‘ഇനി കൂടുതൽ പറയുന്നില്ല..’: സാറയുടെ ജീവിതത്തിലെ ‘വിശേഷപ്പെട്ട വ്യക്തി’യെക്കുറിച്ച് സൂചനയുമായി സച്ചിൻ; വിഡിയോ വൈറൽ

2 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 05, 2026 11:46 AM IST Updated: November 05, 2026 10:39 PM IST

1 minute Read

സാറ തെൻഡുൽക്കർ (ഇടത്), സച്ചിനൊപ്പം സാറ (വലത്) Instagram/saratendulkar/
സാറ തെൻഡുൽക്കർ (ഇടത്), സച്ചിനൊപ്പം സാറ (വലത്) Instagram/saratendulkar/

മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകളും സംരംഭകയുമായ സാറാ തെൻഡുൽക്കറുടെ ജന്മദിനാഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒക്ടോബർ 12നാണ് സാറ 29-ാം ജന്മദിനം ആഘോഷിച്ചത്. ഈ അവസരത്തിൽ കുടുംബാംഗങ്ങൾ ജന്മദിനാശംസകൾ നേർന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി സാറ ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞദിവസം പങ്കുവച്ച റീലാണ് ആരാധകർ ഏറ്റെടുത്തത്. അമ്മ അഞ്ജലി, സഹോദരൻ അർജുൻ, അച്ഛൻ സച്ചിൻ, സഹോദരന്റെ ഭാര്യ സാനിയ ചന്ദോക്ക്, മറ്റു ബന്ധുക്കൾ എന്നിവർ ഓരോരുത്തരായി സാറയ്ക്ക് ആശംസകൾ നേർന്നതും വരും വർഷത്തിൽ അവൾക്ക് എന്തെല്ലാം ലഭിക്കണമെന്ന ആഗ്രഹങ്ങൾ പങ്കുവച്ചതുമാണ് വിഡിയോയിലുള്ളത്.

What you should work next

മകൾക്കായി ഹൃദയസ്പർശിയായൊരു ആഗ്രഹം പങ്കുവച്ച സച്ചിന്റെ ആശംസയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. “ഈ വർഷം സാറയ്ക്ക് വിശേഷപ്പെട്ട ഒരാളെ കണ്ടെത്താൻ കഴിയട്ടെ” എന്നായിരുന്നു സച്ചിന്റെ ആശംസ. തുടർന്ന് കൂടുതൽ എന്തോ പറയാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് അദ്ദേഹം നിർത്തി. “ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. നീ ഇതുപോലെതന്നെ പോസിറ്റീവായി തുടരുക. മറ്റുള്ളവരിലേക്കും പോസിറ്റിവിറ്റി പകരുക” എന്നും സച്ചിൻ കൂട്ടിച്ചേർത്തു.

മകളുടെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതൽ പറയാതെ സൂക്ഷിച്ചുകൊണ്ടുള്ള സച്ചിന്റെ ഈ രസകരമായ ആശംസ പുറത്തുവന്നതോടെ ഇതു സംബന്ധിച്ച ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചു. മകളുടെ ‘പ്രണയ’ജീവിതത്തെക്കുറിച്ച് സച്ചിന് ചില സൂചനകളുണ്ടെന്ന തരത്തിലായിരുന്നു ചർച്ച. അച്ഛന്റെ വാക്കുകൾ കേട്ടപ്പോഴുള്ള സാറയുടെ മുഖഭാവങ്ങൾ വച്ചു പല ഊഹാപോഹങ്ങളും നിറഞ്ഞു. ഈ വർഷമാദ്യം സാറയുടെ ഇളയ സഹോദരൻ അർജുൻ വിവാഹം കഴിച്ചിരുന്നു. സാറയുടെ തന്നെ സുഹൃത്തായിരുന്ന സാനിയ ചന്ദോക്കിനെയാണ് അർജുൻ വിവാഹം കഴിച്ചത്. മകളുടെ ജീവിതത്തിലും സമാനമായൊരു സന്തോഷനിമിഷം ഉണ്ടാകണമെന്നാണ് സച്ചിൻ ആഗ്രഹിക്കുന്നതെന്ന സൂചനയും താരത്തിന്റെ ആശംസയിലുണ്ടെന്നാണ് ആരാധകർ പറയുന്നത്.

സാറയുടെ ജന്മദിനത്തിൽ സച്ചിൻ നേരത്തേ തന്നെ ആശംസകൾ അറിയിച്ചിരുന്നു. “ഒരുകാലത്ത് ഞാൻ നിനക്ക് വഴികാട്ടിയായിരുന്നു. എന്നാൽ ഇന്ന്, മിക്കപ്പോഴും നീ സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ജന്മദിനാശംസകൾ. ലവ് യു, സാറ.”– എന്നായിരുന്നു സച്ചിന്റെ കുറിപ്പ്. സച്ചിനെ കൂടാതെ മറ്റു ചില ബന്ധുക്കളും സാറ, ഈ വർഷം തന്റെ പങ്കാളിയെ കണ്ടെത്തെട്ടെ എന്ന് ആശംസിക്കുന്നുണ്ട്. സാറ ഇരട്ടകുട്ടികളുടെ ‘അമ്മായി’ ആയി മാറട്ടെ എന്നാണ് ഒരു ബന്ധു ആശംസിക്കുന്നത്. സാനിയ ചാന്ദോക്ക് ഗർഭിണിയാണെന്ന സൂചനയാണിതെന്നും ചിലർ അഭിപ്രായപ്പെടുന്നു.

1997 ഒക്ടോബർ 12നാണ് സാറയുടെ ജനനം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ എന്ന മേൽവിലാസമുണ്ടെങ്കിലും സൈബർ രംഗത്തും ബിസിനസ് രംഗത്തും ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സാറ തെൻഡുൽക്കർ. ഇൻസ്റ്റഗ്രാമിൽ 90 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുൻസറായ സാറ, മുംബൈയിൽ ‘പിലാറ്റേ സ്റ്റുഡിയോ’ എന്ന സംരംഭം നടത്തുന്നുണ്ട്. ഗ്ലോബൽ ഇ– ക്രിക്കറ്റ് പ്രീമിയർ ലീഗിൽ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമയുമാണ്.

English Summary:

Sara Tendulkar day solemnisation video shared by Sachin Tendulkar's girl connected Instagram has gone viral, featuring heartfelt wishes from household members including Sachin Tendulkar. The cricket fable humorously wished that Sara finds a peculiar idiosyncratic this year, sparking wide discussions among fans crossed societal media platforms.

Read Entire Article