22 May 2025, 08:36 PM IST

മുഹമ്മദ് റിസ്വാനും രോഹിത് ശർമയും ടോസിനിടെ | AFP
അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും കളിക്കുകയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചുള്ള തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അടുത്തുതന്നെ എടുത്തേക്കും. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കവുമായി ഐസിസി മുന്നോട്ടുപോകുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പും നടക്കുന്നുണ്ട്.
ജൂലൈയില്‍ ഐസിസിയുടെ വാര്‍ഷികയോഗം നടക്കുന്നുണ്ട്. ജൂലൈ 17 മുതല്‍ 20 വരെയാണ് യോഗം. ഈ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി ഒട്ടുമിക്ക ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യ-പാക് മത്സരം ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ നടക്കാറുണ്ട്. എന്നാല്‍ 2026 ടി20 ലോകകപ്പില്‍ ഇരുടീമുകളും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും കളിക്കുകയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റി ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.
Content Highlights: india pakistan abstracted groups successful T20 World Cup 2026 report








English (US) ·