Published: July 30 , 2025 05:32 PM IST Updated: July 30, 2025 07:22 PM IST
1 minute Read
ലണ്ടൻ∙ ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ സെമിഫൈനൽ ഉപേക്ഷിച്ചതിനു പിന്നിൽ സ്പോൺസറുടെ സമ്മർദ്ദവും. ‘ഇത് ഒരു സാധാരണ മത്സരമായി കാണാനാകില്ല’ എന്ന് ചൂണ്ടിക്കാട്ടിയാണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരിൽപ്പെട്ട ട്രാവൽ ടെക് കമ്പനി ‘ഈസ്മൈട്രിപ്’ പിൻമാറ്റം പ്രഖ്യാപിച്ചത്. കമ്പനിയുടെ സഹ സ്ഥാപകൻ കൂടിയായ നിഷാന്ത് പിട്ടിയാണ് എക്സിലൂടെ പിൻമാറ്റം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ, സെമിഫൈനൽ ബഹിഷ്കരിക്കുകയാണെന്ന് ഇന്ത്യ ചാംപ്യൻസ് ടീമും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇക്കാര്യം ടൂർണമെന്റിന്റെ സംഘാടകരായ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിനെ (ഇസിബി) അറിയിക്കുകയും ചെയ്തു.
ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പഹൽഗാം ഭീകരാക്രമണവും അതിനു പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ വിഷയങ്ങളും ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇരു ടീമുകൾക്കും പോയിന്റ് വീതം വയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ടൂർണമെന്റിന്റെ സെമിയിലും ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായത്. ബർമിങ്ങാമിലെ എജ്ബാസ്റ്റനിൽ നാളെ ആദ്യ സെമിയിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടാനിരിക്കെ, യുവരാജ് സിങ്ങും സംഘവും എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.
‘ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യ ചാംപ്യൻസ് ടീമിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. സെമി പ്രവേശത്തിലൂടെ നിങ്ങൾ രാജ്യത്തിന്റെ യശസ് ഉയർത്തി. പക്ഷേ പാക്കിസ്ഥാനെതിരായ സെമി മത്സരം ഒരു സാധാരണ മത്സരമായി കാണാനാകില്ല. ഭീകരവാദവും ക്രിക്കറ്റും ഒരുമിച്ചു പോവുകയുമില്ല. ഈസിമൈട്രിപ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്ന കമ്പനിയാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യവുമായുള്ള ബന്ധത്തിന് സഹായകരമാകുന്ന ഒരു പരിപാടിയും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല’ – നിഷാന്ത് പിട്ടി എക്സിൽ കുറിച്ചു.
‘‘ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം ഞങ്ങൾക്കു കേൾക്കാം. അതിനാൽ ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരവുമായി ഞങ്ങൾ സഹകരിക്കില്ല. ചില കാര്യങ്ങൾ കളിയേക്കാൾ ഗൗരവമുള്ളതാണ്. രാജ്യത്തിനാണ് എപ്പോഴും ഒന്നാം സ്ഥാനം. ബിസിനസ് എല്ലാം അതുകഴിഞ്ഞേ വരൂ’ – നിഷാന്ത് പിട്ടി വ്യക്തമാക്കി.
India vs Pakistan – WCL Semi-Final
We applaud Team India @India_Champions for their outstanding show successful the World Championship of Legends, you’ve made the federation proud.
However, the upcoming semi-final against Pakistan is not conscionable different game, Terror and cricket cannot…
ടൂർണമെന്റിൽ ഏറിയ പങ്കും അവസാന സ്ഥാനക്കാരായിരുന്ന ഇന്ത്യ, അവസാന ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചാണ് സെമിയിൽ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ 10 വിക്കറ്റിന് തകർത്ത് 9 പോയിന്റുമായി പാക്കിസ്ഥാൻ ഒന്നാമതെത്തിയതോടെയാണ്, നാലാം സ്ഥാനക്കാരായ ഇന്ത്യയുമായി സെമി പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യൻ ടീം പിൻമാറിയോടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കടുത്ത വാക്പോരും ഉടലെടുത്തിരുന്നു. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി, ഇന്ത്യയുടെ പിൻമാറ്റത്തിന് നേതൃത്വം നൽകിയ ശിഖർ ധവാനെ ‘ചീമുട്ട’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ പിൻമാറിയാലും സെമിയിലോ ഫൈനലിലോ പാക്കിസ്ഥാനോട് കളിക്കേണ്ടി വന്നാൽ എന്തു ചെയ്യുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തു സംഭവിച്ചാലും താൻ കളിക്കാനിറങ്ങില്ല എന്ന് ധവാൻ മറുപടി നൽകിയിരുന്നു.
English Summary:








English (US) ·