'ഇത് സവർണ ധാർഷ്ട്യം,ദളിതരുടെ പിതൃത്വം ഏറ്റെടുക്കാന്‍ അടൂര്‍ ആരാണ്? ';- സണ്ണി എം. കപിക്കാട്

5 months ago 5

sunny-m-kapikad-kapicadu-adoor-gopalakrishnan

സണ്ണി എം. കപിക്കാട്, അടൂർ ഗോപാലകൃഷ്ണൻ | ചിത്രങ്ങൾ: മാതൃഭൂമി

സിനിമാ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദളിത്-സ്ത്രീ സംവിധായകര്‍ക്കെതിരെ നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. അടൂരിന്റേത് സവര്‍ണ ധാര്‍ഷ്ട്യമാണെന്നും കോടിക്കണക്കിന് ദളിതരുടെ പിതൃത്വം ഏറ്റെടുക്കാന്‍ അടൂര്‍ ആരാണെന്നും ദളിത് ചിന്തകനായ സണ്ണി എം. കപിക്കാട് തുറന്നടിച്ചു. സര്‍ക്കാര്‍ പോളിസിയെ അട്ടിമറിക്കുന്ന ജീര്‍ണമനസാണ് അടൂരിന്റേത്. ഇവരെ പോലുള്ളവരെ മഹത്തുക്കളായി വാഴിക്കുന്ന മലയാളികള്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും സണ്ണി എം. കപിക്കാട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരം അനാവശ്യമാണെന്ന് അയാള്‍ക്ക് തോന്നുന്നത് അവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളുടെ 'ജെനുവിന്‍നെസ്' അയാള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ്. അവിടുത്തെ ഡയറക്ടറുടെ ഭാര്യ അവിടുത്തെ കീഴ്ജീവനക്കാരായ സ്ത്രീകളോട് ജാതീയമായി പെരുമാറി എന്ന ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോള്‍ അന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞ മറുപടി, 'അവര്‍ കൊട്ടാരത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ്, വര്‍ഷങ്ങളെടുക്കും അവരൊന്ന് പരുവപ്പെട്ട് വരാന്‍' എന്നാണ്. ഇയാള്‍ ഏത് കൊട്ടാരത്തിലെ കാര്യമാണ് പറയുന്നത്? ഇവിടെ 75 വര്‍ഷമായി ജനാധിപത്യം വാഴുന്ന ഇന്ത്യയ്ക്കകത്തിരുന്ന് പത്തോ അമ്പതോ വയസുള്ള ഒരു സ്ത്രീ കൊട്ടാരത്തില്‍ ജനിച്ചുവളര്‍ന്നുവെന്ന് പറയുന്ന ഇയാള്‍ എന്ത് അര്‍ഥത്തിലാണ് ഇത് പറയുന്നത്? അവര്‍ കൊട്ടാരത്തില്‍ നിന്ന് വന്ന തമ്പുരാട്ടിയാണെന്നും അവരെ സേവിക്കാന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പറയുമ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഉള്ളിലുള്ള സവര്‍ണതയാണ് പുറത്തുചാടുന്നത്.' -സണ്ണി എം. കപിക്കാട് പറഞ്ഞു.

'ദളിതര്‍ക്ക് ഒന്നരക്കോടി രൂപ സിനിമ നിര്‍മിക്കുന്നതിനായി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അത് കൊടുക്കേണ്ടതില്ലെന്ന് പറയുന്നതിന് പിന്നിലും അതേ മനോഭാവമാണ്. ഇവര്‍ ഒരുതരത്തിലും സിനിമാമേഖലയിലേക്ക് കടന്നുവരാന്‍ പാടില്ല എന്ന നിര്‍ബന്ധബുദ്ധി സവര്‍ണനായ അടൂര്‍ ഗോപാലകൃഷ്ണന് ഉണ്ടെന്ന് തന്നെ നമ്മള്‍ തുറന്നുപറയണം.'

'സര്‍ക്കാരെടുത്ത വളരെ പോസിറ്റീവും പുരോഗമനപരവുമായ നയമാണ് പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്ന് വരുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നത്. അത് നടപ്പാക്കേണ്ടതില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരാള്‍ പറയുമ്പോള്‍ അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമ്മള്‍ മനസിലാക്കണം. സിനിമ എന്ന 'പവിത്ര മേഖല'യിലേക്ക് ഈ മാര്‍ജിനല്‍ കമ്യൂണിറ്റീസില്‍ നിന്ന് ആരും വരേണ്ടതില്ല എന്നാണ് അയാള്‍ നിര്‍ബന്ധം പിടിക്കുന്നത്. ആയാള്‍ മഹാനായ ചലച്ചിത്രകാരനാണെന്ന് ഞാനെന്തായാലും വിചാരിക്കുന്നില്ല. വേണമെങ്കില്‍ അക്കാര്യം അയാളുടെ സിനിമകള്‍ വെച്ച് തന്നെ പറയാന്‍ കഴിയും. ഇവരെയൊക്കെ മഹത്തുക്കളായി വാഴിക്കുന്ന മലയാളികളാണ് സൂക്ഷ്മപരിശോധന നടത്തുന്നത്.' -സണ്ണി എം. കപിക്കാട് തുടർന്നു.

'അദ്ദേഹം പറഞ്ഞയൊരു കാര്യം ഒന്നരക്കോടി കൊടുക്കേണ്ടതില്ല, 50 ലക്ഷം മതി എന്നാണ്. അങ്ങനെ കൊടുക്കണമെങ്കില്‍ മൂന്ന് മാസത്തെ കര്‍ശനമായ ട്രെയിനിങ് അവര്‍ക്ക് കൊടുക്കണമെന്നാണ് അയാള്‍ പറയുന്നത്. ഇയാള്‍ ആരാണ്? ഇന്ത്യയിലെ കോടിക്കണക്കിന് ദളിത്-ആദിവാസി ജനവിഭാഗങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇയാള്‍ ആരാണെന്നാണ് ചോദ്യം. ആ കുട്ടികള്‍ അവിടെ അപേക്ഷ കൊടുക്കുന്നത് സിനിമ പഠിച്ചിട്ട് തന്നെയാണ്. സിനിമ എടുക്കാന്‍ അറിയാവുന്നവര്‍ തന്നെയാണ് അപേക്ഷ കൊടുക്കുന്നത്. അത് പരിശോധിച്ചിട്ട് പൈസ കൊടുത്താല്‍ മതി. അതല്ലാതെ അടൂര്‍ ഗോപാലകൃഷ്ണന്റെ ട്രെയിനിങ് മേടിക്കുന്നവര്‍ക്കല്ല സര്‍ക്കാര്‍ പൈസ കൊടുക്കേണ്ടത്. ഇയാള്‍ ആരാണ് ഇതൊക്കെ പറയാന്‍? ഇത് സവര്‍ണ ധാര്‍ഷ്ട്യമാണ്. അത് തുറന്ന് പറഞ്ഞേ പറ്റൂ, തുറന്ന് ചര്‍ച്ച ചെയ്‌തേ പറ്റൂ. സര്‍ക്കാരിന്റെ പോളിസിയെ അട്ടിമറിക്കുന്ന ജീര്‍ണമായ സവര്‍ണ മനസാണ് അടൂര്‍ ഗോപാലകൃഷ്ണനില്‍ പ്രവര്‍ത്തിക്കുന്നത്.' -സണ്ണി എം. കപിക്കാട് പറഞ്ഞു.

Content Highlights: Sunny M Kapicadu slams Adoor Gopalakrishnan implicit anti-dalit statements helium made astatine cinema conclave

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article