ഇനി ഒരു പ്രണയമില്ല എനിക്ക് വിവാഹവും; ജോണ്‍സണ്‍ മാഷിന്റെ പാട്ട്; അതുമതി എനിക്ക് ജീവിക്കാന്‍

4 months ago 5

ഇരുവരും വിവാഹിതര്‍. അകാലത്തില്‍ ഭാര്യയെ നഷ്ടപ്പെട്ടയാളാണ് ജിതേഷ്. സീനയാകട്ടെ വിവാഹമോചിത. ഹ്രസ്വമായ ദാമ്പത്യജീവിതമവസാനിപ്പിച്ച് 'അരസിക'നായ ഭര്‍ത്താവില്‍ നിന്ന് ഓടി രക്ഷപ്പെട്ടവള്‍.

സംഗീത പ്രേമികളാണ് രണ്ടു പേരും. ജോണ്‍സണ്‍ മാഷിന്റെ അടിയുറച്ച ആരാധകര്‍. മാഷിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് നഗരത്തിലെ പ്രമുഖ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ഗാനാഞ്ജലിക്ക് എത്തിയതായിരുന്നു അവര്‍. ഇരുന്നതാകട്ടെ അടുത്തടുത്ത സീറ്റുകളിലും.

'ചേട്ടന്‍ വിശ്വസിക്കുമോ എന്നറിയില്ല. പവിഴം പോല്‍ പവിഴാധരം പോല്‍ എന്ന ഒരൊറ്റ പാട്ടാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്.' -- ജിതേഷിന്റെ വാക്കുകള്‍. 'സ്റ്റേജില്‍ ഏതോ ഗായകന്‍ ആ പാട്ട് പാടിത്തുടങ്ങിയതും രണ്ടു പേരും സ്ഥലകാലബോധം പോലും മറന്ന് എണീറ്റുനിന്ന് കയ്യടിച്ചുപോയി. ചുറ്റും കണ്ണോടിച്ചപ്പോള്‍ സദസ്സ് മുഴുവന്‍ നിശ്ശബ്ദരായി അന്തം വിട്ട് നോക്കിയിരിക്കുകയാണ് ഞങ്ങളെ. ശരിക്കും ചമ്മി. അതേ ജാള്യഭാവത്തോടെ പരസ്പരം നോക്കിയപ്പോള്‍ അറിയാതെ ചിരി പൊട്ടി രണ്ടു പേര്‍ക്കും.'

ആ ചിരിയില്‍ നിന്നാണ് മനോഹരമായ ഒരു ബന്ധത്തിന്റെ തുടക്കം. അന്ന് മുഴുവന്‍ സംസാരിച്ചത് പാട്ടുകളെക്കുറിച്ചാണ്. 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ പാട്ടിനോട് എന്തിത്ര ഇഷ്ടം എന്ന് അറിയണം അവള്‍ക്ക്. എനിക്ക് തിരിച്ചും. ഏറക്കുറെ സമാനമായ അനുഭവങ്ങളായിരുന്നു രണ്ടു പേരുടെയും. പ്രണയത്തില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍. പിന്നീടങ്ങോട്ട് ഗാനമേളയില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പരിപാടി തീര്‍ന്നതുപോലുമറിയാതെ സംസാരിച്ചുകൊണ്ടിരുന്നു ഞങ്ങള്‍. ഇരുവരുടേയും ജീവിത സങ്കല്‍പങ്ങള്‍, സ്വപ്നങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ ഒക്കെ എവിടെയൊക്കെയോ പരസ്പരം ലയിച്ച് ഒന്നായിത്തീര്‍ന്ന പോലെ....'

അന്തരീക്ഷം പ്രണയഭരിതമാകുകയായിരുന്നു; ജോണ്‍സണ്‍ മാഷിന്റെ പാട്ടുകളുടെ അകമ്പടിയോടെ.

