ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ബെംഗളൂരു സ്വദേശികൂടിയായ ദ്രാവിഡ് ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും പ്രതികരിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍ കൂടിയാണ് ദ്രാവിഡ്.
''നിരാശാജനകമായ കാര്യമാണിത്. ഏറെ സങ്കടകരവും. കായിക അഭിനിവേശം ഏറെയുള്ള നഗരമാണ് ബെംഗളൂരു. ഞാന്‍ ഇവിടെനിന്നാണ് വരുന്നത്. ഇവിടെയുള്ള ആളുകള്‍ ക്രിക്കറ്റിനെ മാത്രമല്ല, എല്ലാ കായിക ഇനങ്ങളെയും സ്‌നേഹിക്കുന്നു. ഫുട്‌ബോള്‍ ടീമാകട്ടെ കബഡി ടീമാകട്ടെ എല്ലാ കായിക ഇനങ്ങളെയും ടീമുകളെയും പിന്തുണയ്ക്കുന്നവരാണവര്‍. ഇത്തരമൊരു നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത് തീര്‍ത്തും ഹൃദയഭേദകമാണ്.'' - ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദ്രാവിഡ് വ്യക്തമാക്കി.
ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ കിരീടവിജയത്തിനു ശേഷം ജൂണ്‍ നാലാം തീയതി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി), കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ടീമിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആര്‍സിബി ടീമിന്റെ ഉടമസ്ഥരായ റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ലിമിറ്റഡാണ് (ആര്‍സിഎസ്എല്‍) ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തില്‍ ആര്‍സിബിയുടെ ഇവന്റ് മാനേജര്‍ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ മാനേജ്മെന്റ് എന്നിവരെ പ്രതിചേര്‍ത്ത് കബ്ബണ്‍ പാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ജൂണ്‍ ആറാം തീയതി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ നിഖില്‍ സോസാലെയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Content Highlights: Rahul Dravid expresses sorrow implicit the tragic stampede during RCB`s IPL triumph celebrations








English (US) ·