Published: April 29, 2026 12:08 PM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമാണ് വൈഭവ് സൂര്യവംശി. പതിനഞ്ചു വസസ്സുകാരനായ വൈഭവ് ഇതിനോടകം പല റെക്കോർഡുകളും തിരുത്തിക്കുറിച്ചു കഴിഞ്ഞു. ജൂനിയർ ടീമിലും അഭ്യന്തര, ഐപിഎൽ മത്സരങ്ങളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഐപിഎൽ സീസണിലെ റൺവേട്ടക്കാരിലെ ഒന്നാം സ്ഥാനത്തുമാണ് താരം. നേരിട്ടല്ലെങ്കിലും താരത്തിന്റെ പേര് ഇപ്പോൾ ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. രാജ്യാന്തര ഷൂട്ടിങ് താരവും ഇരട്ട ഒളിംപിക് മെഡൽ ജേതാവുമായ മനു ഭാക്കറിനോട്, വൈഭവ് സൂര്യവംശിയെക്കുറിച്ച് ചോദിച്ചതാണ് വിവാദമായത്.
ഡൽഹിയിൽ നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 75-ാം വാർഷികാഘോഷവേളയിലാണ് സംഭവം. വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ മനു ഭാക്കറിനോട് അഭിപ്രായം ചോദിക്കുകയായിരുന്നു. താരത്തിന്റെ മറുപടി ഇങ്ങനെ: ‘‘ മെന്റർഷിപ്പ് മികച്ചതാണെങ്കിൽ, അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ആളുകൾ നല്ലതാണെങ്കിൽ പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് ഞാൻ പറയും. കഴിവുകൾക്ക് പ്രായമില്ല. ആറുപതാം വയസ്സിലും ആറാം വയസ്സിലും മികച്ച കാര്യങ്ങൾ സംഭവിക്കാം. അതിനാൽ, ചുറ്റുമുള്ളവർ അദ്ദേഹത്തെ നന്നായി മെന്റർ ചെയ്യുകയും ശരിയായി നയിക്കുകയും ചെയ്താൽ, അദ്ദേഹം ഭാവിയിൽ വലിയ താരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’– മനു ഭാക്കർ പറഞ്ഞു.
ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നത്. ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്ത മനു ഭാക്കറിനോട് വൈഭവിനെക്കുറിച്ചു ചോദിച്ചതിന്റെ പ്രസക്തിയാണ് പലരും ചോദ്യം ചെയ്യുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മുൻ ഡയറക്ടർ ജോയ് ഭട്ടാചാര്യയടക്കം ഇതിൽ വിയോജിപ്പുമായി രംഗത്തെത്തി. ‘‘അവൾ ഒരു ഒളിംപിക് മെഡൽ ജേതാവാണ്. വൈഭവ് സൂര്യവംശിയെക്കുറിച്ച് അവൾക്ക് എന്തു തോന്നുന്നു എന്ന് ചോദിക്കുന്നത് അവളുടെ നേട്ടങ്ങളോടും കായികരംഗത്തോടും നീതി പുലർത്തുന്നതല്ല. വൈഭവിനെ കുറിച്ചുള്ള ഒരു തലക്കെട്ട് നൽകാൻ നിങ്ങളുടെ സ്പോർട്സ് എഡിറ്റർമാർക്ക് മറ്റൊരു സെലിബ്രിറ്റിയുടെ ഉദ്ധരണി ആവശ്യമില്ല. അടുത്ത തവണ മനു ഭാക്കറിനെക്കുറിച്ച് വൈഭവ് സൂര്യവംശിയോട് ചോദിച്ചുനോക്കൂ, നിങ്ങൾക്ക് എന്തു പ്രതികരണമാണ് ലഭിക്കുന്നതെന്ന് കാണാം.’’– ജോയ് ഭട്ടാചാര്യ എക്സിൽ കുറിച്ചു.
Folks, she is an Olympic medallist. To inquire her what she thinks of Vaibhav Sooryavanshi is unfair connected her achievements and her sports. Cricket anyhow is the ruling passionateness of the country, your sports editors bash not request different personage punctuation to rotation a header connected Sooryavanshi.… https://t.co/Ha4RsO1rf8
— Joy Bhattacharjya (@joybhattacharj) April 27, 2026മനു ഭാക്കറിനോട് വൈഭവിനെക്കുറിച്ച് ചോദിക്കുന്നത് വിരോധാഭാസമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. 16-ാം വയസ്സിൽ തന്നെ സീനിയർ ലോകകപ്പ് സ്വർണ മെഡൽ ജേതാവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട താരവുമായിരുന്നു മനു ഭാക്കർ. എന്നാൽ ആ സമയത്ത്, വിരാട് കോലിയോടോ രോഹിത് ശർമയോടോ ആരെങ്കിലും അവളെക്കുറിച്ച് ചോദിച്ചിട്ടുണ്ടോ എന്ന് ഇവർ ഉന്നയിക്കുന്നു. ക്രിക്കറ്റിനോടുള്ള പ്രണയത്തിൽ നിന്ന് മോചിതമാകാൻ കഴിയാത്തവിധം ഇന്ത്യ അകപ്പെട്ടു കഴിഞ്ഞെന്നും മറ്റൊരു കായിക ഇനത്തെയും നമ്മുക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്നും മറ്റു ചിലർ പറയുന്നു. പാരിസ് ഒളിംപിക്‌സിൽ ഷൂട്ടിങ്ങിൽ രണ്ടു വെങ്കല മെഡലുകൾ നേടിയാണ് മനു ഭാക്കർ ചരിത്രം കുറിച്ചത്. വിവാദത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary:







English (US) ·