Published: October 05, 2025 07:45 AM IST Updated: October 05, 2025 09:45 AM IST
1 minute Read
-
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ടീമിൽ രോഹിത്തും കോലിയും
-
ട്വന്റി20 ടീമിൽ സഞ്ജു സാംസൺ തുടരും
അഹമ്മദാബാദ് ∙ ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ശുഭ്മൻ ഗില്ലിന്റെ യുഗമാണെന്ന പ്രഖ്യാപനത്തോടെ ഏകദിന ഫോർമാറ്റിലും ‘തല’മാറ്റം. രോഹിത് ശർമയ്ക്കു പകരം ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചു. 19ന് ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന 3 മത്സര പരമ്പരയിലൂടെയാണ് ഗില്ലിന്റെ ഏകദിന ക്യാപ്റ്റൻസി അരങ്ങേറ്റം. ശ്രേയസ് അയ്യരാണ് ഏകദിനത്തിലെ പുതിയ വൈസ് ക്യാപ്റ്റൻ. സൂപ്പർതാരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ടീമിലുണ്ട്. ഏകദിനത്തിനുശേഷം 29ന് ആരംഭിക്കുന്ന 5 മത്സര ട്വന്റി20 പരമ്പര ടീമിൽ സഞ്ജു സാംസൺ സ്ഥാനം നിലനിർത്തി. ട്വന്റി20 ക്യാപ്റ്റനായി സൂര്യകുമാർ യാദവ് തുടരും.
ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനും ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ശുഭ്മൻ ഗിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ലീഡർഷിപ് റോളിലേക്കെത്തുകയാണ്. 3 ഫോർമാറ്റുകളിലും ഇന്ത്യയെ ഒരുമിച്ചു നയിച്ചിരുന്ന രോഹിത്തിന്റെ ക്യാപ്റ്റൻസി കരിയറിനും ഇതോടെ കർട്ടൻ വീണു.
3 ഫോർമാറ്റുകളിൽ 3 വ്യത്യസ്ത ക്യാപ്റ്റൻമാരുമായി മുന്നോട്ടുപോകുന്നത് പ്രായോഗികമല്ലെന്നും 2027 ഏകദിന ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ടീമിലെ ക്യാപ്റ്റൻസി മാറ്റമെന്നും ചീഫ് സിലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി. എന്നാൽ രോഹിത്തും കോലിയും ലോകകപ്പ് ടീമിലുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. ഓസ്ട്രേലിയയിൽ ഗില്ലും രോഹിത്തും ബാറ്റിങ് ഓപ്പൺ ചെയ്യുമെന്നും അഗാർക്കർ അറിയിച്ചു.
ഏകദിനത്തിൽ ബുമ്രയ്ക്ക് വിശ്രമം
ഫെബ്രുവരിയിൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ജേതാക്കളായ ഏകദിന ടീമിൽ 5 മാറ്റങ്ങളുമായാണ് ഇന്ത്യ ഓസ്ട്രേലിയൻ പര്യടനത്തിന് പോകുന്നത്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ രവീന്ദ്ര ജഡേജയും വരുൺ ചക്രവർത്തിയും ടീമിലില്ല. പരുക്കു ഭേദമാകാത്ത ഋഷഭ് പന്തിനെയും ഹാർദിക് പാണ്ഡ്യയെയും പരിഗണിച്ചില്ല. കെ.എൽ.രാഹുലാണ് ഒന്നാം വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിനെ ഉൾപ്പെടുത്തി. ലോവർ മിഡിൽ ഓർഡറിലെ ബാറ്റിങ് മികവ് കണക്കിലെടുത്താണ് സഞ്ജുവിനെ മറികടന്ന് ജുറേലിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയതെന്ന് അഗാർക്കർ വ്യക്തമാക്കി.
ഏകദിന ടീം: ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, രോഹിത് ശർമ, വിരാട് കോലി, അക്ഷർ പട്ടേൽ, കെ.എൽ.രാഹുൽ, നിതീഷ്കുമാർ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ.
ട്വന്റി20 ടീം: സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, നിതീഷ്കുമാർ, ശിവം ദുബെ, അക്ഷർ പട്ടേൽ, സഞ്ജു സാംസൺ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്‌ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ.
English Summary:








English (US) ·