Published: July 03 , 2025 07:47 AM IST Updated: July 03, 2025 07:53 AM IST
2 minute Read
നോർത്താംപ്ടൻ∙ ഇംഗ്ലിഷ് മണ്ണിൽ വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരന്റെ തേരോട്ടം തുടരുന്നു. ഒരിക്കൽക്കൂടി ഇംഗ്ലണ്ട് യുവനിരയെ വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനവുമായി സൂര്യവംശി തന്റെ ‘വൈഭവം’ പ്രകടമാക്കിയ മത്സരത്തിൽ, ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യൻ യുവനിരയ്ക്ക് വിജയം. മഴമൂലം 40 ഓവറാക്കി ചുരുക്കിയ യൂത്ത് ഏകദിനത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. നാലാം ഏകദിനം ശനിയാഴ്ച വോഴ്സെസ്റ്ററിൽ നടക്കും.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് അണ്ടർ 19 ടീം നിശ്ചിത 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 268 റൺസ്. മറുപടി ബാറ്റിങ്ങിൽ വൈഭവ് അർധസെഞ്ചറിയുമായി തിളങ്ങിയതോടെ ഇന്ത്യ 33 പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. വൈഭവ് സൂര്യവംശി 31 പന്തിൽ ആറു ഫോറും ഒൻപതു പടുകൂറ്റൻ സിക്സറുകളും സഹിതം 86 റൺസെടുത്ത് പുറത്തായി.
ഓപ്പണറായി ഇറങ്ങിയ വൈഭവ് തുടക്കം മുതലേ തകർത്തടിക്കാനുള്ള മൂഡിലായിരുന്നു. എട്ടാം ഓവറിലെ അവസാന പന്തിൽ വൈഭവ് പുറത്താകുമ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 111ൽ എത്തിയിരുന്നു. വെറും 48 പന്തിലാണ് ഇന്ത്യ 111 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ കൂടിയായ അഭിഗ്യാൻ കുണ്ഡുവിനൊപ്പം 24 പന്തിൽ 38 റൺസ് കൂട്ടിച്ചേർത്ത വൈഭവ്, രണ്ടാം വിക്കറ്റിൽ വിഹാൻ മൽഹോത്രയ്‌ക്കൊപ്പം 24 പന്തിൽ കൂട്ടിച്ചേർത്തത് 73 റൺസ്.
ഒടുവിൽ അലക്സാണ്ടർ വെയ്ഡിനെതിരെ തുടർച്ചയായ നാലാം ബൗണ്ടറിക്കുള്ള ശ്രമത്തിൽ ജോസഫ് മൂർസിന് ക്യാച്ച് സമ്മാനിച്ചാണ് വൈഭവ് പുറത്തായത്. വിഹാൻ മൽഹോത്ര 34 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി. ഇടയ്ക്ക് വിക്കറ്റുകൾ പൊഴിഞ്ഞത് ഇന്ത്യൻ നിരയിൽ സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും, പിരിയാത്ത ഏഴാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത കനിഷ്ക് ചൗഹാൻ – ആർ.എസ്. അംബരീഷ് സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ചൗഹാൻ 42 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 43 റൺസോടെയും അംബരീഷ് 30 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 31 റൺസോടെയും പുറത്താകാതെ നിന്നു. 35 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത രാഹുൽ കുമാറിന്റെ പ്രകടനവും ശ്രദ്ധേയമായി. 11 പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസെടുത്ത അഭിഗ്യാൻ കുണ്ഡു, 23 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്ത ഹർവംശ് പംഗാലിയ എന്നിവരും രണ്ടക്കത്തിലെത്തി.
ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തിയത് പൂജ്യത്തിന് പുറത്തായ മൗല്യരാജ് സിംഹ് മാത്രം. ഇംഗ്ലണ്ടിനായി അലക്സാണ്ടർ വെയ്ഡ് രണ്ടും സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്റോ, റാൽഫി ആൽബർട്ട്, അലക്സ് ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, അർധസെഞ്ചറി നേടിയ ഓപ്പണർമാരായ ഡോകിൻസ് (61 പന്തിൽ 62), ക്യാപ്റ്റൻ തോമസ് റോ (44 പന്തില് പുറത്താകാതെ 76) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. ഇസാക് മുഹമ്മദ് (43 പന്തിൽ 41), ബെൻ മയേഴ്സ് (32 പന്തിൽ 31), റാൽഫി ആൽബർട്ട് (26 പന്തിൽ 21) എന്നിവരും തിളങ്ങി. ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫ് 21 പന്തിൽ 16 റൺസെടുത്ത് പുറത്തായി.
ഇന്ത്യയ്ക്കായി കനിഷ്ക് ചൗഹാൻ എട്ട് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപേഷ് ദേവേന്ദ്രൻ, വിഹാൻ മൽഹോത്ര, നമാൻ പുഷ്പക എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മലയാളി താരം മുഹമ്മദ് ഇനാൻ ഈ മത്സരത്തിൽ കളിച്ചില്ല.
English Summary:








English (US) ·