ഇതൊരു തുടക്കം മാത്രം, ഇനി വരാനിരിക്കുന്നതേയുള്ളൂ; സൈമ അവാർഡ് സ്വന്തമാക്കി സ്വാസിക

3 days ago 2
ദക്ഷിണേന്ത്യൻ സിനിമകൾക്ക് ലോകോത്തര അംഗീകാരം നൽകുന്ന SIIMA ( South Indian International Movie Awards ] അവാർഡ് നിശയിലെ മലയാളി സാന്നിധ്യം പറയാതെ വയ്യ . ''എക്കാലവും ഞാൻ ഓർമ്മിക്കുന്ന നിമിഷം'' എന്നാണ് പുരസ്‌കാര നിറവിൽ അഭിനേത്രി സ്വാസിക കുറിച്ചത് . തുടരെ തുടരെയുള്ള പുരസ്‌കാര അംഗീകാരങ്ങൾ ഈ കലാകാരിക്ക് പുതിയ കാര്യമല്ല . ആ പട്ടികയിലേക്ക് അവസാനമായി വന്നു ചേർന്നത് SIIMA AWARDS ന്റെ 2026ലെ മികച്ച സഹനടിക്കുള്ള അവാർഡാണ് . മാമൻ എന്ന തമിഴ് സിനിമയിലെ പ്രകടനത്തിനാണ് ഇത്തവണ സ്വാസിക അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

സൗത്ത് ഇന്ത്യക്ക് പ്രിയപ്പെട്ട മലയാളി നടി , ഇന്നെത്തി നിൽക്കുന്നത് ,ദേശ-ഭാഷ ഭേദമന്യേ ഏത് ഇൻഡസ്ട്രിയിലും തിളങ്ങി നില്ക്കാൻ കെൽപുള്ള ഒരു സ്ഥാനത്താണ്. ആ സ്ഥാനം ഒരു രാത്രി പുലർന്നപ്പോൾ പെട്ടെന്നങ്ങ് കയ്യിൽ വന്നു ചേർന്നതല്ല . നീണ്ട പതിനേഴ് വർഷത്തിന്റെ കഥകളാണ് ഈ മുപ്പത്തിനാലുകാരിയായ അഭിനേത്രിക്ക് ചലച്ചിത്രമേഖലയുടേതായി പറയുവാനുള്ളത് . ഭാഗ്യനിർഭാഗ്യങ്ങളുടെ സമ്മിശ്ര യാത്രയായിരുന്നുവത്.

Samayam Malayalamപുക ഊതി വിട്ട് ദയ സുജിത്ത്, എന്താ ഒരു സ്വാഗ്! എനിക്ക് തന്നെ എന്നോട് അഭിമാനം തോന്നുന്നു എന്ന് താരപുത്രി; വെറുമൊരു തുടക്കമല്ല ഇത്
2009-ൽ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക തന്റെ സിനിമ ജീവിതത്തിന് തുടക്കമിട്ടത്. പക്ഷേ സിനിമ എന്ന മാന്ത്രിക ലോകത്ത് തിളങ്ങുവാൻ കഴിവ് മാത്രം പോരല്ലോ , ഭാഗ്യവും തുണക്കണം . അതിനാൽ സിനിമ സ്വപ്നം കണ്ട് വന്ന ആ പതിനെട്ടുകാരി പിന്നീട് ചെറുതും ഇടത്തരവുമായ വേഷങ്ങൾ ചെയ്ത് ,മലയാള സിനിമാ പരിസരങ്ങളിൽ തുടർന്നു . പിന്നീട് ആ യാത്രയിൽ എപ്പോഴോ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുമ്പിൽ സീരിയലുകളിൽ എത്തിയത് മറ്റൊരു വഴിത്തിരിവായി മാറി. ടെലിവിഷൻ പ്രോഗ്രാമുകളുടെ അവതാരകയായും അക്കാലയളവിൽ സ്വാസിക ശ്രദ്ധേയയായിരുന്നു . മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമായി മാറുവാൻ ഈ ഘടകങ്ങളെല്ലാം ആ കലാകാരിക്ക് സഹായകമായി .

