ഫയല്വാന് കുട്ടന്‍പിള്ളയും കൂട്ടരും കൂടെ മലയാളിയുടെ മനസ്സിലിരുന്ന് ഗുസ്തി പിടിക്കാന്‍ തുടങ്ങിയിട്ട് നാല്‍പത് വര്‍ഷമാവുന്നു. മുത്താരംകുന്ന് പി.ഒ. എന്നത് മലയാള സിനിമയിലെ ചിരിയുടെ മേല്‍വിലാസമായി മാറാനെടുത്ത വര്‍ഷങ്ങളില്‍ അതിന്‍റെ സംവിധായകന്‍ സിബി മലയിലും ഒരു കാത്തിരിപ്പിലായിരുന്നു. കാലംപോകപ്പോകെ ആ സിനിമ മലയാളി ഏറ്റെടുക്കുന്നതിനും അദ്ദേഹം സാക്ഷിയായി. അന്ന് തിയേറ്ററില്‍ സാമ്പത്തികവിജയം നേടാതെ പോയ ആദ്യ സിനിമ കാലത്തെ അതിജീവിച്ച് ചിരി തൂകി നില്‍ക്കുന്നത് കാണുമ്പോഴുള്ള സന്തോഷം അദ്ദേഹത്തില്‍ ഇപ്പോഴും കാണാം.നാലു പതിറ്റാണ്ട് പിന്നിലുള്ള മുത്താരംകുന്ന് ഗ്രാമത്തിലേക്ക് മനസ്സുകൊണ്ടൊരു മടക്കയാത്രയിലാണ് സംവിധായകന്‍ സിബിമലയില്‍. ഇതാ ഇവിടെ...
മുത്താരംകുന്ന് പി.ഒ. രൂപപ്പെട്ട കാലം ഓര്‍ക്കുമ്പോള്‍?
നവോദയയില്‍ അസിസ്റ്റന്‍റ് ഡയറക്ടറായാണ് ഞാന്‍ സിനിമാജീവിതം തുടങ്ങുന്നത്. അഞ്ച് സിനിമകളില്‍ അസിസ്റ്റന്‍റായി ജോലി ചെയ്തു. അവിടെ വച്ചാണ് പ്രിയദര്‍ശനുമായി വലിയ സൗഹൃദത്തിലാവുന്നത്. പ്രിയന് ആദ്യമായി സിനിമ ചെയ്യാന്‍ അവസരം വന്നപ്പോള്‍ ഞാനും ഒപ്പം കൂടി. പ്രിയന്‍ രണ്ടാമത്തെ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എന്നെത്തേടി നിര്‍മാതാവായ ജി. സുബ്രഹ്‌മണ്യനെത്തുന്നത്. അങ്ങനെയാണ് മുത്താരംകുന്ന് പി.ഒ. എന്ന സിനിമ പിറക്കുന്നത്.
.jpg?$p=75a649b&w=852&q=0.8)
ആദ്യസിനിമയിലേക്കെത്താന്‍ വേണ്ടി ഒരുപാട് ദൂരം നടക്കേണ്ടി വന്നോ?
എനിക്ക് അങ്ങനെയൊരു നടത്തം വേണ്ടി വന്നിട്ടില്ല. നവോദയ മലയാളത്തിലെ ഏറ്റവും വലിയ നിര്‍മാണ സ്ഥാപനങ്ങളിലൊന്നാണല്ലോ. മലയാള സിനിമയില്‍ എല്ലാ വലിയ മാറ്റങ്ങളും കൊണ്ടുവന്നവര്‍,സിനിമാ സ്‌കോപ്പ്, 70 എംഎം തുടങ്ങി അനവധി സാങ്കേതികമാറ്റങ്ങള്‍ക്ക് കാരണമായ സ്ഥാപനം. തുടക്കം അവിടെയായതുകൊണ്ടുതന്നെ ഒരു ബോര്‍ഡിങ് സ്‌കൂളിലൊക്കെ നിന്ന് പഠിക്കുന്നൊരു ഫീലായിരുന്നു. അവിടത്തെ സിസ്റ്റമാറ്റിക്കായ രീതി കണ്ടാണ് ഞാനും വളരുന്നത്. അല്ലാതെ കോടമ്പാക്കത്തെ പൈപ്പ് വെള്ളം കുടിച്ച് കഷ്ടപ്പെട്ട കഥയൊന്നും എനിക്ക് പറയാനില്ല. അങ്ങനെ ഒരു അലച്ചിലും ഉണ്ടായിട്ടില്ല. നേരത്തെ പറഞ്ഞതു പോലെ ഏഴ് സിനിമകളുടെ ഭാഗമായി അവിടെ ജോലി ചെയ്തപ്പോഴേക്കും എന്നെ അന്വേഷിച്ച് ആളുകള്‍ വരികയായിരുന്നു. സാധാരണ പുതിയൊരാള്‍ക്ക് അവസരത്തിനുവേണ്ടി ഒരുപാട് അലയേണ്ടി വരാറുണ്ട്. പലരെയും പലതും ബോധ്യപ്പെടുത്തേണ്ടി വരും. നവോദയയില്‍ അഭിനയിക്കാന്‍ വന്നവരും സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ പറഞ്ഞ് കേട്ടുള്ള അറിവോടെ എന്നെ വെച്ച് സിനിമയെടുക്കാന്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു നിര്‍മാതാവ് വന്നു. അതൊരു അപൂര്‍വ ഭാഗ്യമാണ്. കാരണം അവരുടെ മുന്നില്‍ എനിക്കൊന്നും തെളിയിക്കേണ്ടി വന്നില്ല. അസിസ്റ്റന്‍റായിട്ട് സിനിമയുടെ പുറകില്‍ മാത്രം നിന്നൊരാളാണ് ഞാന്‍. എന്നിട്ടും എനിക്കൊരു വിസിബിലിറ്റി ഉണ്ടായി.
