൂന്നു സിക്സും സഹിതമാണ് സുന്ദർ 35 റൺസെടുത്തത്.

English Summary:

Jasprit Bumrah, Arshdeep Singh spell wicketless arsenic Sarfaraz Khan's 'Bazball' attack 76-ball 101 steals the show

Read Entire Article