Published: December 07, 2025 01:39 PM IST Updated: December 07, 2025 08:41 PM IST
1 minute Read
വാഷിങ്ടൻ ∙ ഈ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുമോ? കരിയറിലെ അവസാന ലോകകപ്പ് എന്ന് രണ്ട് ഇതിഹാസ താരങ്ങളും നേരത്തേ തന്നെ വ്യക്തമാക്കിക്കഴിഞ്ഞ 2026 ഫിഫ ലോകകപ്പിൽ ആരാധകരുടെ പ്രതീക്ഷകൾക്ക് തിളക്കം പകരുന്നതാണ്, കഴിഞ്ഞ ദിവസം വാഷിങ്ടനിൽ നടന്ന ഗ്രൂപ്പ് നറുക്കെടുപ്പ്. മെസ്സിയുടെ അർജന്റീനയും ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലും ക്വാർട്ടർ ഫൈനൽ മുതൽ നേർക്കുനേർ വരാൻ സാധ്യതയുള്ള വിധത്തിലാണ് മത്സരക്രമം. യുഎസിലെ കൻസാസ് സിറ്റിയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലായേക്കാം ഈ താരപ്പോരാട്ടം.
ഗ്രൂപ്പ് ജെയിൽ അൽജീറിയ, ഓസ്ട്രിയ, ജോർദാൻ എന്നിവർക്കൊപ്പമാണ് നിലവിലെ ചാംപ്യന്മാരായ അർജന്റീന. പോർച്ചുഗൽ ഗ്രൂപ്പ് കെയിലാണ്. ഉസ്ബെക്കിസ്ഥാൻ, കൊളംബിയ എന്നിവർക്കൊപ്പം പ്ലേ ഓഫ് ജയിച്ചു വരുന്ന യൂറോപ്പിനു പുറത്തുനിന്നുള്ള ഒരു ടീമും ഈ ഗ്രൂപ്പിലുണ്ടാകും. മൊറോക്കോ, ഹെയ്തി, സ്കോട്‌ലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്രസീൽ. അട്ടിമറികളുണ്ടായില്ലെങ്കിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അർജന്റീന – ബ്രസീൽ പോരാട്ടത്തിനു സെമിഫൈനൽ മുതൽ സാധ്യതയുണ്ട്.
മരണഗ്രൂപ്പില്ല, അട്ടിമറികൾക്കു സാധ്യത 48 ടീമുകൾ പങ്കെടുക്കുന്ന ഈ ലോകകപ്പിലെ 12 ഗ്രൂപ്പുകളിൽ ഒന്നിനു പോലും മരണഗ്രൂപ്പ് എന്നൊരു വിശേഷണത്തിനു യോഗ്യതയില്ല. ലോകകപ്പിന്റെ മത്സരക്രമം അനുസരിച്ച് ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലെത്തും. അതിനാൽ, വമ്പൻ അട്ടിമറികൾ നടന്നില്ലെങ്കിൽ ലോകഫുട്ബോളിലെ വമ്പൻമാർക്കെല്ലാം 32 ടീമുകളുടെ നോക്കൗട്ടിലെത്താൻ സാധിക്കും. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പാനമ എന്നിവ ഉൾപ്പെട്ട ഗ്രൂപ്പ് എൽ മാത്രമാണ് അൽപമെങ്കിലും കടുപ്പമുള്ള ടീമുകളുടെ സംഘം.
ആദ്യ മത്സരം മെക്സിക്കോ – ദക്ഷിണാഫ്രിക്ക2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ജൂൺ 11ന്, സഹആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 1970, 1986 ലോകകപ്പുകളുടെ വേദിയായ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. 12ന് മറ്റ് ആതിഥേയ ടീമുകളായ യുഎസിന്റെയും കാനഡയുടെയും മത്സരങ്ങൾ. യുഎസ് പാരഗ്വായെയും കാനഡ യൂറോപ്യൻ പ്ലേ ഓഫ് ബി ജേതാവിനെയുമാണു നേരിടുക. കാനഡയുടെ എതിരാളി മുൻ ലോക ചാംപ്യന്മാരായ ഇറ്റലിയാകാൻ സാധ്യതയേറെ.
ഫിക്സ്ചർ പ്രഖ്യാപിച്ചുലോകകപ്പിന്റെ മത്സരക്രമം, തീയതി, വേദി തുടങ്ങിയവ ഫിഫ ഇന്നലെ പ്രഖ്യാപിച്ചു. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നായി പ്ലേഓഫ് ജയിച്ച് 6 ടീമുകൾ കൂടി എത്തിയതിനു ശേഷമേ ലോകകപ്പിന്റെ ആകെ ചിത്രം വ്യക്തമാകൂ. മാർച്ചിലാണ് ഈ മത്സരങ്ങൾ. യുഎസിലും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്. ഫിഫ, ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏറ്റുവാങ്ങി. മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരും പങ്കെടുത്തു.
English Summary:








English (US) ·