നടന്‍ ജഗദീഷിന്‍റെ കഥയാണല്ലോ ആ സിനിമയായത്. അദ്ദേഹം അധ്യാപകനായി ജോലി ചെയ്യുമ്പോഴേ സൗഹൃദമുണ്ടായിരുന്നോ?
പ്രിയന്‍റെ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയില്‍ ജഗദീഷിനൊരു പ്രധാന റോളുണ്ടായിരുന്നു. അന്നു തൊട്ടേ ജഗദീഷിനെ അറിയാം. ഞാനൊരു പുതിയ സിനിമയുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു,കഥ അന്വേഷിക്കുന്നു എന്നൊക്കെയുള്ള ഘട്ടത്തിലെത്തിയപ്പോള്‍ ജഗദീഷാണ് പറഞ്ഞത്,തന്‍റെ അടുത്തൊരു കഥയുണ്ടെന്ന്.'ഞാന്‍ ശ്രീനിയുമായിട്ട് സംസാരിച്ചു, ശ്രീനിക്കും അത് ഇഷ്ടമായി. നമുക്കത് പറ്റുമോ എന്നൊന്ന് കേട്ട് നോക്കൂ' എന്നായിരുന്നു ജഗദീഷ് പറഞ്ഞത്. അങ്ങനെ കഥയുടെ ഒരു ഔട്ട്ലൈനാണ് പറയുന്നത്. അതിനുപിന്നാലെ ഞാനും ശ്രീനിയും ജഗദീഷും കൂടെ ഇരുന്നപ്പോള്‍ ഒരു സിനിമയുടെ സാധ്യത അതിനകത്ത് കാണുകയും അങ്ങനെ എന്‍റെ ആദ്യത്തെ സിനിമയ്ക്ക് ഈ കഥ തന്നെ എടുക്കാം എന്നൊരു തീരുമാനത്തിലെത്തുകയുമായിരുന്നു.
ശ്രീനിവാസനായിരുന്നു തിരക്കഥയെഴുത്ത്. തിരക്കഥാ ചര്‍ച്ചകളൊക്കെ രസകരമായിരുന്നോ?
അന്ന് എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രീനി അത്ര അറിയപ്പെട്ടു തുടങ്ങിയിട്ടില്ല. ശ്രീനി അഭിനയിക്കാന്‍ വന്ന സമയമാണത്. അത് മാത്രമായിരുന്നു ശ്രീനിയുടെ ലക്ഷ്യവും. അഭിനയിക്കാനുള്ള അവസരത്തിനുവേണ്ടി ശ്രീനി പല സിനിമകളിലും എഴുത്തുകാരനായിട്ടും ഗോസ്റ്റ് റൈറ്ററായുമൊക്കെ ജോലി ചെയ്തതാണ്. സംവിധായകന്‍ മോഹന്‍റെ കൂടെ ഒരു നുണക്കഥ എന്ന സിനിമയ്ക്ക് ഇന്നസെന്‍റുമായിട്ടുള്ള സൗഹൃദത്തിന്‍റെ പേരില്‍ ശ്രീനി ഗോസ്റ്റ് റൈറ്ററായിട്ടുണ്ട്. അതിലൊന്നും പുള്ളിയുടെ പേര് വച്ചിട്ടില്ല. പ്രിയദര്‍ശന്‍റെ പൂച്ചയ്ക്കൊരു മൂക്കുത്തിയുടെ എഴുത്തിലും ശ്രീനിയുണ്ടായിരുന്നു. ഓടരുതമ്മാവാ ആളറിയാം സിനിമയിലും ശ്രീനിയുടെ സജീവ ഇടപെടലുണ്ട്. അങ്ങനെയാണ് മുത്താരംകുന്നിലേക്കും ശ്രീനി എത്തുന്നത്. അതിനു ശേഷമാണ് ശ്രീനിയും സത്യനുമായി ചേര്‍ന്നുള്ള സിനിമകള്‍ വരുന്നത്.