പക്ഷേ യഥാർത്ഥ ഗെയിം ചെയ്ഞ്ചർ 2019ൽ ചെയ്ത വാസന്തി എന്ന സിനിമയായിരുന്നു . ചിത്രത്തിലെ വാസന്തി എന്ന ടൈറ്റിൽ കഥാപാത്രം അനവധി പ്രശംസകൾ നേടി എന്ന് മാത്രമല്ല , ആ വർഷത്തെ മികച്ച സഹനടിക്കുള്ള പുരസ്കാരമടക്കം മികച്ച സിനിമക്കുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരവും ലഭിക്കുകയും ചെയ്തു . കൃത്യമായി പറഞ്ഞാൽ ആദ്യ സിനിമക്ക് ശേഷം ഒരു ദശകത്തിനിപ്പുറമാണ് സ്വാസികയെന്ന നടിക്ക് അർഹിക്കുന്ന ബ്രേക്ക് സിനിമ നൽകിയത് .


പിന്നീട് തന്റെ അഭിനയ സാധ്യതകൾ തുറന്നു കാണിക്കാൻ കഴിയുന്ന ചതുരം പോലുള്ള സിനിമകൾ സ്വാസികയുടേതായി മലയാളത്തിൽ ഇറങ്ങി . പക്ഷേ മലയാള സിനിമ ഈ കലാകാരിയുടെ അഭിനയതലങ്ങളെ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ് . ചിലപ്പോൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും . കാരണം സംസ്ഥാന പുരസ്‌കാരത്തിന് ശേഷം ലഭിച്ച കഥാപാത്രങ്ങൾ പരിശോധിച്ചാൽ ഇത് മനസിലാകും .

പക്ഷേ അരങ്ങേറ്റം കുറിച്ച തമിഴ് ഭാഷ , സ്വാസികയുടെ രണ്ടാം വരവിനായി നല്ല കനത്തിൽ തന്നെ അവസരങ്ങൾ മാറ്റിവെച്ചിരുന്നു . ലബ്ബർ പന്ത് , മാമൻ ,റെട്രോ , നൂറുസ്വാമി ,കറുപ്പ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കും വിധം വെള്ളിത്തിരയിൽ പകർന്നാടിയത് സിനിമ ലോകം മറക്കില്ല . എന്തിനധികം പറയുന്നു ലബ്ബർ പന്ത് സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കും, സ്വഭാവ നടിക്കുമുള്ള പുരസ്‌കാരങ്ങൾ തേടിയെത്തിയത് ഇരട്ടിമധുരമായിരുന്നു .


പക്ഷെ THE BEST IS YET TO COME എന്ന് ഇംഗ്ലീഷിൽ പറയുന്നത് പോലെയാണ് ഈ കലാകാരിയുടെ പ്രകടനങ്ങളെ വിലയിരുത്തേണ്ടത്. കാരണം കരിയർ ബെസ്റ്റ് എന്ന് വിളിക്കാവുന്ന പ്രശംസകളാണ് 2026ൽ പുറത്തിറങ്ങിയ നൂറു സാമി എന്ന തമിഴ് ചിത്രത്തിലെ സെൽവിക്ക് സ്വാസിക നേടിക്കൊടുത്തത് . ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചാൽ പോലും കുറഞ്ഞു പോവില്ലെന്നാണ് തമിഴ് ആരാധകർ വൈകാരികമായി നൂറ് സാമിയിലെ അഭിനയത്തിൽ പ്രതികരിച്ചതും .എന്തൊക്കെയായാലും ചെയ്യുന്ന കഥാപാത്രങ്ങൾ തന്നെ എന്തെങ്കിലും ഒക്കെ പഠിപ്പിക്കാറുണ്ടെന്നും , ഇത്തരം അംഗീകാരങ്ങൾ തേടിയെത്തുമ്പോൾ അത് കൂടുതൽ അർത്ഥവത്താവുന്നെന്നുമാണ് പുരസ്‌കാര നിറവിൽ സ്വാസിക സമൂഹമാധ്യമത്തിൽ കുറിച്ചത് .
Read Entire Article