'ഇത് വെറുതെ മോനായതുകൊണ്ട് പറയുകയല്ല'; അർജുന് സ്നേഹമുത്തം നൽകി ഹരിശ്രീ അശോകൻ

4 months ago 5

thalavara

തലവര സിനിമയിൽ അർജുൻ അശോകൻ, ഹരിശ്രീ അശോകനും അർജുൻ അശോകനും

മനം കവരുന്ന അഭിനയ മുഹൂർത്തങ്ങളുമായി അർജുൻ അശോകൻ ചിത്രം 'തലവര' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ പകർന്നാടിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം അ‍ർജുന്‍റെ അച്ഛൻ ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

''സൂപ്പർ... അടിപൊളിയാണ് ഗംഭീരമായിട്ടുണ്ട്. ഇത് വെറുതെ മോനായതുകൊണ്ട് പറയുകയല്ല. എല്ലാ ആർട്ടിസ്റ്റുകളും ഗംഭീരമാണ്. എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. നല്ല ഡയറക്ഷൻ, എനിക്ക് തോന്നുന്നു ഈ അടുത്തകാലത്തൊന്നും ഇങ്ങനെയൊരു സിനിമ വന്നിട്ടില്ല. ഒരു ഫ്രെയിം പോലും ബൊറടിക്കുന്നില്ല, എല്ലാ സീനുകളും ഗംഭീരമായിട്ടുണ്ട്. നല്ല എഡിറ്റിംഗും സ്ക്രിപ്റ്റിംഗുമാണ്. യൂത്തിനും ഫാമിലിക്കും നന്നായി ക്യാച്ച് ചെയ്യാനാകും വിധം രസകരമായി ഒരുക്കിയിട്ടുണ്ട്'', ഹരിശ്രീ അശോകന്‍റെ വാക്കുകള്‍.

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ചിത്രം. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം എത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം.

അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. തീർച്ചയായും കുടുംബങ്ങളുടേയും യൂത്തിന്‍റേയും പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്നൊരു ഫീൽഗുഡ് ചിത്രമാണ് തലവര എന്നുറപ്പിച്ച് പറയാം.

Content Highlights: Arjun Ashokan`s show successful Thalavara wins praise from assemblage and his father

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article