അന്നത്തെ മുന്‍താരങ്ങളില്ലാതെ,ഒരു പുതുമുഖസംവിധായകന് സിനിമയെടുക്കാനുള്ള ധൈര്യം എങ്ങനെയുണ്ടായി?
ശരിക്കും ആദ്യത്തെ സിനിമ ചെയ്യാനായി ഒരു സംവിധായകനെത്തേടി നിര്‍മാതാക്കള്‍ വരുമ്പോള്‍ മാര്‍ക്കറ്റില്‍ മുന്‍നിരയിലുള്ള താരങ്ങളെ വച്ചൊരു സിനിമയാണ് അവര്‍ പ്രതീക്ഷിക്കുക. അങ്ങനെയൊരു ധാരണയില്‍ അക്കാലത്ത് ആളുകളെ തിയേറ്ററിലെത്തിക്കാന്‍ സാധ്യതയുള്ള മാര്‍ക്കറ്റ് വാല്യു ഉള്ള ഒന്ന് രണ്ട് നടന്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കഥയാണ് ഞങ്ങളും ആലോചിച്ചത്. എങ്കിലും അതൊന്നും പെട്ടെന്ന് നടക്കാന്‍ പോകുന്നില്ല എന്ന അവസ്ഥ വന്നു. അവരുടെ ഡേറ്റൊന്നും പെട്ടെന്ന് കിട്ടുകയില്ല. അതോടെ നിര്‍മാതാക്കള്‍ പറഞ്ഞു,ഞങ്ങള്‍ നിങ്ങളെക്കുറിച്ച് കേട്ടറിഞ്ഞാണ് വന്നത്. നിങ്ങളെ വിശ്വസിച്ചാണ് പണമിറക്കുന്നതും. അഭിനയിക്കുന്നവര്‍ ആരായാലും കുഴപ്പമില്ല,നല്ലൊരു കഥയെടുത്ത് നിങ്ങള്‍ സംവിധാനം ചെയ്താല്‍ മതിയെന്ന്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഇതിലപ്പുറം എന്ത് ഭാഗ്യമാണ് കിട്ടാനുള്ളത്. ഒരു കണ്ടീഷനുമില്ലാതെ എന്നെ മാത്രം വിശ്വസിച്ച് എന്നെ നേരിട്ട് അറിയുക പോലും ചെയ്യാത്തവര്‍ ആദ്യ സിനിമ നിര്‍മിക്കാന്‍ വരുന്നു. അവര്‍ എന്നിലേക്ക് വച്ചുനീട്ടിയ ആ വിശ്വാസത്തെ ഉത്തരവാദി ത്തത്തോടെ ഏറ്റെടുക്കാനുള്ള ചുമതലയിലേക്ക് ഞാന്‍ എത്തിപ്പെടുകയായിരുന്നു.അതെനിക്ക് സ്വാതന്ത്ര്യത്തോടെ, എനിക്കിഷ്ടപ്പെട്ട ഒരു കഥ സിനിമയാക്കാനുള്ള അവസരം തന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

തുടക്കക്കാരന് കിട്ടിയ അപൂര്‍വ സൗഭാഗ്യം അല്ലേ?
അതേ. തുടക്കക്കാര്‍ ഒരുപാട് അലഞ്ഞുനടന്ന്, ഒരുപാട് ആളുകളുടെ അടുത്ത് കഥ പറഞ്ഞ് നിര്‍മാതാവിനെ ബോധ്യപ്പെടുത്തി അഭിനേതാക്കളെ പറഞ്ഞ് സമ്മതിപ്പിച്ചൊക്കെയാണ് അവരുടെ ആദ്യത്തെ സിനിമ എടുക്കുന്നത്. അതിനുപിന്നിലുള്ള അധ്വാനം വളരെ വലുതാണ്. പക്ഷേ എനിക്ക് അങ്ങനെയൊരു വെല്ലുവിളിയേ ഉണ്ടായിട്ടില്ല. പലരും പറയുന്ന പോലുള്ള കണ്ണീര്‍ കദന കഥകളും എന്‍റെ ആദ്യ സിനിമയുടെ പിന്നിലുണ്ടായിട്ടില്ല.
എങ്കിലും മുകേഷ്, ജഗദീഷ്, ജഗതി, നെടുമുടി വേണു, പപ്പു, ലിസി തുടങ്ങി അഭിനേതാക്കളുടെ വലിയ നിരയുള്ള ചിത്രമായിരുന്നു മുത്താരംകുന്ന് പി.ഒ.
