31 July 2025, 02:30 PM IST

Photo: Screengrab/ x.com/TEAM_AFRIDI
ലണ്ടന്‍: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ കളിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ഇന്ത്യ സെമി ഫൈനലില്‍ നിന്ന് പിന്മാറിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെ സെമിയിലും ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നതോടെ ഇന്ത്യന്‍ ടീമിനെ പരിഹസിക്കുന്ന പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ സെമി ഫൈനലില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ പാകിസ്താനുമായി കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ശേഷം യുവ്‌രാജ് സിങ് നയിക്കുന്ന ഇന്ത്യന്‍ ചാമ്പ്യന്‍സ് ടീം സ്റ്റേഡിയം വിടുന്നത് ബാല്‍ക്കണിയില്‍ നിന്ന് നോക്കിനില്‍ക്കുന്ന ഷാഹിദ് അഫ്രീദിയുടെ വീഡിയോ വൈറലാകുകയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം. ലീഗ് ഘട്ടത്തില്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നെങ്കിലും സെമിയിലും ഇന്ത്യ അതേ നിലപാട് തുടരുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ മത്സരക്രമം തീരുമാനിച്ചയുടന്‍ പാകിസ്താനെതിരേ സെമി കളിക്കാനില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.
ഇന്ത്യ മത്സരത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം യുവ്‌രാജ് സിങ്, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ വേദി വിടുന്നത് സ്റ്റേഡിയത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിനില്‍ക്കുന്ന അഫ്രീദിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നേരത്തേ സെമിയില്‍ ഇന്ത്യ - പാകിസ്താന്‍ മത്സരം വന്നതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരേ അഫ്രീദി പ്രകോപനപരമായ പരാമര്‍ശം നടത്തിയിരുന്നു. ഒരു റസ്റ്റോറന്റിലെ ചടങ്ങില്‍ സംസാരിക്കവെ ഇന്ത്യയെ പരിഹസിക്കുന്ന അഫ്രീദിയുടെ വീഡിയോക്കെതിരേ വ്യാപക വിമര്‍ശനവും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സെമിയിലും പാകിസ്താനുമായി കളിക്കേണ്ടെന്ന് ഇന്ത്യ തീരുമാനമെടുത്തത്. ഇതോടെ പാകിസ്താന്‍ ഫൈനലിലെത്തി.
Content Highlights: India withdraws from Legends League Cricket semi-final against Pakistan aft governmental tensions








English (US) ·