ന്യൂഡല്‍ഹി: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ആറു റണ്‍സിന്റെ ജയം സ്വന്തമാക്കി ആന്‍ഡേഴ്‌സന്‍ - തെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പര സമനിലയിലെത്തിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ. ഓവലില്‍ അഞ്ചാം ദിനം മികച്ച ബൗളിങ് പ്രകടനം നടത്തി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് സിറാജിനെ ഇത്തവണ ജയ് ഷാ പേരെടുത്തു പറഞ്ഞ് പ്രത്യേകം അഭിനന്ദിച്ചു.
ശരീരത്തെ പോലും വെല്ലുവിളിച്ചുകൊണ്ട് സിറാജ് പുറത്തെടുത്ത പ്രകടനത്തിന് അഭിനന്ദനങ്ങള്‍. അദ്ദേഹം അവസരത്തിനൊത്ത് ഉയര്‍ന്നു. വേദനയും ക്ഷീണവും അദ്ദേഹത്തെ ബാധിക്കാത്തതുപോലെയാണ് തോന്നിയതെന്നും ഷാ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെ പേരെടുത്ത് പറഞ്ഞ് അഭിന്ദിച്ച ജയ് ഷാ ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടിനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
പരമ്പരയില്‍ അഞ്ചു ടെസ്റ്റുകളിലായി 185.3 ഓവറുകളെറിഞ്ഞ സിറാജ് 23 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും സിറാജ് തന്നെ.

നേരത്തേ എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ജയ് ഷാ എക്സില്‍ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു. അന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ആകാശ് ദീപ്, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവരെ പേരെടുത്ത് പറഞ്ഞ് പോസ്റ്റില്‍ അഭിനന്ദിച്ച ജയ് ഷാ, പേസര്‍ മുഹമ്മദ് സിറാജിന്റെ പേര് വിട്ടുകളഞ്ഞതാണ് വിവാദത്തിന് കാരണമായത്. അന്ന് ഒന്നാം ഇന്നിങ്സില്‍ സിറാജ് ഇന്ത്യയ്ക്കായി ആറു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ സാക് ക്രോളിയുടെ വിക്കറ്റും രണ്ട് ക്യാച്ചുകളും സിറാജ് സ്വന്തമാക്കി. എന്നിട്ടും സിറാജിന്റെ പേര് വിട്ടുപോയതോടെ സാമൂഹികമാധ്യമങ്ങളില്‍ കടുത്തവിമര്‍ശനമാണ് ജയ് ഷാക്കെതിരേ ഉയര്‍ന്നത്.
Content Highlights: Jay Shah lauded Siraj`s show successful India`s Oval Test win, highlighting his resilience








English (US) ·