
സൂര്യകുമാർ യാദവ് ഒമാൻ താരങ്ങളോട് സംസാരിക്കുന്നു | X.com/@badkebhai, സൂര്യയും സൽമാൻ അഗയും | AP
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്തായെങ്കിലും അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ഒമാന്‍ മടങ്ങിയത്. ഇന്ത്യയുടെ എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയ ഒമാന്‍, 189 റണ്‍സ് വിജയലക്ഷ്യത്തിന് 22 റണ്‍സ് അകലെയാണ് വീണത്. മത്സരശേഷം ഒമാന്‍ താരങ്ങളെ അഭിനന്ദിക്കാന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് മറന്നില്ല. ഒമാന്‍ താരങ്ങള്‍ക്കിടയിലേക്ക് ചെന്ന സൂര്യ അവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മത്സരശേഷം ഒമാന്‍ നായകന്‍ ജതിന്ദര്‍ സിങ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. മത്സരത്തെക്കുറിച്ച് സംസാരിച്ച സൂര്യകുമാര്‍ തങ്ങളെ അഭിനന്ദിച്ചതായി ജതിന്ദര്‍ വ്യക്തമാക്കി. ഇന്ത്യന്‍ നായകന്റെ നടപടിയെ പുകഴ്ത്തി ഒട്ടേറെപ്പേര്‍ രംഗത്തെത്തുകയും ചെയ്തു. ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് കയ്യടിക്കാതിരിക്കാനാവില്ലെന്ന് പലരും കുറിച്ചു. മത്സരശേഷം ഒമാന്‍ താരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
പാക് താരങ്ങള്‍ക്ക് കൈകൊടുക്കാത്തതിന്റെ പേരില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലെന്ന് അവര്‍ വിമര്‍ശിച്ച അതേ സൂര്യകുമാറാണ് ഇന്ന് ഒമാന്‍ താരങ്ങള്‍ക്കിടയിലേക്ക് കയറിച്ചെന്നത്. പാകിസ്താനെതിരേ സൂര്യ പ്രകടിപ്പിച്ചത് നിലപാടിലുറച്ചുള്ള സമീപനമെന്നത് വ്യക്തവുമാണ്. അതില്‍ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായതുമില്ല. പാകിസ്താനെതിരായ മത്സരശേഷം ഇക്കാര്യം സൂര്യ പറഞ്ഞിട്ടുമുണ്ട്.
കളിക്കാൻ വേണ്ടി മാത്രം വന്നതുകൊണ്ട് ഞങ്ങൾ ഇത്തരമൊരു നിലപാടെടുത്തു. തക്കതായ മറുപടിയും നൽകി. ബിസിസിഐയുമായും കേന്ദ്രസർക്കാരുമായും ചേർന്നാണ് നിൽക്കുന്നതെന്നും സൂര്യകുമാർ പാകിസ്താനെതിരായ മത്സരശേഷം പറഞ്ഞു. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയമായ പ്രേരണയുണ്ടോ എന്ന ചോദ്യത്തിന് ജീവിതത്തിലെ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണെന്നാണ് സൂര്യകുമാർ മറുപടി നൽകിയത്. ഇക്കാര്യം ഞാൻ സമ്മാനദാന ചടങ്ങിലും പറഞ്ഞിരുന്നു. പഹൽഗാം ഭീകരാക്രമണത്തിലെ എല്ലാ ഇരകൾക്കൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. - സൂര്യകുമാർ പറഞ്ഞു.
അവരുടെ കുടുംബങ്ങൾക്കൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഞാൻ പറഞ്ഞതുപോലെ, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നമ്മുടെ ധീരരായ സായുധ സേനാംഗങ്ങൾക്കായി ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. അവർ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് പോലെ, അവസരം ലഭിക്കുമ്പോഴെല്ലാം സാധ്യമെങ്കിൽ അവരെയും പ്രചോദിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. - അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും ആഗയും ഹസ്തദാനം നടത്തിയിരുന്നില്ല.
Content Highlights: Suryakumar Yadav with oman players nary handshake pakistan team








English (US) ·