മുകേഷ് ഇതിനുമുന്നേ ബലൂണ്‍ എന്ന സിനിമയില്‍ നായകനായിട്ടുണ്ടെങ്കിലും ബാക്കി അഭിനയിച്ചതെല്ലാം ചെറിയ വേഷങ്ങളിലാണ്. ഒരു അഭിനേതാവായി എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടിരുന്നില്ല. ജഗദീഷാവട്ടെ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലൊരു സീനിലേ അഭിനയിച്ചിട്ടുള്ളൂ. അതിനുശേഷം ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലേ കുറച്ച് പ്രാധാന്യമുള്ളൊരു വേഷം കിട്ടിയിട്ടുള്ളൂ. ജഗദീഷും താരതമ്യേന പുതിയ നടന്‍തന്നെ. കൂട്ടത്തില്‍ ശ്രീനിവാസനാണ് കുറെക്കൂടെ സിനിമകള്‍ ചെയ്തിട്ടുള്ളത്. മദ്രാസിലൊക്കെ നടന്ന് ചില ചെറിയ സിനിമകളുടെയൊക്കെ ഭാഗമായി നില്‍ക്കുകയായിരുന്നു ശ്രീനി. അത്ര അറിയപ്പെടുന്ന നടനൊന്നുമായിട്ടില്ല. നായികയായി വന്ന ലിസിയും പുതിയ നടിയാണ്. പക്ഷേ അതൊന്നും സിനിമയുടെ നിര്‍മാതാക്കള്‍ക്കൊരു തടസ്സമായിരുന്നില്ല. മറ്റൊരു ഭാഗ്യം എന്‍റെ ആദ്യ സിനിമയില്‍ തന്നെ ധാരാസിങ് എന്ന ലോകപ്രശസ്തനായൊരു ഗുസ്തിതാരത്തെ സിനിമയില്‍ എത്തിക്കാനായതാണ്. അദ്ദേഹം രാമായണം സീരിയലിലൊക്കെ ഹനുമാന്‍റെ വേഷം ചെയ്തിരുന്നു. അതുമാത്രമാണ് അദ്ദേഹത്തിന്റെ കലാ പശ്ചാത്തലം. അങ്ങനെയൊരാളെ എനിക്ക് സിനിമയിലേക്ക് കൊണ്ടുവരാനായി.

തിരക്കഥയില്‍ ധാരാസിങ്ങിനെപ്പോലെ ഒരാള്‍ എന്നാണ് ശ്രീനിവാസന്‍ എഴുതിയത്. പിന്നെങ്ങനെ ഒറിജിനല്‍ ധാരാസിങ് തന്നെ സിനിമയിലെത്തി?
ധാരാസിങ് എന്നുതന്നെയാണ് ശ്രീനി എഴുതിയത്. നെടുമുടി വേണുച്ചേട്ടന്‍റെ കഥാപാത്രമായ കുട്ടന്‍പിള്ള തന്‍റെ സുഹൃത്തായ ധാരാസിങ്ങിനെ തന്നെ ഇവിടെ കൊണ്ടുവരും എന്ന് വെല്ലുവിളിക്കുകയാണ്. ശ്രീനി അങ്ങനെ എഴുതിവെച്ചപ്പോള്‍ ഞങ്ങള്‍ക്കത് വലിയ വെല്ലുവിളിയായി. ധാരാസിങ്ങിനെ കൊണ്ടുവന്നേ പറ്റൂ. അദ്ദേഹം എവിടെയാണെന്ന് അറിയില്ല,മലയാളംപോലൊരു ഭാഷയിലേക്ക് അഭിനയിക്കാനെത്തുമോ എന്ന് ഉറപ്പില്ല. ഇങ്ങനെ കുറെ ആശങ്കകളുണ്ടായെങ്കിലും അധികം ബുദ്ധിമുട്ടില്ലാതെ അദ്ദേഹത്തെ ഈ സിനിമയുടെ ഭാഗമാക്കാനായി.
ജഗദീഷാണ് ധാരാസിങ്ങിനെ കൊണ്ടുവരാന്‍ പോയതെന്ന് കേട്ടിട്ടുണ്ട്?
ജഗദീഷിനെയാണ് ബോംബെയിലേക്ക് വിട്ടത്. ജഗദീഷിന് ഹിന്ദി കൈകാര്യം ചെയ്യാനറിയാം. പിന്നെ എന്നേക്കാള്‍ നന്നായി ഒരാളെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള കഴിവുള്ളതും ജഗദീഷിനാണ്. ഏറ്റവും ഉചിതനായ ആളെന്ന രീതിയിലാണ് ജഗദീഷിനെ തന്നെ വിട്ടത്. അദ്ദേഹത്തിന്റെ ആദ്യത്തെ വിമാനയാത്ര കൂടെയായിരുന്നു അത്. ജഗദീഷ് അവിടെ ചെന്ന് ധാരാസിങ്ങിന്‍റെ ഓഫീസ് കണ്ടുപിടിച്ച് അദ്ദേഹത്തോട് കഥ പറഞ്ഞ് തുകവരെ ഉറപ്പിച്ചിട്ടാണ് തിരികെ വന്നത്. ഞങ്ങള്‍ കണക്കുകൂട്ടിയതിനേക്കാള്‍ എത്രയോ തുച്ഛമായ തുകയ്ക്കാണ് ജഗദീഷ് ധാരാസിങ്ങുമായി കരാറുറപ്പിച്ചത്. രണ്ടുലക്ഷം രൂപ കൊടുത്താലും കുഴപ്പമില്ല എന്ന് നിര്‍മാതാവ് പറഞ്ഞ നടനെ ജഗദീഷ് വെറും 25000 രൂപ മുടക്കി സെറ്റിലെത്തിച്ചു. അപ്പോഴേ 1,75,000 രൂപ ജഗദീഷ് സിനിമയ്ക്ക് ലാഭിച്ച് തന്നു.
സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് ധാരാസിങ്ങിന് അഭിപ്രായ വ്യത്യാസമുണ്ടായോ?
ഗുസ്തി എന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതൊരു പ്രാര്‍ത്ഥനപോലെ കൊണ്ടുനടക്കുന്നയാളാണ്. ഗുസ്തിയില്‍ കളങ്കമില്ലെന്നാണ് അദ്ദേഹം പറയുന്നത്.കഥയില്‍ ധാരാസിങ്ങിനെ മുകേഷിന്‍റെ ദിലീപ് കുമാര്‍ ഗുസ്തിയില്‍ തോല്‍പ്പിക്കുന്നതായാണ് പറയുന്നത്. പക്ഷേ അങ്ങനെ വെറുതെ തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ല. ജയിക്കാന്‍ വേണ്ടിയാണ് ഗുസ്തി പിടിക്കുന്നതെന്നായിരുന്നു ധാരാസിങ്ങിന്‍റെ വാദം. തോല്‍പ്പിക്കാന്‍ പറ്റുകയാണെങ്കില്‍ മുകേഷ് എന്നെ തോല്‍പ്പിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. അത് നടപ്പുള്ള കാര്യമല്ലല്ലോ. ഒടുവില്‍ മുകേഷിന്‍റെയും ലിസിയുടെയും കഥാപാത്രങ്ങളായ, കമിതാക്കളുടെ കല്യാണം നടത്താന്‍ വേണ്ടി അവരുടെ പ്രണയത്തിനൊരു തടസ്സമാവരുത് താന്‍ എന്ന വിചാരത്തില്‍ തോറ്റുകൊടുക്കുന്ന രീതിയില്‍ കഥയിലൊരു മാറ്റം വരുത്തി. അതിനുമുന്നേ അദ്ദേഹം പറഞ്ഞ ഒരേയൊരു കാര്യം ഗുസ്തിയില്‍ കളങ്കമില്ല,മനപൂര്‍വം വിചാരിച്ച് എനിക്ക് തോറ്റുകൊടുക്കാന്‍ പറ്റില്ലെന്നാണ്. ഒരാള്‍ തോല്‍പ്പിക്കാനായി വന്നാല്‍ അവസാനം വരെ താന്‍ ഗുസ്തിക്കാരനായി നില്‍ക്കുമെന്നും.
ആദ്യന്തം തമാശ നിറഞ്ഞ സിനിമയാണ്, സെറ്റിലും അങ്ങനെയൊരു മൂഡായിരുന്നോ?
തീര്‍ച്ചയായും. ഇതൊരു സ്ലാപ്സ്റ്റിക്ക് കോമഡിയാണ്. സ്വാഭാവികമായ അന്തരീക്ഷത്തിലുണ്ടാവുന്ന നിര്‍ദോഷമായ ഫലിതങ്ങള്‍. വില്ലേജ് സോഷ്യല്‍ സറ്റയര്‍ എന്നുപറയാം. പിന്നെ ഈ സിനിമയില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം മമ്മൂട്ടി എന്ന അഭിനേതാവിന്‍റെ സാന്നിധ്യമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ മമ്മൂട്ടിയൊരു ക്രേസ് ആയി നില്‍ക്കുന്ന കാലത്ത് മമ്മൂട്ടിയെ ആരാധിക്കുന്ന ഒരു കഥാനായികയെ സിനിമയില്‍ കൊണ്ടുവരുമ്പോഴും അത് ഷൂട്ട് ചെയ്യുമ്പോഴുമൊന്നും അദ്ദേഹം ഈ സിനിമയിലൊരു ശബ്ദസാന്നിധ്യമായി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് സിനിമ എഡിറ്റ് ചെയ്യുമ്പോഴാണ് ശരിക്കും മമ്മൂട്ടിയെ കൊണ്ടുവന്നാലോ എന്ന് ആലോചിക്കുന്നത്. ഇതില്‍ മമ്മൂട്ടി അയയ്ക്കുന്നു എന്ന വ്യാജേന മുകേഷാണല്ലോ നായികയ്ക്ക് കത്ത് എഴുതുന്നത്. മമ്മൂട്ടി അയച്ച കത്താണെന്ന ചിന്തയിലാണ് കഥാനായിക അത് വായിക്കുന്നതും. അപ്പോ അവളുടെ മനസ്സില്‍ അവള്‍ സിനിമയില്‍ കേട്ട അതേ ശബ്ദത്തില്‍ തന്നെ മമ്മൂട്ടിയുടെ കത്ത് നമ്മള്‍ അവതരിപ്പിച്ചു. അതിനുവേണ്ടി ഞാന്‍ മമ്മൂട്ടിയെ കാണുകയും അദ്ദേഹം സന്തോഷത്തോടെ വന്ന് ആ ഭാഗം ഡബ്ബ് ചെയ്തു തരികയും ചെയ്തു.
