
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും വിരാട് കോലിയും | Photo: PTI
ഇന്ത്യന്‍ ടീമിലെ സൂപ്പര്‍താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതോടെ പരിശീലകന്‍ ഗൗതം ഗംഭീറിന് കൂടുതല്‍ അധികാരത്തോടെ പ്രവര്‍ത്തിക്കാനാകുമെന്ന് കണക്കുകൂട്ടല്‍. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരം ഇല്ലാതാക്കുമെന്ന് നേരത്തേ തന്നെ ഗംഭീര്‍ പ്രഖ്യാപിച്ചതാണ്. സൂപ്പര്‍താരങ്ങളുടെ വിരമിക്കല്‍ ഒരു തരത്തില്‍ ഗംഭീര്‍ യുഗത്തിന് കൂടിയാണ് തുടക്കമിടുന്നതെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതുവരെ മറ്റൊരു പരിശീലകനും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള അധികാരം ഗംഭീറിന് കൈവരുമെന്നും പലരും അഭിപ്രായപ്പെടുന്നു.
എക്കാലത്തും നായകന്‍മാരാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം. പരിശീലകരെക്കാള്‍ അധികാരവും പ്രാധാന്യവും ഒട്ടുമിക്കപ്പോഴും നായകന്മാര്‍ക്ക് കിട്ടാറുണ്ട്. സൗരവ് ഗാഗംഗുലി, മഹേന്ദ്ര സിങ് ധോനി, കോലി, രോഹിത് എന്നിവര്‍ നായകസ്ഥാനം വഹിക്കുന്ന സമയത്ത് ഇന്ത്യന്‍ ടീമിന്റെ അവസാനവാക്കായിരുന്നു. നായകരുമായി ഇടഞ്ഞ് പരിശീലകര്‍ പുറത്തുപോകുന്നതും കണ്ടിട്ടുണ്ട്. ബിഷന്‍ സിങ് ബേദി, ഗ്രെയ്ഗ് ചാപ്പല്‍, അനില്‍ കുംബ്ലെ എന്നിവര്‍ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങിയത് ഈ അധികാരപ്രയോഗത്തിന്റെ ഫലമായികൂടിയാണ്. അതേസമയം ജോണ്‍ റൈറ്റ്, ഗാരി ക്രിസ്റ്റണ്‍, രവി ശാസ്ത്രി എന്നിവര്‍ എതിര്‍ശബ്ദങ്ങളില്ലാതെ ടീമിനെ കൊണ്ടുപോയി.
എന്നാല്‍ ഗംഭീറിന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നാണെന്നാണ് വിലയിരുത്തല്‍. കോലിയും രോഹിത്തും പടിയിറങ്ങിയതോടെ ഇതുവരെ ഒരു പരിശീലകനും കൈവന്നിട്ടില്ലാത്ത സ്വാധീനവും അധികാരവും ടീമില്‍ ഗംഭീറിന് ലഭിക്കും. അതായത് ടീമിലെ അവസാനവാക്കായി മാറുമെന്നര്‍ഥം. ഗംഭീര്‍ യുഗം ആരംഭിക്കുകയാണെന്നും ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പുതുമുഖങ്ങളോടെയാണ് ടീം കളിക്കാനിറങ്ങുകയെന്നുമാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായേക്കുമെന്നാണ് റിപ്പോർട്ട്. ഉപനായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനേയും നിയോഗിക്കാന്‍ ബിസിസിഐ തീരുമാനമെടുത്തതായും വിവരമുണ്ട്. വിദേശ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍മാന്‍ എന്ന പരിഗണനയാണ് പന്തിന് ലഭിച്ചിരിക്കുന്നത്. ഫിറ്റ്‌നസാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിന്ന് ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് പന്ത് കാഴ്ചവെച്ചിട്ടുള്ളത്. ബുംറ ക്യാപ്റ്റനല്ലെങ്കില്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി പരിഗണിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Gautam Gambhir epoch aft Virat Kohli rohit retirement








English (US) ·