നഗരത്തിന്റെ രണ്ടു കോണില്‍ വസിക്കുന്ന, രണ്ടു വ്യത്യസ്ത മതവിശ്വാസങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ടു പേര്‍ മനസ്സുകൊണ്ട് ഒന്നാകാന്‍ തീരുമാനിച്ച നിമിഷങ്ങള്‍ . ' എന്റെ ബൈക്കിലാണ് അന്ന് ഞാന്‍ അവളെ വീട്ടില്‍ കൊണ്ടുവിട്ടത്. പറയേണ്ടതെല്ലാം അതിനകം പറഞ്ഞുകഴിഞ്ഞിരുന്നു ഞങ്ങള്‍. ആ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇരുവരും എന്ന് തോന്നി. മടുപ്പിക്കുന്ന ഏകാന്തതയില്‍ നിന്ന് ഒരു താല്‍ക്കാലിക മോചനം. അത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. നല്ലൊരു സൗഹൃദം...'

രജിസ്റ്റര്‍ വിവാഹത്തോളമെത്തും ആ സൗഹൃദമെന്ന് ആരോര്‍ത്തു ? ഗാനമേള കഴിഞ്ഞു പിരിഞ്ഞ ശേഷംവും ഇടക്കിടെ കണ്ടുകൊണ്ടിരുന്നു ജിതേഷും സീനയും (യഥാര്‍ഥ പേരുകളല്ല). വിവാഹാഭ്യര്‍ഥന നടത്തിയത് സീനയാണ്. എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല ജിതേഷിന്; കുട്ടികള്‍ വേണ്ട എന്നൊരു ഉപാധി മാത്രം. സീനക്ക് അക്കാര്യത്തിലും പൂര്‍ണ്ണ സമ്മതം. 'ഞങ്ങള്‍ രണ്ടുപേര്‍, പിന്നെ ജോണ്‍സണ്‍ മാഷിന്റെ പാട്ടും. നല്ലൊരു സൗഹൃദം എന്നതിനപ്പുറത്ത് ദാമ്പത്യത്തെ കുറിച്ച് വലിയ സങ്കല്‍പ്പങ്ങളും പ്രതീക്ഷകളുമൊന്നും ഉണ്ടായിരുന്നില്ല. സംശയം രോഗിയായ മുന്‍ ഭര്‍ത്താവിനെ കുറിച്ച് അവളും മരിച്ചുപോയ എന്റെ ഭാര്യയെക്കുറിച്ച് ഞാനും ഒന്നും ഉരിയാടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. പിന്നെപ്പിന്നെ അതൊരു ശീലമായി. ആറു വര്‍ഷമാണ് ഞങ്ങള്‍ അങ്ങനെ കഴിഞ്ഞത്. ഇടയ്ക്കിടെ ചില്ലറ കലഹങ്ങളൊക്കെ ഉണ്ടാകുമെങ്കിലും പൊതുവെ സമാധാനപൂര്‍ണമായ ജീവിതം. ഭാര്യ എന്നല്ല, ജീവിതപങ്കാളി എന്നു പറഞ്ഞാണ് ഞാന്‍ അവളെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്.'

ജോണ്‍സണ്‍ മാഷിന്റെ പാട്ടായിരുന്നു ഇരുഹൃദയങ്ങളെയും ബന്ധിപ്പിച്ചു നിര്‍ത്തിയ സ്‌നേഹക്കണ്ണി. എല്ലാ കലഹങ്ങളും ഒടുവില്‍ പാട്ടില്‍ അലിഞ്ഞ് അപ്രത്യക്ഷമാകും. 'ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത ജോണ്‍സണ്‍ എന്ന മനുഷ്യനായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?.എല്ലാ വേദനകള്‍ക്കും നിരാശകള്‍ക്കും പുറമെ പുരട്ടാവുന്ന മരുന്നായി മാറി ഞങ്ങള്‍ക്ക് മാഷിന്റെ പാട്ടുകള്‍. അക്കാലത്താണ് രവിച്ചേട്ടന്റെ പുസ്തകങ്ങളുമായി കൂടുതല്‍ പരിചയപ്പെടുന്നത്. അവയില്‍ സൂചിപ്പിച്ച പാട്ടുകള്‍ യൂട്യൂബില്‍ പോയി കേള്‍ക്കുന്നത് അന്ന് ഞങ്ങള്‍ക്കൊരു ഹരമായിരുന്നു.' ജീവിതം സംഗീതസാന്ദ്രം, സമാധാനപൂര്‍ണം.

