Authored by: നിഷാദ് അമീന്‍|Samayam Malayalam•28 May 2025, 9:09 am
IPL 2025 RCB vs LSG: ഐപിഎല്ലില്‍ തന്റെ രണ്ടാം സെഞ്ചുറി നേടിയ ശേഷമുള്ള ഋഷഭ് പന്തിന്റെ (Rishabh Pant) ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം സെഞ്ചുറി. ഇതുവരെ കാണാത്ത ആഘോഷത്തോടെയാണ് താരം സന്തോഷം പങ്കുവച്ചത്.
ഹൈലൈറ്റ്:
- വൈറലായി ഋഷഭ് പന്തിന്റെ ആഘോഷം
- പന്ത് 61 പന്തില്‍ നിന്ന് 118 റണ്‍സ് നേടി
- കരിയറിലെ രണ്ടാം ഐപിഎല്‍ സെഞ്ചുറി
ഋഷഭ് പന്തിന്റെ സെഞ്ചുറി ആഘോഷം. Photo: ANI & AP (ഫോട്ടോസ്- Samayam Malayalam) ഇതെന്ത് ആഘോഷം..! കൗതുകമായി 'ഫുട്‌ബോള്‍ മോഡല്‍'; അവസാന മാച്ചില്‍ സെഞ്ചുറിയുമായി ഋഷഭ് പന്തിന്റെ വിളയാട്ടം
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും ബാറ്റര്‍മാര്‍ വിളയാടിയ മല്‍സരത്തില്‍ മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ടോടെയാണ് തുടക്കം. പിന്നാലെ ഋഷഭ് പന്തിന്റെ (Rishabh Pant) തകര്‍പ്പന്‍ സെഞ്ചുറി പിറന്നു. 61 പന്തില്‍ എട്ട് സിക്‌സറുകളും 11 ബൗണ്ടറികളും സഹിതം പന്ത് 118 റണ്‍സുമായി 193.44 എന്ന സ്‌ട്രൈക്ക് റേറ്റോടെ പുറത്താവാതെ നിന്നു.
സെഞ്ചുറി തികച്ച ശേഷം ഗ്രൗണ്ടില്‍ കരണം മറിഞ്ഞായിരുന്നു പന്ത് രണ്ടാം ഐപിഎല്‍ ശതകം ആഘോഷിച്ചത്. അതിശയിപ്പിക്കുന്ന കാര്‍ട്ട് വീല്‍ പ്രകടനം ക്രിക്കറ്റ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റെടുത്തു. ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഗോളടിച്ച ശേഷം കാണാറുള്ള ആഘോഷം ക്രിക്കറ്റ് കളത്തില്‍ അപൂര്‍വമാണ്.
'ഇതാണ് എന്റെ പ്രിയപ്പെട്ട ഗോള്‍': 800ലധികം ഗോളടിച്ച ലയണല്‍ മെസ്സിയുടെ തെരഞ്ഞെടുപ്പ്; ഈ ഗോള്‍ ഇനി കലാസൃഷ്ടി
കുറച്ചുകാലമായി ഫോം കണ്ടെത്താന്‍ പാടുപെടുകയായിരുന്നു പന്ത്. 'ഫോം താല്‍ക്കാലികം, ക്ലാസ് അനശ്വരം' എന്ന കുറിപ്പോടെയാണ് ചിലര്‍ ഇതുവരെ കാണാത്ത ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഏഴ് സീസണുകളുടെ ഇടവേളയ്ക്കുശേഷമാണ് പന്തിന്റെ ഐപിഎല്‍ സെഞ്ചുറി.
എല്‍എസ്ജിയില്‍ ചേര്‍ന്ന ശേഷവും ആദ്യമായാണ് പന്ത് മൂന്നക്ക സ്‌കോര്‍ നേടുന്നത്. 2018 സീസണില്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) കളിക്കുമ്പോഴാണ് പന്ത് അവസാനമായി ഐപിഎല്‍ സെഞ്ചുറി നേടിയത്.
വലകള്‍ നിറയുന്നു; 1,000 ഗോളുകള്‍ എന്ന നേട്ടത്തോടടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇത്തവണ ഐപിഎല്‍ ലേലത്തില്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി 27 കോടി രൂപയ്ക്കാണ് പന്തിനെ വാങ്ങിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്. എന്നാല്‍, പന്തിന്റെ പ്രകടനവും ടീമിന്റെ പ്രകടനവും നിരാശാജനകമായി. ഈ മത്സരത്തിന് മുമ്പ് 27 കാരന്‍ 12 ഇന്നിങ്സുകളില്‍ നിന്ന് 13.73 ശരാശരിയില്‍ 151 റണ്‍സ് മാത്രമാണ് നേടിയത്. ഇപ്പോള്‍ 13 ഇന്നിങ്സുകളില്‍ 133.16 ശരാശരിയില്‍ 269 റണ്‍സ് ആയി സീസണ്‍ അവസാനിപ്പിച്ചു.
ആര്‍സിബിക്കെതിരെ വിജയിച്ച് ആറാം സ്ഥാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഹോം മാച്ചിന് ഇറങ്ങിയ എല്‍എസ്ജി 227 റണ്‍സ് നേടിയിരുന്നു. എന്നാല്‍, വിരാട് കോഹ്‌ലിയുടെ (Virat Kohli) റെക്കോഡ് പ്രകടനവും ജിതേഷ് ശര്‍മയുടെ (Jitesh Sharma) മാസ്മരിക ഇന്നിങ്‌സും മായങ്ക് അഗര്‍വാളിന്റെ അവസാന ഓവറിലെ പ്രകടനവും എല്‍എസ്ജിയുടെ വിജയമോഹങ്ങള്‍ തല്ലിക്കെടുത്തി. കോഹ്‌ലി ഈ മാച്ചിലൂടെ ആര്‍സിബിക്കായി 9,000 റണ്‍സ് നേടുന്ന ആദ്യ താരമായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി, അഞ്ച് സീസണുകളില്‍ 600+ റണ്‍സ് നേടുന്ന ആദ്യ താരം എന്നീ റെക്കോഡുകള്‍ സ്വന്തമാക്കി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·