ഇതിന് പത്തായക്കുന്ന് പി.ഒ എന്നാണോ ആദ്യം പേരിട്ടത്?
മുത്താരംകുന്ന് പി.ഒ. എന്ന് തന്നെയാണ് ആദ്യമേയുണ്ടായ പേര്. പോസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ട ഒരു പേരു തന്നെ വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.കഥയില്‍ പോസ്റ്റ് ഓഫിസ് പ്രധാനഘടകമാണല്ലോ. അങ്ങനെ ഞാനും ശ്രീനിയും കൂടെ ആലോചിച്ചു. ഒരു സ്ഥലപ്പേര് വേണം. മുന്നേ ആരും കേട്ടിട്ടില്ലാത്ത,നിലവിലില്ലാത്ത സ്ഥലം.അതിനകത്തൊരു റൊമാന്‍റിക് മൂഡും കിട്ടണം.അങ്ങനെയൊരു ആലോചനയിലാണ് ഏതോ ഒരു പ്രത്യേകനിമിഷത്തില്‍ എന്റെ മനസ്സിലേക്ക് മുത്താരംകുന്ന് പി.ഒ. എന്ന പേര് കടന്നുവന്നത്. മുത്താരത്തിലൊരു മുത്തുണ്ട്, മുത്തമുണ്ട്. പ്രണയമുണ്ട്...അപ്പോ തന്നെ ശ്രീനി പറഞ്ഞു, നമുക്കിത് ഫിക്സ് ചെയ്യാമെന്ന്.
സിനിമ ഇറങ്ങിയിട്ട് നാല്‍പത് വര്‍ഷം. ഇന്നും ആളുകളുടെ മനസ്സില്‍ ആ സിനിമയുണ്ട്.അന്ന് സിനിമ റിലീസ് ചെയ്ത ദിവസം എന്തായിരുന്നു പ്രതീക്ഷകള്‍?
രണ്ട് മമ്മൂട്ടി സിനിമകള്‍ റിലീസ് ചെയ്ത അതേ ദിവസമാണ് മുത്താരംകുന്ന് പി.ഒ.യും പുറത്തിറങ്ങുന്നത്. 1985 ജൂണ്‍ 25 വെള്ളിയാഴ്ച. മമ്മൂട്ടിയുടെ ഒന്നിങ്ങുവന്നെങ്കില്‍ എന്ന സിനിമയില്‍ നദിയ മൊയ്തു ആണ് നായിക.അവരാണെങ്കില്‍ നോക്കെത്താദൂരത്ത് കണ്ണും നട്ട് കഴിഞ്ഞ് ഒരു സെന്‍സേഷനായി നില്‍ക്കുന്ന സമയം. അതുപോലെ ചെറുപ്പക്കാരെ ഹരംകൊള്ളിക്കുന്ന ശങ്കറുമുണ്ട്, സംവിധാനം ജോഷി. രണ്ടാമത്തെ സിനിമ ഒരു നോക്കുകാണാന്‍. സാജന്‍ എന്ന ഹിറ്റ് മേക്കറുടെ സിനിമയില്‍ മമ്മൂട്ടിയും അംബികയും ബേബി ശാലിനിയുമെല്ലാമാണ്. രണ്ട് വലിയ സംവിധായകരുടെ സിനിമകള്‍ക്കൊപ്പം എന്നെപ്പോലെ ഒരു പുതിയ സംവിധായകന്‍റെ വലിയ താരനിരയില്ലാത്ത സിനിമ വരുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ പ്രതിസന്ധികളും മുത്താരംകുന്നിനുമുണ്ടായിരുന്നു.