സംഗീതത്തിന് പോലും ഉണക്കാന്‍ പറ്റാത്ത മുറിവുകളുണ്ടെന്ന് അന്നറിയില്ലായിരുന്നു ജിതേഷിന്; സ്വന്തം ജീവിതത്തില്‍ അവ പ്രത്യക്ഷപ്പെടുന്നതു വരെ.

അപ്രതീക്ഷിതമായാണ് സമവാക്യങ്ങള്‍ മാറിയത്. 'വിവാഹമോചിതനായ ഭര്‍ത്താവ് യാദൃച്ഛികമായി ഫോണ്‍ വിളിച്ച കാര്യം ഒരു നാള്‍ അവള്‍ വന്നു പറഞ്ഞപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല എനിക്ക്. അവളും അതൊരു തമാശയായി എടുത്തതായേ തോന്നിയുള്ളൂ. ഇനിയൊരിക്കലും വിളിക്കരുതെന്ന് അയാള്‍ക്ക് അവളൊരു വാണിംഗും കൊടുത്തു. എന്നാല്‍ പിന്നേയും വിളി വന്നുകൊണ്ടിരുന്നു. പശ്ചാത്താപവിവശനായിരുന്നു അയാള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ആത്മഹത്യാ ഭീഷണിയൊക്കെ മുഴക്കിയത്രേ. പിന്നെപ്പിന്നെ ആ വിളികളെക്കുറിച്ച് അവളൊന്നും മിണ്ടാതായി. അവര്‍ എവിടെയൊക്കെയോ വെച്ച് പരസ്പരം കാണാറുണ്ടെന്ന് എനിക്കറിയാമായിരുന്നു. പഴയ പോലെ എന്തും തുറന്നുപറയാതെയായി അവള്‍. ഞങ്ങളുടെ പെരുമാറ്റത്തില്‍ അതോടെ കുറച്ച് അകലം ഒക്കെ വന്നു തുടങ്ങി. ഒന്നും പഴയപോലെ ആയില്ല പിന്നെ. വീണ്ടും അയാളുമായി അടുക്കാന്‍ ആഗ്രഹിക്കുന്ന പോലെ തോന്നി അവളുടെ മനസ്സ്..'

സങ്കടം വന്നു എന്നത് സത്യം. പക്ഷേ നിര്‍ബന്ധിച്ച് പങ്കാളിയെ ഒപ്പം നിര്‍ത്തുന്നത് ശരിയല്ലല്ലോ. 'അവളുടെ ധര്‍മ്മസങ്കടം എനിക്ക് ഊഹിക്കാമായിരുന്നു. പ്രേമിച്ചു വിവാഹിതരായവരാണ്; കുറച്ചുകാലം ഒപ്പം കഴിഞ്ഞവരും. രക്ഷിക്കണേ എന്ന് പറഞ്ഞു കരഞ്ഞ് അയാള്‍ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ നോ പറയാന്‍ പറ്റുന്നുണ്ടാവില്ല. എല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് വേര്‍പിരിയാനുള്ള ആഗ്രഹം അവള്‍ പങ്കുവെക്കാന്‍ കാത്തുനിന്നില്ല ഞാന്‍. അതിനു മുന്‍പ് അങ്ങോട്ട് കാര്യം പറഞ്ഞു: 'പിരിയാം. ഇത്രകാലം ചിരിച്ചും കളിച്ചും പാട്ടുകേട്ടും ജീവിച്ചില്ലേ? ഇനിയുള്ള കാലം സന്തോഷിക്കാന്‍ എനിക്ക് ആ ഓര്‍മ്മകള്‍ മതി....'

മറുത്തൊന്നും പറഞ്ഞില്ല സീന. വലിയ സങ്കടം പ്രകടിപ്പിച്ചു കണ്ടതുമില്ല. ജിതേഷിനാകട്ടെ ജീവിതത്തിലെ പ്രണയവസന്തം അസ്തമിച്ചു കഴിഞ്ഞിരുന്നു.

