ഇത്രയുമായ സ്ഥിതിക്ക് രാഹുല്‍ എംഎല്‍എ സ്ഥാനംകൂടി രാജിവെച്ച് വീട്ടിലിരിക്കണം- സംവിധായിക ഐഷ സുല്‍ത്താന

5 months ago 6

22 August 2025, 09:33 AM IST

aisha sultana rahul mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ, ഐഷ സുൽത്താന | Photo: Facebook/ Rahul Mamkootathil, Aisha Lakshadweep

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തികയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനംകൂടി രാജിവെക്കണമെന്ന ആവശ്യവുമായി സംവിധായിക ഐഷ സുല്‍ത്താന. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാഹുല്‍ എംഎല്‍എ സ്ഥാനംകൂടി രാജിവെച്ച് വീട്ടിലിരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന്‌ ഐഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവന്തിക വ്യക്തതയോടെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അതുകേട്ടെങ്കിലും രാഹുല്‍ രാജിവെക്കണമെന്നും ഐഷ ആവശ്യപ്പെട്ടു.

'ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍ ആ എംഎല്‍എ സ്ഥാനം കൂടി രാജിവെക്കണമെന്നതാണ് എന്റെ അഭിപ്രായം. എന്നിട്ട് വീട്ടില്‍ ഇരിക്കുക. കാരണം കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ മാത്രമാണ്. അതുകാരണം ഈ രാജ്യത്തെ ബാധിക്കുന്ന വലിയ വലിയ പ്രശ്‌നങ്ങള്‍ മുങ്ങി പോയികൊണ്ടിരിക്കുന്നു. നിങ്ങളുടെ പേര് എടുത്തു പറഞ്ഞു, നിങ്ങള്‍ അവരോട് ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ എണ്ണി എണ്ണി പറയുന്ന അവന്തികയുടെ വീഡിയോ ഞാന്‍ ഇതിന്റെ ഒപ്പം ഷെയര്‍ ചെയ്യുന്നു. ഈ വീഡിയോയില്‍ അവന്തിക ക്രിസ്റ്റല്‍ ക്ലിയര്‍ ക്ലാരിറ്റിയോടെയാണ് കാര്യങ്ങള്‍ പറയുന്നത്. ഇത് കേട്ടിട്ടെങ്കിലും താങ്കള്‍ ആ എംഎല്‍എ സ്ഥാനം രാജി വെക്കുക', എന്നായിരുന്നു ഐഷയുടെ വാക്കുകള്‍.

നേരത്തെ, ഒരു യുവനേതാവിനെതിരേ വെളിപ്പെടുത്തലുമായി എത്തിയ നടി റിനി ആന്‍ ജോര്‍ജിനെതിരേ ഐഷ രംഗത്തെത്തിയിരുന്നു. ഇത്രയും സന്തോഷത്തോടെ ഒരാളെക്കുറിച്ച് പരാതി പറയുന്ന ഒരു യുവനടിയെ ആദ്യമായാണ് താന്‍ കാണുന്നത് എന്നായിരുന്നു റിനിയുടെ ചിത്രം പങ്കുവെച്ച് ഐഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍, വിമര്‍ശനം കടുത്തതോടെ ഐഷ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് രാഹുലിനെതിരായ ഹണി ഭാസ്‌കരന്റെ ആരോപണത്തെ പിന്തുണച്ച ഐഷ, പേരെടുത്തുപറഞ്ഞാവണം ഇത്തരം വിമര്‍ശനങ്ങളെന്നും താന്‍ ആര്‍ക്കും വേണ്ടി പിആര്‍ ചെയ്യുകയല്ലെന്നും വ്യക്തമാക്കിയിരുന്നു.

Content Highlights: Aisha Sultana demands MLA Rahul Mamkootathil`s resignation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article