ഇത് ഒരു യൂണിവേഴ്സിലൊന്നും നിൽക്കില്ല; പ്രഭാസിന്റെ 'രാജാസാബി'ന് കൂടുതൽ ഭാ​ഗങ്ങൾ വരുന്നു

5 months ago 5

The Raja Saab

ദി രാജാ സാബ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: x.com/rajasaabmovie

പ്രഭാസ് നായകനായി അണിയറയിലൊരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ദി രാജാ സാബ്. ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹൊറർ-കോമഡി ജോണറിലൊരുങ്ങുന്ന ചിത്രത്തേക്കുറിച്ച് വലിയൊരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നിർമാതാവ് ടി.ജി. വിശ്വ പ്രസാദ്. ചിത്രം ഒരു വലിയ ഫ്രാഞ്ചൈസിയായി വികസിപ്പിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിന്റെ ഭാ​ഗമായി ചിത്രത്തിന് കൂടുതൽ തുടർഭാ​ഗങ്ങളുണ്ടാവുമെന്നും വിശ്വ പ്രസാദ് അറിയിച്ചു.

​ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തോട് സംസാരിക്കവേയാണ് ദി ​രാജാ സാബിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നിർമാതാവ് ടി.ജി. വിശ്വ പ്രസാദ് അറിയിച്ചത്. രാജാ സാബിന് രണ്ടാംഭാ​ഗത്തിന് പദ്ധതിയിടുന്നുണ്ട്. അതൊരു തുടർച്ചയോ രണ്ടാം ഭാഗമോ ആയിരിക്കില്ല, മറിച്ച് പൂർണ്ണമായും പുതിയൊരു കഥയായിരിക്കും. ഒരു മൾട്ടിവേഴ്സ് ആശയം പോലെ. വ്യത്യസ്ത ലോകങ്ങളിൽ നടക്കുന്ന ഒരു ഫ്രാഞ്ചൈസിയായി ഇത് തുടരാനാണ് തങ്ങൾ പദ്ധതിയിടുന്നതെന്നും വിശ്വ പ്രസാദ് പറഞ്ഞു.

ചിത്രത്തിന്റെ വിഷ്വൽ എഫക്ട്സിനെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ചും നിർമ്മാതാവ് സംസാരിച്ചു. കഥയാണ് ഏറ്റവും പ്രധാന ഘടകമെന്ന് അദ്ദേഹം പറഞ്ഞു. "ആളുകൾക്ക് കഥയുമായോ പാട്ടുകളുമായോ വൈകാരികമായി അടുക്കാൻ കഴിഞ്ഞാൽ, അവർ വിഎഫ്എക്സിലെ കുറവുകൾ ക്ഷമിക്കും. അല്ലെങ്കിൽ, അവർ അതിനെ ട്രോളും. 'ദി രാജാ സാബി'നായി ഞങ്ങൾ ഒരു ക്വാളിറ്റി കൺട്രോൾ ടീമിനെ പുറത്തുനിന്ന് ഏൽപ്പിക്കുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്നു. ഹൊററിനൊപ്പം മാസ്സ് എന്റർടെയിൻമെന്റും ചേർന്ന ചിത്രമാണിത്. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിലുണ്ട്. ബി4യു മോഷൻ പിക്ചേഴ്സും എഎ ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് തമൻ എസ് ആണ്. ഛായാഗ്രഹണം കാർത്തിക് പളനിയും എഡിറ്റിംഗ് കോട്ടഗിരി വെങ്കിടേശ്വര റാവുവും നിർവഹിക്കുന്നു. ഡിസംബർ 5-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Content Highlights: Producer TG Vishwa Prasad reveals plans for `The Raja Saab` franchise with caller stories

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article