'വര്‍ഷം രണ്ടാകുന്നു ഞങ്ങള്‍ പിരിഞ്ഞിട്ട്.' -- ജിതേഷ് പറഞ്ഞു. 'മുന്തിരിത്തോപ്പുകളിലെ പാട്ട് പിന്നീടൊരിക്കലും കേള്‍ക്കാന്‍ തോന്നിയിട്ടില്ല. വല്ലപ്പോഴുമൊക്കെ യാദൃച്ഛികമായി കേള്‍ക്കാനിടവന്നാല്‍ പോലും കാതുകള്‍ പൊത്താനാണ് തോന്നുക. ദേഷ്യം കൊണ്ടല്ല, വേദന കൊണ്ട്. ഏറ്റവും പ്രിയപ്പെട്ട പാട്ട് എങ്ങനെ നമുക്ക് അനിഷ്ടഗാനമായി മാറുന്നു എന്നതിനെക്കുറിച്ച് ചേട്ടന്‍ ഈയിടെ ഫേസ്ബുക്കില്‍ എഴുതിയിരുന്നല്ലോ. അരികില്‍ നീ ഉണ്ടായിരുന്നെകില്‍ എന്ന ഗാനത്തെ വെറുക്കുന്ന ഒരാളെക്കുറിച്ച്. അത് വായിച്ചപ്പോഴാണ് എന്റെ അനുഭവം പങ്കുവെക്കാം എന്ന് തോന്നിയത്.'

'പവിഴം പോല്‍' യാദൃച്ഛികമായി കാതില്‍ വന്നു വീണാല്‍ തല്‍ക്ഷണം സീനയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയിലേക്ക് മടങ്ങിപ്പോകും ജിതേഷിന്റെ മനസ്സ്. 'കുസൃതി നിറഞ്ഞ അവളുടെ മുഖഭാവം, അന്നത്തെ ഞങ്ങളുടെ സംസാരം, ഒരുമിച്ചുള്ള ബൈക്ക് യാത്ര, യാത്രക്കിടയുള്ള പാട്ടു പാടല്‍..... എത്ര മറക്കാന്‍ ശ്രമിച്ചിട്ടും മാഞ്ഞുപോകാത്ത ഓര്‍മ്മകള്‍.' അവള്‍ക്കും അങ്ങനെ തോന്നുണ്ടാകുമോ? അറിയില്ല. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. അവള്‍ നടന്നുപോകുമ്പോള്‍ ഒളിച്ചുനിന്നു കണ്ടിട്ടുപോലുമുണ്ട്. പിന്നെപ്പിന്നെ ഏകാന്തതയുമായി പൊരുത്തപ്പെടാന്‍ ശീലിച്ചു.

കൂട്ടുകാരിയുമായി പിന്നീട് സംസാരിച്ചിരുന്നോ? -- എന്റെ ചോദ്യം. 'ഏയ് ഇല്ല. അവളുടെ ഫോണ്‍ നമ്പര്‍ പോലും ഞാന്‍ ഡിലീറ്റ് ചെയ്തു. നമ്മുടെ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയ ഒരാളെ എന്തിന് നാം പിന്തുടരണം? അത് അവരുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലല്ലേ ? അവള്‍ക്ക് നല്ലതുമാത്രം വരുത്തണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. '

ഒരു നിമിഷം നിര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു ജിതേഷ്: 'ഇനി ഒരു പ്രണയമില്ല എനിക്ക്; വിവാഹവും. ഞാനും എന്റെ ജോണ്‍സണ്‍ മാഷും. ജീവിച്ചുപോകാന്‍ ഈ സൗഹൃദം ധാരാളം. മറ്റാരും കടന്നുവരേണ്ട ഞങ്ങളുടെ സുന്ദര ലോകത്തേക്ക്...'

Content Highlights: Two euphony lovers find solace successful each other`s company

ABOUT THE AUTHOR

ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article