ഇത് ചരിത്രം; ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍

7 months ago 6

ലോര്‍ഡ്സ്: 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കന്‍ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന പഴി ഇനി ദക്ഷിണാഫ്രിക്കയ്ക്കില്ല. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ വേദനിച്ച ആരാധകര്‍ക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു. 1998-ല്‍ ബംഗ്ലാദേശില്‍ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ച ശേഷം 27 വര്‍ഷങ്ങള്‍ക്കിപ്പുറം ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു ഐസിസി കിരീടം കൂടി.

സ്‌കോര്‍: ഓസ്‌ട്രേലിയ 212/10, 207/10. ദക്ഷിണാഫ്രിക്ക 138/10, അഞ്ചിന് 282.

സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ ഇന്നിങ്സിന് ഇനി പ്രോട്ടീസിന്റെ ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം. 207 പന്തുകള്‍ നേരിട്ട മാര്‍ക്രം 136 റണ്‍സെടുത്ത് ടീം വിജയത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുറത്തായത്. ജയിക്കാന്‍ ആറു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ കൂറ്റനടിക്ക് ശ്രമിച്ച മാര്‍ക്രത്തിന് പിഴയ്ക്കുകയായിരുന്നു.

കാലിലെ പേശീവലിവ് അലട്ടിയിട്ടും ടീമിനായി ക്രീസില്‍ തുടര്‍ന്ന ക്യാപ്റ്റന്‍ ടെംബ ബവുമയുടെ ഇന്നിങ്സിന് കൈയടിക്കാതിരിക്കുന്നതെങ്ങിനെ. മൂന്നാം വിക്കറ്റില്‍ മാര്‍ക്രം - ബവുമ സഖ്യം കൂട്ടിച്ചേര്‍ത്ത 147 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് കിരീട വിജയത്തില്‍ നിര്‍ണായകമായത്. 134 പന്തുകള്‍ കീസില്‍ നിന്ന് 66 റണ്‍സെടുത്താണ് ബവുമ മടങ്ങിയത്. അഞ്ചു ബൗണ്ടറികളടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. 21 റണ്‍സുമായി ഡേവിഡ് ബെഡിങ്ങാമും നാലു റണ്‍സുമായി കൈല്‍ വെരെയ്‌നും പുറത്താകാതെ നിന്നു.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ പ്രോട്ടീസിന് ടെംബ ബവുമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ച അവര്‍ക്ക് നാലു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വിക്കറ്റ് നഷ്ടമായി. ബവുമയെ, പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി പിടികൂടുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്രത്തിന് പിന്തുണ നല്‍കി ക്രീസില്‍ തുടര്‍ന്ന ട്രിസ്റ്റന്‍ സ്റ്റബ്ബ്സിനെ സ്റ്റാര്‍ക്ക് പുറത്താക്കി. 43 പന്തുകള്‍ നേരിട്ട് എട്ടു റണ്‍സായിരുന്നു സ്റ്റബ്ബ്സിന്റെ സമ്പാദ്യം.

നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സ് 207 റണ്‍സിന് അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്സില്‍ 74 റണ്‍സ് ലീഡ് നേടിയിരുന്ന ഓസീസിന് മൊത്തം 281 റണ്‍സ് ലീഡ് ലഭിച്ചു.

282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പ്രോട്ടീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണെ നഷ്ടമായിരുന്നു. ആറു റണ്‍സെടുത്ത താരത്തെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. പിന്നാലെ രണ്ടാം വിക്കറ്റില്‍ മാര്‍ക്രം - വിയാന്‍ മള്‍ഡര്‍ സഖ്യം 61 റണ്‍സ് ചേര്‍ത്തതോടെ പ്രോട്ടീസ് ഇന്നിങ്‌സ് ട്രാക്കിലായി. 50 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത മള്‍ഡറെയും സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. തുടര്‍ന്നായിരുന്നു ടെസ്റ്റിന്റെ വിധി നിര്‍ണയിച്ച മാര്‍ക്രം - ബവുമ കൂട്ടുകെട്ടിന്റെ പിറവി.

Content Highlights: South Africa chases 282 runs, needing 69 much with Markram`s period & Bavuma`s fifty

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article