സിനിമ ഇറങ്ങിയ ദിവസം പെരുമഴയായിരുന്നു. പ്രേക്ഷകര്‍ക്കിടയിലിരുന്ന് സിനിമ കാണാന്‍വേണ്ടി ഞാന്‍ പാലക്കാട്ടെ തിയേറ്ററില്‍ പോയി. അവിടെ നൂണ്‍ഷോ കഴിഞ്ഞ് അടുത്ത ഷോ തുടങ്ങാനുള്ള ഒരുക്കമാണ്. പ്രിയ എന്ന ചെറിയ തിയേറ്ററിലാണ് എന്‍റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. പ്രിയദര്‍ശിനിയാണ് അവിടുത്തെ വലിയ തിയേറ്റര്‍.അവിടെയാണ് മമ്മൂട്ടി-ജോഷി സിനിമ. അതിന്റെ തൊട്ടപ്പുറത്താണ് അരോമ. അവിടെ സാജന്‍റെ ഒരു നോക്ക് കാണാനും. ഈ രണ്ട് തിയേറ്ററുകളുടെയും മുന്നില്‍ വലിയ ക്യൂ ആണ്. മഴയത്ത് കുട പിടിച്ച് സ്ത്രീകളുള്‍പ്പെടെയുള്ള പ്രേക്ഷകര്‍ ടിക്കറ്റെടുക്കാന്‍ കാത്തുനില്‍ക്കുന്നു. എന്‍റെ സിനിമ ഓടുന്ന തിയേറ്ററിന്‍റെ വരാന്തയില്‍ ഞാനൊഴിച്ച് ഒരാളുപോലുമില്ല. ഞാന്‍ കാന്‍റീനിലുള്ള പയ്യന്‍റെ അടുത്തു ചെന്ന് ചോദിച്ചു,ഈ സിനിമ എങ്ങനെയുണ്ടെന്ന്. അപ്പോള്‍ പയ്യന്‍റെ മറുപടി. ഇതൊരു ഗുസ്തിപ്പടമാണ് സാറേ. അപ്പുറത്തെ ഏതെങ്കിലും പടം പോയി കണ്ടോയെന്ന്. എന്‍റെയൊരു സിനിമയ്ക്ക് കിട്ടിയ ആദ്യത്തെ പ്രേക്ഷക പ്രതികരണമാണത്. കുറച്ചുകഴിഞ്ഞ് മറ്റേ രണ്ട് സിനിമകളുടെയും ടിക്കറ്റ് ഹൗസ്ഫുള്ളായി. അതോടെ ടിക്കറ്റ് കിട്ടാത്ത കുറെപ്പേര്‍ എന്‍റെ പടം കാണാനെത്തി. അങ്ങനെ വീണുകിട്ടിയ പത്തമ്പത് പേര്‍ വന്നുകയറിയപ്പോഴാണ് മുത്താരംകുന്ന് തുടങ്ങുന്നത്. ഞാന്‍ അവരുടെ കൂടെയിരുന്ന് സിനിമ കണ്ടു. നോക്കുമ്പോള്‍ പ്രേക്ഷകര്‍ ചിരിക്കുന്നുണ്ട്,അവര്‍ക്ക് രസിക്കുന്നുണ്ട്.അതോടെ എനിക്കൊരു ആശ്വാസമായി. പ്രേക്ഷകപ്രതികരണം പോസിറ്റീവായല്ലോ. എങ്കിലും ഈ സിനിമ ഒരുപാട് കാലമൊന്നും ഓടിയില്ല. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം അത് മാറ്റപ്പെട്ടു. പക്ഷേ എനിക്കൊരു ഭാഗ്യം കിട്ടി. പടം ശ്രദ്ധിക്കപ്പെട്ടു. ഇയാളില്‍നിന്ന് ഇനിയും നല്ല പടങ്ങളുണ്ടാവുമെന്ന് ആളുകള്‍ക്കൊരു പ്രതീക്ഷയുണ്ടായി.
സിനിമ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും കരിയറില്‍ അതൊരു വഴിത്തിരിവായിരുന്നല്ലേ?
ആദ്യ സിനിമ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ ആണ് നമ്മുടെ ഭാവിയെ തീരുമാനിക്കുന്നത്. പക്ഷേ മുത്താരംകുന്ന് പരാജയപ്പെട്ടിട്ടും അതിന് നല്ല അംഗീകാരം കിട്ടി. ആ ഒറ്റ അംഗീകാരം കൊണ്ടാണ് എനിക്കിവിടെ നിലനില്‍ക്കാന്‍ കഴിഞ്ഞത്. ആദ്യത്തെ കുഞ്ഞ് നമുക്ക് സ്പെഷല്‍ ആവുമല്ലോ. ആ രീതിയില്‍ മുത്താരംകുന്ന് പി.ഒ.എന്‍റെ സ്പെഷലായിട്ടുള്ള സിനിമയാണ്. ഇതിനേക്കാള്‍ മികച്ച വിജയങ്ങള്‍ നേടിയ,മികച്ച രീതിയില്‍ ചിത്രീകരിച്ച സിനിമകള്‍ വേറെയുണ്ടാവാം.പക്ഷേ ഇതെനിക്ക് സ്പെഷലാണ്. ഞാന്‍ ആദ്യമായി സ്റ്റാര്‍ട്ടും കട്ടുംപറഞ്ഞ് എന്റെ പേരെഴുതി കാണിച്ച് തിയേറ്ററിലോടിയ സിനിമ എന്ന രീതിയില്‍ അതൊരിക്കലും മനസ്സില്‍നിന്ന് മാഞ്ഞുപോവില്ല.
സാമ്പത്തികവിജയം നേടാത്തത് വിഷമമുണ്ടാക്കിയോ?
