ഇനി കളി മാറും, കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു സാംസൺ കളിക്കും; ലേലത്തിൽ പങ്കെടുക്കും

7 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 23 , 2025 05:18 PM IST

1 minute Read

 AFP
സഞ്ജു സാംസൺ

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ അടുത്ത സീസണിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കളിക്കും. ലീഗ് കളിക്കാൻ താൽപര്യമുണ്ടെന്ന് സഞ്ജു അറിയിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി സ്ഥിരീകരിച്ചു. അതേസമയം ഏതു ടീമിലാണു സഞ്ജു കളിക്കുകയെന്നു വ്യക്തമായിട്ടില്ല. 2025 സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ സഞ്ജു പങ്കെടുക്കും.

ഏരീസ് കൊല്ലം സെയ്‍ലേഴ്സാണ് കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യൻമാർ. കഴിഞ്ഞ സീസണിൽ സഞ്ജു സാംസൺ കളിച്ചിരുന്നില്ല. സഞ്ജു കളിച്ചാൽ കേരള ക്രിക്കറ്റ് ലീഗ് കൂടുതൽ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്തുള്ള മത്സരങ്ങളിൽ താരത്തിന്റെ കളി കാണാൻ ആരാധകർ ഒഴുകിയെത്തുമെന്നും ഉറപ്പാണ്.

ആഭ്യന്തര ക്രിക്കറ്റിൽ അടുത്ത സീസണിലും സഞ്ജു കേരളത്തിൽ കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. കെസിഎയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സഞ്ജു കേരളം വിട്ടേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പരുക്കിനെ തുടർന്ന് സഞ്ജു സാംസൺ രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ചിരുന്നില്ല.

അടുത്ത സീസണിനു മുന്നോടിയായുള്ള ലേലത്തിൽ വരുന്ന താരങ്ങളുടെ പട്ടികയിൽ സഞ്ജുവിന്റെ പേരുമുണ്ട്. ലേലത്തിൽ സൂപ്പർ താരത്തെ സ്വന്തമാക്കാനായി ടീമുകൾ തമ്മിൽ ശക്തമായ പോരാട്ടം നടത്തേണ്ടിവരും. എം.എസ്. അഖിലായിരുന്നു കഴിഞ്ഞ സീസണിലെ വിലയേറിയ താരം. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസാണ് അഖിലിനെ സ്വന്തമാക്കിയത്.

English Summary:

Sanju Samson acceptable to play successful Kerala Cricket League

Read Entire Article