Published: July 04 , 2025 12:40 PM IST
1 minute Read
ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഇടയ്‌ക്കിടെ മത്സരം തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിൽ എഴുതിയ കോളത്തിലാണ് ജഡേജ ഇടയ്‌ക്കിടെ അനാവശ്യമായി മത്സരം തടസപ്പെടുത്തുന്നുവെന്ന് ലോയ്ഡ് ആരോപിച്ചത്. എല്ലാവരും വൻ തുക മുടക്കി കളി കാണാൻ വന്നത് ഈ കോപ്രായങ്ങളൊന്നും കാണാനല്ലെന്നും ലോയ്ഡ് തുറന്നടിച്ചു. ബാറ്റിങ്ങിനിടെ ജഡേജ പിച്ചിന് കേടുപാടു വരുത്താൻ ശ്രമിക്കുന്നതായി ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, പേസ് ബോളർ ക്രിസ് വോക്സ് എന്നിവരും ആരോപിച്ചിരുന്നു. മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ ജഡേജ, 137 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 89 റൺസെടുത്താണ് പുറത്തായത്.
‘‘രണ്ടാം ദിനം മത്സരം ആരംഭിച്ച് 15 മിനിറ്റ് പിന്നിട്ടപ്പോഴേയ്ക്കും ജഡേജ മത്സരം നിർത്തിവയ്പ്പിച്ചു. കയ്യിൽ പന്തു കൊണ്ടതിന്റെ പേരിലായിരുന്നു ഇത്. തുടർന്ന് ദാഹമകറ്റി ഏതാനും ഗുളികകളും കഴിച്ച ശേഷമാണ് ബാറ്റിങ് തുടർന്നത്. തുടർന്ന് 40 മിനിറ്റ് പോലും കഴിയുന്നതിനു മുൻപ് ജഡേജ വീണ്ടും ഇടവേളയെടുത്തു. ഈ ഘട്ടത്തിലെല്ലാം അംപയർമാർ നിസഹായരായി നോക്കിനിൽക്കുകയായിരുന്നു. നിർണായകമായേക്കാവുന്ന ഓവറുകളാണ് ഈ ഘട്ടത്തിൽ നഷ്ടമായത്’ – ലോയ്ഡ് ചൂണ്ടിക്കാട്ടി.
‘‘ബാറ്റിങ്ങിനിടെ താരത്തിന് പരുക്കേറ്റാൽ അയാളെ ഗ്രൗണ്ടിനു പുറത്തുകൊണ്ടു പോയി ചികിത്സിക്കുന്ന രീതിയിലുള്ള നിയമ ഭേദഗതി അത്യാവശ്യമാണ്. അല്ലെങ്കിൽ മത്സരം അനാവശ്യമായി തടസ്സപ്പെടും. പരുക്കേറ്റ് ചികിത്സ തേടുന്ന താരത്തിന് പകരം പുതിയ ബാറ്റർ ക്രീസിലെത്തുന്ന രീതിയിൽ ഐസിസി നിയമം പൊളിച്ചെഴുതണം. എന്തു സംഭവിച്ചാലും മത്സരം നടക്കണം. അല്ലാതെ പരുക്കിന്റെ പേരിൽ മത്സരം ഇടയ്ക്കിടെ നിർത്തിവയ്ക്കരുത്. ഇവിടെ എല്ലാവരും 85 പൗണ്ട് വരെ നൽകി ടിക്കറ്റെടുത്ത് വന്നിരിക്കുന്ന ഈ കോപ്രായങ്ങൾ കാണാനല്ല’ – ലോയ്ഡ് കുറിച്ചു.
അതേസമയം, ബാറ്റു ചെയ്യുന്നതിനിടെ ജഡേജ മനഃപൂർവം പിച്ചിന് കേടുപാടു വരുത്തുന്നുവെന്ന ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്, ഇംഗ്ലിഷ് താരം ക്രിസ് വോക്സ് എന്നിവരുടെ പരാതിയെക്കുറിച്ചും ലോയ്ഡ് പ്രതികരിച്ചു. ഇല്ലാത്ത റണ്ണിനായി ജഡേജ ഇടയ്‌ക്കിടെ ക്രീസ് വിട്ടിറങ്ങിയ ശേഷം തിരിച്ചു കയറുന്നത് പിച്ചിന് കേടുവരുത്താനാണെന്നായിരുന്നു വോക്സിന്റെ ആരോപണം. ഇത് പിന്നീട് ബോളിങ്ങിൽ പന്തിന് കൂടുതൽ ടേൺ ലഭിക്കാനാണെന്നായിരുന്നു ആക്ഷേപം. സ്റ്റോക്സും വോക്സും ഇക്കാര്യം അംപയറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
‘‘ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള പോരാളിയെന്ന നിലയിൽ രണ്ടാം ദിനം ആദ്യ സെഷനിൽ രവീന്ദ്ര ജഡേജയുടെ ‘പ്രകടനം’ കാണാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ഈ പിച്ചിൽ നാലാം ഇന്നിങ്സിൽ ബോൾ ചെയ്യാൻ പോകുന്നയാളെന്ന നിലയിൽ, ജഡേജയുടെ മനസ്സിൽ പല ലക്ഷ്യങ്ങളുമുണ്ടായിരിക്കും. അതുകൊണ്ടാണ് ബാറ്റിങ്ങിനിടെ ഇടയ്‌ക്കിടെ ബാറ്റുകൊണ്ടും കാലുകൊണ്ടും പിച്ചിൽ ഓരോന്നു ചെയ്യാൻ അദ്ദേഹം ശ്രമിച്ചത്. തീർത്തും വരണ്ട പിച്ചിൽ ഇനിയങ്ങോട്ട് സ്പിൻ വളരെ നിർണായകമായേക്കും. ജഡേജയുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതു തന്നെ ചെയ്യുമായിരുന്നു’ – ലോയ്ഡ് കുറിച്ചു.
English Summary:








English (US) ·