അന്ന് സിനിമ ഓടിയില്ല എന്നൊരു ഖേദമുണ്ടാവാന്‍ എനിക്ക് അവസരമുണ്ടായില്ല. പ്രത്യേകതയുള്ള സിനിമ,പുതിയ സംവിധായകനെന്ന് തോന്നിപ്പിക്കാത്ത സിനിമ,ഭാവിയില്‍ മലയാള സിനിമയില്‍ നില്‍നില്‍ക്കാന്‍ പോവുന്ന സംവിധായകന്‍ തുടങ്ങിയ വിലയിരുത്തലുകള്‍ വന്നത് എനിക്കൊരാശ്വാസമായി. സിനിമയുടെ സാമ്പത്തിക വിജയത്തിനപ്പുറത്തേക്ക് സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ അംഗീകരിക്കപ്പെട്ടല്ലോ. എങ്കിലും എനിക്കിനി അടുത്തൊരു സിനിമ ഉണ്ടാകുമോ ഇല്ലയോ എന്നൊരു അനിശ്ചിതത്വമുണ്ടായി.പക്ഷേ രണ്ടാമത്തെ സിനിമയും ഞാന്‍ ആരെയും തേടിച്ചെല്ലാതെ തന്നെ സംഭവിച്ചു. പൊതുവെ സെല്‍ഫ് മാര്‍ക്കറ്റിങ്ങിനൊന്നും പാടവമില്ലാത്ത ഒരാളാണ് ഞാന്‍. ആരോടും അങ്ങോട്ട് കയറി സംസാരിക്കാനുള്ള മാനസികാവസ്ഥയുമുണ്ടാവാറില്ല. ഞാന്‍ വളരെ അന്തര്‍മുഖനാണ്. അതുകൊണ്ടുതന്നെ ഇനി എന്താവുമെന്ന് കണ്‍ഫ്യൂഷനായി നില്‍ക്കുമ്പോഴാണ് നടന്‍ ശങ്കര്‍ അദ്ദേഹത്തിനുവേണ്ടിയൊരു സിനിമ ചെയ്യാനായി സമീപിക്കുന്നത്.ചേക്കേറാന്‍ ഒരു ചില്ല എന്ന ആ സിനിമയുടെ കഥയോ കാര്യങ്ങളോ ഒന്നും ഞാന്‍ നോക്കിയില്ല.എനിക്ക് ഈ മേഖലയില്‍ നില്‍ക്കാനായി ഒരു സിനിമ ഉണ്ടായേ പറ്റൂ. അതൊരു അതിജീവനത്തിന്റെ പ്രശ്നമായിരുന്നു. അടുത്തൊരു സിനിമ ചെയ്തേ പറ്റൂ. അല്ലെങ്കില്‍ ഈ മേഖലയില്‍നിന്ന് ഞാന്‍ വിസ്മരിക്കപ്പെട്ടു പോവാനൊരു സാധ്യതയുണ്ട്. ആ സിനിമയുണ്ടായതുകൊണ്ടാണ് എനിക്ക് മൂന്നാമത്തെ സിനിമയിലേക്കെത്താന്‍ പറ്റിയത്.ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന പടം.അതിന് ഞാന്‍ പോലും പ്രതീക്ഷിക്കാതെ ദേശീയ അവാര്‍ഡും ലഭിച്ചു. ഓരോ സിനിമയില്‍നിന്നും അടുത്തതിലേക്കൊരു പടവുകള്‍ ചവിട്ടിപോകാന്‍ പറ്റി. ഇതൊന്നും എന്‍റെ കഴിവുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്‍റെ കൂടെ പഠിച്ചവരെല്ലാം എന്‍റെ പോക്ക് കണ്ട് അത്ഭുതപ്പെടുമായിരുന്നു.നമ്മുടെ കൂടെ പഠിച്ച അവന്‍ തന്നെയാണോ ഇതെന്ന്. പക്ഷേ ഇതൊക്കെ അങ്ങ് സംഭവിക്കുകയാണ്. ദൈവികമായൊരു അനുഗ്രഹം അതിനുപിന്നിലുണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇന്ന് ഈ സിനിമ ചിത്രീകരിക്കുകയാണെങ്കില്‍?
ഇന്നീ സിനിമ എടുക്കണമെങ്കില്‍ അതില്‍ അഭിനയിപ്പിക്കാന്‍ ആരെ കണ്ടെത്തും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മുത്താരംകുന്നില്‍ നെടുമുടിയും ജഗതിയും ശ്രീനിവാസനും മുകേഷുമൊക്കെ എന്ത് ഭംഗിയായാണ് അഭിനയിച്ചത്. ഇവര്‍ക്കൊക്കെ പകരം വെക്കാന്‍ ഇപ്പോള്‍ ആളുകളില്ലല്ലോ. ആ ഒരു കാലിബറില്‍ ഈ കഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ പറ്റുന്ന ആരുമില്ല. ആ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അഭിനേതാക്കള്‍ തന്നെയായിരുന്നു. ശങ്കരാടിച്ചേട്ടനോ തിലകന്‍ ചേട്ടനോ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനോ ഒക്കെ പകരം വയ്ക്കാന്‍ പറ്റുന്ന ആരെങ്കിലുമുണ്ടോ,എനിക്ക് തോന്നുന്നില്ല....





English (US) ·