‘ഇതെന്താ സമനിലയ്‌ക്ക് കളിക്കുകയാണോ’ എന്ന് പരിഹസിച്ച് ഡക്കറ്റ്; വായടപ്പിക്കുന്ന മറുപടി നൽകി പന്ത്, കയ്യടിച്ച് ഫാൻസ്– വിഡിയോ

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 12 , 2025 07:25 PM IST

1 minute Read

 Screen Grab from ECB Video)
ബെൻ ഡക്കറ്റും ഋഷഭ് പന്തും (നടുവിൽ) മത്സരത്തിനിടെ (Photo: Screen Grab from ECB Video)

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലോഡ്സിൽ ആക്രമണോത്സുകത മാറ്റിവച്ച് പ്രതിരോധിച്ച് കളിച്ച ഇന്ത്യൻ താരങ്ങളെ പരിഹസിക്കാൻ ശ്രമിച്ച ഇംഗ്ലിഷ് താരം ബെൻ ഡക്കറ്റിന് തക്ക മറുപടിയുമായി ഋഷഭ് പന്ത്. ബാറ്റിങ്ങിൽ ഇന്ത്യയുടെ പ്രതിരോധ സമീപനത്തെ പരിഹരിച്ച് സമനിലയ്ക്ക് കളിക്കുകയാണോ എന്ന് ചോദിച്ച ഡക്കറ്റിന്, അതേ നാണയത്തിൽ പന്ത് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇവരുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെ ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

മത്സരത്തിന്റെ മൂന്നാം ദിനം  3 വിക്കറ്റ് നഷ്ടത്തിൽ 145 റൺസുമായാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. ആദ്യ സെഷനിൽ അതീവ ശ്രദ്ധയോടെയാണ് രാഹുലും ഋഷഭ് പന്തും ബാറ്റു ചെയ്തത്. ജോഫ്ര ആർച്ചറിനെതിരെ ആദ്യ ഓവറിൽ രണ്ടു ബൗണ്ടറി നേടിയെങ്കിലും, പിന്നീട് ഇരുവരും ജാഗ്രതയോടെയാണ് കളിച്ചത്. ഇതോടെ അടുത്ത ആറ് ഓവറിൽനിന്ന് വന്നത് അഞ്ച്  റൺസ് മാത്രം.

50 ഓവർ പിന്നിടുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. അടുത്ത രണ്ട് ഓവറിൽ രണ്ട് ബൗണ്ടറി നേടി ഇന്ത്യ വേഗം കൂട്ടുന്നതിനിടെയാണ്, ഇന്ത്യൻ താരങ്ങളുടെ ശ്രദ്ധ തിരിക്കാൻ ബെൻ ഡക്കറ്റ് സ്ലെജിങ് അടവുമായി രംഗത്തെത്തിയത്. പരുക്കുമൂലം ഇടയ്‌ക്കിടെ വൈദ്യസഹായം തേടി ബാറ്റിങ് തുടർന്ന ഋഷഭ് പന്തായിരുന്നു ഡക്കറ്റിന്റെ ലക്ഷ്യം.

‘‘ഇതെന്താ നിങ്ങൾ ‍സമനിലയ്ക്കു വേണ്ടിയാണോ കളിക്കുന്നത്’ എന്നായിരുന്നു ഡക്കറ്റിന്റെ പരിഹാസം. ഒരുനിമിഷം പോലും ആലോചിക്കാതെ ‘അതെ, നിങ്ങളേപ്പോലെ തന്നെ’ എന്ന് മറുപടി നൽകി പന്ത് ഡക്കറ്റിന്റെ വായടപ്പിക്കുകയും ചെയ്തു. ആദ്യ ദിനം ബാറ്റിങ്ങിൽ താളം കണ്ടെത്താൻ വിഷമിച്ച ഇംഗ്ലിഷ് ഓപ്പണർമാരായ സാക് ക്രൗളിയും ഡക്കറ്റും 13 ഓവറിൽ നേടിയത് 39 റൺസ് മാത്രമായിരുന്നു. ഇത് ഓർമിപ്പിച്ചായിരുന്നു പന്തിന്റെ തിരിച്ചടി. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡക്കറ്റിന് തക്ക മറുപടി നൽകിയ പന്തിനെ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ പുകഴ്ത്തുകയും ചെയ്തു.

ഇന്നിങ്സിലാകെ 112 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 74 റൺസെടുത്ത പന്ത് നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടാവുകയായിരുന്നു. നേരത്തെ, ബെൻ സ്റ്റോക്സിനെതിരെ സിക്സറടിച്ച് അർധസെഞ്ചറി കുറിച്ചതിനൊപ്പം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ കൂടുതൽ സിക്സറുകൾ എന്ന നേട്ടവും പന്ത് സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പന്തിന്റെ 35–ാം സിക്സറായിരുന്നു ഇത്. റിച്ചാഡ്സിന്റെ പേരിൽ 34 സിക്സറാണുള്ളത്. ടിം സൗത്തി (30), യശസ്വി ജയ്സ്വാൾ (27), ശുഭ്മൻ ഗിൽ (26) എന്നിവരാണ് പിന്നാലെയുള്ളത്. പിന്നീട് ശുഐബ് ബഷീറിനെതിരെ വീണ്ടും സിക്സർ നേടിയ പന്ത്, തന്റെ നേട്ടം 36 ആക്കി ഉയർത്തി. 

English Summary:

Rishabh Pant's Epic Reply to Ben Duckett Goes Viral During Lord's Test

Read Entire Article