ഇതൊക്കെ ഒരു പന്താണോ? കോലിയുടെ ഫീൽഡിങ് പിഴവിന് പഴി പന്ത് കമ്പനികൾക്ക്, ആരാധകരുടെ സൈബറാക്രമണം

2 days ago 2

ഓൺലൈൻ ഡെസ്ക്

Published: January 19, 2026 04:56 PM IST

1 minute Read

 INDRANIL MUKHERJEE / AFP
വിരാട് കോലി. Photo: INDRANIL MUKHERJEE / AFP

ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ പരാജയപ്പെട്ട ഇന്ത്യ, പരമ്പര കൈവിട്ടെങ്കിലും സൂപ്പർ താരം വിരാട് കോലിയുടെ തകർപ്പൻ സെഞ്ചറി കാണാൻ സാധിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ആരാധകർ. രാജ്യാന്തര ക്രിക്കറ്റിലെ 85–ാം സെ‍ഞ്ചറിയാണ് കോലി ഇൻഡോറിൽ നേടിയത്. ഏകദിന ക്രിക്കറ്റിൽ ന്യൂസീലൻഡിനെതിരെ തന്റെ ഏഴാം സെഞ്ചറിയും. ഇതോടെ ഈ ഫോർമാറ്റിൽ കിവീസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡ് കോലി സ്വന്തമാക്കി. 6 വീതം സെഞ്ചറി നേടിയ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെയും ഇന്ത്യയുടെ വിരേന്ദർ സേവാഗിനെയുമാണ് കോലി മറികടന്നത്.

ബാറ്റിങ് മികവിനൊപ്പം കോലിയുടെ ഫീൽഡിങ് മികവും പേരുകേട്ടതാണ്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽ‍ഡർമാരിലൊരാളാണ് കോലിയെന്നതിൽ സംശയമില്ല. എന്നാൽ ഇൻഡോറിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ കോലിക്ക് സംഭവിച്ച ഫീൽഡിങ് പിഴവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. മത്സരത്തിൽ ഒരു ക്യാച്ച് കോലി ഡ്രോപ് ചെയ്തിരുന്നു. എന്നാൽ അതിനുശേഷം സംഭവിച്ച കാര്യങ്ങളാണ് സൈബർലോകത്ത് ചർച്ചയായത്.

കോലിയുടെ ഫീൽഡിങ് പിഴവിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി പന്തുകൾ നിർമിക്കുന്ന കമ്പനികളായ എസ്‌ജിയുടെയും  (സാൻസ്‌പെറൈൽസ് ഗ്രീൻലാൻഡ്‌സ്) കൂക്കബുറയുടെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കു നേരെ വ്യാപക സൈബറാക്രമണമാണ് നടക്കുന്നത്. ഇരു കമ്പനികളുടെയും പോസ്റ്റുകളുടെ കമന്റ് സെഷൻ വിചിത്രമായ ആവശ്യങ്ങളും വിമർശനങ്ങളും കൊണ്ട് നിറഞ്ഞു. 

ചില ആരാധകർ പന്തിന്റെ ഘടനയാണ് ഫീൽഡിങ് പിഴവിനു കാരണമെന്ന് കുറ്റപ്പെടുത്തി. മറ്റു ചിലർ, ഭാവിയിൽ കോലിക്ക് ഇത്തരം പിഴവുകൾ വരാതിരിക്കാൻ അവരുടെ പന്തുകളുടെ ഗ്രിപ്പ് മെച്ചപ്പെടുത്താൻ കമ്പനിയോട് ആവശ്യപ്പെട്ടു. ‘നിങ്ങളുടെ പന്ത് കിങ്ങിനു പോലു പിടിക്കാൻ സാധിക്കുന്നില്ല’, ‘നിങ്ങളുടെ പന്തുകളുടെ ഗുണനിലവാരം കൂട്ടൂ’’ തുടങ്ങിയ കമന്റുകളും കാണാം.

ഇതാദ്യമായല്ല കോലിയുടെ ആരാധകർ സൈബറാക്രമണം നടത്തുന്നത്. 2025 മാർച്ചിൽ, ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ് കിടിലൻ ക്യാച്ച് എടുത്ത് കോലിയെ പുറത്താക്കിയതിനു പിന്നാലെ ഇലക്ട്രോണിക്സ് ഭീമനായ ഫിലിപ്സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ‘‘ക്യാച്ചുകൾ എടുക്കുന്നത് അവസാനിപ്പിക്കുക’’ എന്ന് ആവശ്യപ്പെട്ട് ആരാധകർ കൂട്ടമായി കമന്റ് സെഷനിൽ എത്തിയിരുന്നു.

English Summary:

Virat Kohli's fielding mistake successful the caller India vs New Zealand ODI has sparked a cyberattack connected shot manufacturing companies.

Read Entire Article