ഇത്തവണ ബാറ്റുകൊണ്ടല്ല, പന്തുകൊണ്ട് ചരിത്രമെഴുതി വൈഭവ് സൂര്യവംശി; ഇംഗ്ലണ്ട് നായകനെ പുറത്താക്കി റെക്കോർഡ് ബുക്കിൽ– വിഡിയോ

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 14 , 2025 12:05 PM IST Updated: July 14, 2025 02:29 PM IST

1 minute Read

 Screen Grab/ECB Video)
ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വൈഭവ് സൂര്യവംശി (Photo: Screen Grab/ECB Video)

ലണ്ടൻ∙ തീരെ ചെറിയ പ്രായത്തിൽത്തന്നെ ഐപിഎലിൽ ഉൾപ്പെടെ പുറത്തെടുത്ത സ്ഫോടനാത്മക ബാറ്റിങ്ങിലൂടെ രാജ്യാന്തര തലത്തിൽ പേരെടുത്തതിനു പിന്നാലെ, ബോളിങ് പ്രകടനം കൊണ്ടും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീം അംഗമായ വൈഭവ് സൂര്യവംശി, യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന  റെക്കോർഡാണ് സ്വന്തമാക്കിയത്. ബെക്കൻഹാമിലെ കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ഹംസ ഷെയ്ഖിനെ പുറത്താക്കിയാണ് പതിനാലുകാരൻ വൈഭവിന്റെ ചരിത്രനേട്ടം.

ഇടംകയ്യൻ ഓർത്തഡോക്സ് ബോളറായ വൈഭവ്, ഇംഗ്ലണ്ട് ഇന്നിങ്സിലെ 45–ാം ഓവറിലാണ് ഹംസ ഷെയ്ഖിനെ പുറത്താക്കിയത്. ലോ ഫുൾടോസ് ആയിട്ടെത്തിയ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ ലോങ് ഓഫിൽ ഹെനിൽ പട്ടേലിന് ക്യാച്ച് സമ്മാനിച്ചായിരുന്നു ഹംസ ഷെയ്ഖിന്റെ മടക്കം. യൂത്ത് ടെസ്റ്റിൽ വൈഭവിന്റെ കന്നി വിക്കറ്റാണിത്.

14 വർഷവും 107 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ വിസ്മയ പ്രകടനം. 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരുവനന്തപുരത്ത് മനിഷി സ്ഥാപിച്ച റെക്കോർഡാണ് വൈഭവ് പുതുക്കിയത്. അന്ന് മനിഷി പുറത്താക്കിയവരിൽ ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കൻ ടീമംഗം മാർക്കോ യാൻസൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. അന്ന് ഒന്നാം ഇന്നിങ്സിൽ 58 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റുമാണ് മനിഷി വീഴ്ത്തിയത്.

അതേസമയം, രാജ്യാന്തര തലത്തിൽ യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് പാക്കിസ്ഥാന്റെ മഹ്മൂദ് മാലിക്കിനാണ്. 13 വർഷവും 241 ദിവസവും പ്രായമുള്ളപ്പോഴാണ് മഹ്മൂദിന്റെ വിക്കറ്റ് നേട്ടം. 1994ൽ ന്യൂസീലൻഡിനെതിരെ 89 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയാണ് മഹ്മൂദ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. പാക്കിസ്ഥാന്റെ തന്നെ ഹിദായത്തുള്ള ഖാൻ 2003ൽ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ 13 വർഷവും 252 ദിവസവും പ്രായമുള്ളപ്പോൾ വിക്കറ്റ് വീഴ്ത്തിയതാണ് രണ്ടാമത്. വൈഭവ് മൂന്നാമതും.

∙ വൈഭവിന്റെ നിർണായക ബ്രേക്ക് ത്രൂ

ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും സെഞ്ചറിയിലേക്ക് കുതിച്ച ഇംഗ്ലണ്ട് നായകനെ വീഴ്ത്തി വൈഭവ് സൂര്യവംശി ബോളിങ്ങിൽ കരുത്തുകാട്ടിയതോടെയാണ് യൂത്ത് ടെസ്റ്റിന്റെ (ചതുർദിന മത്സരം) രണ്ടാം ദിനം ഇന്ത്യ മേൽക്കൈ നേടിയത്. ഒരു ഘട്ടത്തിൽ സെഞ്ചറി കൂട്ടുകെട്ടുമായി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയ റോക്കി ഫ്ലിന്റോഫ് – ഹംസ ഷെയ്ഖ് കൂട്ടുകെട്ട് വൈഭവ് പൊളിച്ചതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 540 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് അണ്ടർ 19 ടീം, രണ്ടാം ദിനം കളി നിർത്തുമ്പോൾ 60 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എന്ന നിലയിലാണ്. തോമസ് റ്യൂ മൂന്നു റൺസോടെയും ഏകാംശ് സിങ് അക്കൗണ്ട് തുറക്കാതെയും ക്രീസിൽ. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യൻ സ്കോറിനേക്കാൾ 310 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് യുവനിര.

English Summary:

Vaibhav Suryavanshi breaks India grounds with maiden Youth Test wicket

Read Entire Article